മിക്ക ഡിറ്റര്‍ജന്റുകളും നീല നിറത്തില്‍ കാണപ്പെടുന്നതിന് കാരണം

നീല നിറത്തിന് ഡിറ്റര്‍ജന്റിന്റെ ക്ലീനിംഗ് പവറുമായി യാതൊരു ബന്ധവും ഇല്ല. പിന്നെ എന്താണ് ഈ നിറത്തിന് പിന്നിലെ കാരണം

വസ്ത്രങ്ങള്‍ കഴുകാന്‍ നാം ഉപയോഗിക്കുന്ന പല ഡിറ്റര്‍ജന്റുകളും നീല നിറത്തിലാണ് ഉള്ളത് അല്ലേ?. എന്നാല്‍ ഡിറ്റര്‍ജന്റിന് നീല നിറം നല്‍കുന്നത് വെറുമൊരു കാഴ്ചാഭംഗിക്കു വേണ്ടിയല്ല. വസ്ത്രങ്ങള്‍ കൂടുതല്‍ വെളുത്തതായി തോന്നിക്കാന്‍ സഹായിക്കുന്ന ഒരു രാസശാസ്ത്രമാണ് ഇതിന് പിന്നില്‍. മിക്ക ഡിറ്റര്‍ജന്റുകളും നീല നിറത്തില്‍ കാണപ്പെടുന്നതിന് പിന്നിലെ കാരണം എന്താണ്?

ഡിറ്റര്‍ജന്റുകളിലെ നീല നിറത്തിന് വൃത്തിയാക്കലുമായി യാതൊരു ബന്ധവും ഇല്ല

ഡിറ്റര്‍ജന്റുകളുടെ നീല നിറം അവയെ കൂടുതല്‍ ശക്തമാക്കുന്ന എന്തോ അധിക ഗുണത്തെ സൂചിപ്പിക്കുന്നുവെന്നാണ് പൊതുവേ എല്ലാവരും കരുതുന്നത്. പക്ഷേ അതിന് വൃത്തിയാക്കലുമായി യാതൊരു ബന്ധവും ഇല്ല. അമേരിക്കന്‍ ക്ലീനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായത്തില്‍ ഡിറ്റര്‍ജന്റുകളില്‍ പ്രധാനമായും സര്‍ഫാക്റ്റന്റുകള്‍,എന്‍സൈമുകള്‍, മണ്ണും കറയും നീക്കം ചെയ്യുന്ന ബില്‍ഡറുകള്‍ തുടങ്ങിയ ചേരുവകള്‍ അടങ്ങിയിട്ടുണ്ട്. തുണികളില്‍ നിന്ന് അഴുക്കും എണ്ണയും കളഞ്ഞ് എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സര്‍ഫാക്റ്റന്റുകള്‍ സഹായിക്കും.

വസ്ത്രങ്ങള്‍ക്ക് കൂടുതല്‍ തിളക്കം നല്‍കുന്ന ഒപ്റ്റിക്കല്‍ മിഥ്യ

നീല നിറത്തിന് പ്രധാന കാരണം ഒപ്റ്റിക്കല്‍ ബ്രൈറ്റ്‌നറുകളുടെ ഉപയോഗമാണ്. ഇവ ഫ്‌ളൂറസെന്റ് വൈറ്റനിംഗ് ഏജന്റുകള്‍ എന്നും അറിയപ്പെടുന്നു. ആവര്‍ത്തിച്ചുള്ള തുണി കഴുകല്‍, സൂര്യപ്രകാശമേല്‍ക്കല്‍, കാലപ്പഴക്കം എന്നിവ കാരണം, വെളുത്ത വസ്ത്രങ്ങള്‍ കാലക്രമേണ മഞ്ഞനിറമായേക്കാം. ഡിറ്റര്‍ജന്റുകളിലെ നീല നിറങ്ങള്‍ മഞ്ഞ ടോണുകളെ നിര്‍വീര്യമാക്കും. കാരണം ഇവ രണ്ടും പരസ്പര പൂരക നിറങ്ങളാണ്.

