ജോലി കുട്ടികള്‍ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കല്‍; ഒരൊറ്റ പേരിന് പ്രതിഫലം 26 ലക്ഷത്തിനും മുകളില്‍

ടെയ്‌ലര്‍ എന്ന യുവതിയുടെ ജോലിയും അതിന് കിട്ടുന്ന പ്രതിഫലവും വൈറലായിരിക്കുകയാണ്.

കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുന്നത് ജോലിയായി തിരഞ്ഞെടുത്തിരിക്കുകയാണ് അമേരിക്കന്‍ യുവതി ടെയ്‌ലര്‍ എ ഹംഫ്രി. കേള്‍ക്കുമ്പോള്‍ ഇത് എന്ത് ജോലി എന്ന് തോന്നിയേക്കാം. പക്ഷെ സംഭവം ചില്ലറ പണിയല്ല, ശമ്പളവും കുറച്ചേറെയാണ്.

26 ലക്ഷത്തിന് മുകളില്‍ വരെയാണ് ചില ബേബി നെയിംസിന് ടെയ്‌ലറിന് പ്രതിഫലം ലഭിച്ചിട്ടുള്ളതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നു. 200 ഡോളര്‍ അഥവാ 17000 രൂപ മുതലാണ് ടെയ്‌ലറിന്റെ സര്‍വീസ് തുടങ്ങുന്നത്. വരുന്ന ക്ലൈന്റും അവര്‍ക്ക് പേര് തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങളും അനുസരിച്ച് തുക കൂടും.

മാതാപിതാക്കളുമായി സംസാരിച്ച് അവരുടെ ഇഷ്ടങ്ങള്‍ മനസിലാക്കിയാണ് കുട്ടിയ്ക്കുള്ള പേര് ടെയ്‌ലര്‍ നിര്‍ദേശിക്കുക. ഇതില്‍ 200 ഡോളറിന്റെ പാക്കേജാണെങ്കില്‍ പേരുകള്‍ക്കുള്ള നിരവധി ഓപ്ഷന്‍സുമായി ഇമെയില്‍ അയക്കും.

26 ലക്ഷത്തിന്റെ എക്‌സ്‌ക്ലൂസീവ് പാക്കേജാണെങ്കില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകും. പേരിന്റെ ജീനിയോളജി സംബന്ധിച്ച റിസര്‍ച്ചുകളും കുട്ടിയുടെ പേര് ബ്രാന്‍ഡ് ചെയ്യുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. സെലിബ്രിറ്റികളുടെ മക്കള്‍ക്കായാണ് ഇത്തരത്തിലുള്ള സേവനം കൂടുതലായി ആവശ്യപ്പെടുന്നതെന്ന് ടെയ്‌ലര്‍ പറയുന്നു.

2021ലാണ് ടെയ്‌ലര്‍ ഇത്തരത്തില്‍ ബേബി നെയിം നിര്‍ദേശിക്കുന്നതിലേക്ക് പ്രൊഫഷണലായി എത്തുന്നത്. മാര്‍ക്കറ്റിങ്ങും ബ്രാന്‍ഡിങ്ങുമായി ബന്ധപ്പെട്ടായിരുന്നു ടെയ്‌ലര്‍ അതുവരെ ജോലി ചെയ്തിരുന്നത്. ചെറുപ്പം തൊട്ടേ പേരുകളോടും അവയ്ക്ക് പിന്നിലെ കഥകളോടും ഏറെ താല്‍പര്യമുള്ള ആളായിരുന്നു താനെന്ന് ടെയ്‌ലര്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് ചെയ്തിരുന്ന വീഡിയോസിന്റെ പേരില്‍ പലപ്പോഴും കളിയാക്കലുകള്‍ കേള്‍ക്കേണ്ടി വന്നെങ്കിലും പിന്നീട് ആളുകള്‍ ടെയ്‌ലറിനെ തേടിവരാന്‍ തുടങ്ങി. ഒരു ലക്ഷത്തിലേറെ പേരാണ് ടിക് ടോക്കില്‍ ടെയ്‌ലറിനെ ഫോളോ ചെയ്യുന്നത്. 500ലേറെ കുട്ടികള്‍ക്ക് ഇവര്‍ പേരിട്ടും കഴിഞ്ഞു.

പേരിടുക എന്ന ഒറ്റവരിയില്‍ ഒതുങ്ങുന്നതല്ല തന്റെ ജോലിയെന്നും ടെയ്‌ലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാതാപിതാക്കളുമായി സംസാരിക്കുമ്പോള്‍ പലപ്പോഴും മീഡിയേറ്ററുടെയും തെറാപ്പിസ്റ്റിന്റെയും റോളുകള്‍ വരെ തനിക്ക് ചെയ്യേണ്ടി വരാറുണ്ടെന്നാണ് ടെയ്‌ലറിന്റെ വാക്കുകള്‍. എങ്കിലും ഇപ്പോഴും തന്നെ ഏറെ പേര്‍ ഓണ്‍ലൈനില്‍ കളിയാക്കാറുണ്ടെന്നും എന്നാല്‍ അവര്‍ തന്നെ റോസ്റ്റ് ചെയ്യുന്ന വീഡിയോസിലൂടെ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ കഴിയുന്നു എന്നും ടെയ്‌ലര്‍ പറയുന്നു.

Content Highlights: Sanfrancisco women gets 26 lakh for helping parents to name their baby

To advertise here,contact us