സ്വര്‍ണ്ണനിറമോ നരച്ചതോ ആയ മുടിക്ക് പര്‍പ്പിള്‍ നിറത്തിലുള്ള ഷാംപൂകള്‍ ഉപയോഗിക്കുന്നതിന് പിന്നിലും ഇതേ തത്വം തന്നെയാണ്. 'കിര്‍ക്ക്-ഓത്മര്‍ എന്‍സൈക്ലോപീഡിയ ഓഫ് കെമിക്കല്‍ ടെക്‌നോളജി'യില്‍ പ്രസിദ്ധീകരിച്ച ഫ്‌ളൂറസെന്റ് വൈറ്റനിംഗ് ഏജന്റുകളെക്കുറിച്ചുള്ള ഹരോള്‍ഡ് ജെ. മക്എല്‍ഹോണിന്റെ അവലോകനം അനുസരിച്ച് ഈ സംയുക്തങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് നീലയും നീല-വയലറ്റ് വെളിച്ചവുമായി മാറുന്നു. ഇത് തുണിത്തരങ്ങള്‍ കൂടുതല്‍ തിളക്കമുള്ളതാക്കുകയും മഞ്ഞനിറത്തിന്റെ കാഠിന്യം കുറയ്ക്കുകയും ചെയ്യുന്നു.

നീല നിറം എങ്ങനെയാണ് എന്തിനെയും ഇത്ര വൃത്തിയുള്ളതായി തോന്നിപ്പിക്കുന്നത്?

നീലയുടെ ഉപയോഗം കേവലം രാസപ്രവര്‍ത്തനമല്ല. മനുഷ്യര്‍ നിറങ്ങളെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചാണ് ഇത് പറയുന്നത്. വര്‍ഷങ്ങളായി, ശുചിത്വം, പുതുമ, വിശ്വാസം എന്നിവയുമായി ബന്ധപ്പെട്ട ഏതൊരു ഉല്‍പ്പന്നവുമായും ബന്ധപ്പെട്ട് നീല ഉപയോഗിക്കുന്നു. നീല നിറം പരിശുദ്ധിയേയും ശുചിത്വത്തെയും പ്രതിനിധീകരിക്കുന്നതായി കാണപ്പെടുന്നു.

ജേണല്‍ ഓഫ് ദി അക്കാദമി ഓഫ് മാര്‍ക്കറ്റിംഗ് സയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ഉപഭോക്താക്കള്‍ ബ്രാന്‍ഡുകളെ എങ്ങനെ കാണുന്നു എന്നതില്‍ നിറം ഒരു പ്രധാന പങ്ക് വഹിക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്.. നിറങ്ങളുടെ ശരിയായ തിരഞ്ഞെടുപ്പിലൂടെ മാര്‍ക്കറ്റര്‍മാര്‍ക്ക് ഉപഭോക്താക്കളില്‍ ബ്രാന്‍ഡിനെക്കുറിച്ചുള്ള ധാരണ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് പഠനം വെളിപ്പെടുത്തി.

ചില ഡിറ്റര്‍ജന്റുകള്‍ മറ്റ് നിറങ്ങളില്‍ ലഭ്യമാകുന്നത് എന്തുകൊണ്ട്?

എല്ലാ ഡിറ്റര്‍ജന്റുകളും നീല നിറത്തില്‍ ലഭ്യമല്ല. നിര്‍മ്മാതാക്കള്‍ അവരുടെ പ്രത്യേക ബ്രാന്‍ഡ് അല്ലെങ്കില്‍ സവിശേഷത തിരിച്ചറിയാന്‍ വ്യത്യസ്ത നിറങ്ങള്‍ ഉപയോഗിക്കുന്നു. ഒരു ഉല്‍പ്പന്നം പരിസ്ഥിതി സൗഹൃദമായി വിപണനം ചെയ്യുമ്പോള്‍ അല്ലെങ്കില്‍ പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുമ്പോള്‍ പച്ച നിറം ഉപയോഗിക്കാറുണ്ട്.

പിങ്ക്, പര്‍പ്പിള്‍ ഡിറ്റര്‍ജന്റുകള്‍ പലപ്പോഴും സൗമ്യമായ, സുഗന്ധമുള്ള അല്ലെങ്കില്‍ പ്രീമിയം ഉല്‍പ്പന്നങ്ങളായി വിപണനം ചെയ്യുന്നു. ഡിറ്റര്‍ജന്റിന്റെ നിറത്തിന് കറകള്‍ വൃത്തിയാക്കുന്നതുമായി യാതൊരു ബന്ധവും ഇല്ല. ഒരു ഡിറ്റര്‍ജന്റ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ചേരുവകള്‍ പരിശോധിക്കണമെന്ന് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

Content Highlights :The blue color has nothing to do with the detergent's cleaning power. So, what is the reason behind this color?

To advertise here,contact us