വെനീസിലെ ആഡംബര വിവാഹം; കോടീശ്വരന്‍ ജെഫിന്റെ കുടുംബപ്പേര് സ്വീകരിച്ച് സാഞ്ചസ്

ആമസോണ്‍ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജെഫ് ബെസോസും ലോറന്‍ സാഞ്ചസും ഔദ്യോഗികമായി വിവാഹിതരായി

ആമസോണ്‍ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജെഫ് ബെസോസും ലോറന്‍ സാഞ്ചസും ഔദ്യോഗികമായി വിവാഹിതരായി. ഇറ്റലിയിലെ വെനീസില്‍ വെച്ച് നടന്ന ആഡംബര വിവാഹത്തിന്റെ ചിത്രങ്ങള്‍ വധു ലോറന്‍ സാഞ്ചസ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മക്കെന്‍സി സ്‌കോട്ടുമായുള്ള 25 വര്‍ഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചാണ് ബെസോസ് സാഞ്ചസിനെ വിവാഹം കഴിച്ചിരിക്കുന്നത്. മുന്‍ വാര്‍ത്താ അവതാരകനായ സാഞ്ചസ് നേരത്തെ പാട്രിക് വൈറ്റ്‌സെല്ലിനെ വിവാഹം കഴിച്ചിരുന്നു.

നിരവധി കോടീശ്വരന്മാരും എ ലിസ്റ്റ് സെലിബ്രിറ്റികളും പങ്കെടുത്ത ചടങ്ങില്‍ കുറഞ്ഞത് 40 മില്യണ്‍ യൂറോ അല്ലെങ്കില്‍ 46 മില്യണ്‍ ഡോളര്‍ ആണ് വിവാഹത്തിന് ചെലവായതെന്നാണ് സൂചന. സാന്‍ ജോര്‍ജിയോ മാഗിയോര്‍ ദ്വീപില്‍ വച്ചുനടന്ന താരനിബിഡമായ വിവാഹത്തിന് ലോറന്‍ സാഞ്ചസ് തിരഞ്ഞെടുത്തത് ബോഡികോണ്‍ ഷേപ്പിലുള്ള പരമ്പരാഗത വെളുത്ത ലെയ്‌സ് ഗൗണ്‍ വസ്ത്രമാണ്.

വിവാഹ ഫോട്ടോ പങ്കുവച്ചതിന് ശേഷം സാഞ്ചസ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ മറ്റെല്ലാ ഫോട്ടോകളും ആര്‍ക്കൈവ് ചെയ്തു. കൂടാതെ സാഞ്ചസ് തന്റെ പേരിനൊപ്പം ഭര്‍ത്താവിന്റെ കുടുംബപ്പേരും സ്വീകരിച്ചു. ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് സൂചിക പ്രകാരം 238 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ജെഫ് ബെസോസ് നിലവില്‍ ലോകത്തിലെ മൂന്നാമത്തെ ധനികനാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ്, ഭര്‍ത്താവ് ജാരെഡ് കുഷ്നര്‍, ഓപ്ര വിന്‍ഫ്രി, കിം കര്‍ദാഷിയാന്‍, ക്രിസ് ജെന്നര്‍ കൂടാതെ കൈലി, കെന്‍ഡല്‍ ജെന്നര്‍, ഒര്‍ലാന്‍ഡോ ബ്ലൂം എന്നിവരും അതിഥികളായി എത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് സാമൂഹിക പ്രവര്‍ത്തകയായ നടാഷ പൂനവല്ലയും സംരംഭകയായ മോണ പട്ടേലും വിവാഹത്തില്‍ പങ്കെടുത്തു. അതിഥികള്‍ക്കായി വെനീസിലെ എക്‌സ്ക്ലൂസീവ് ഹോട്ടലുകളാണ് ബുക്ക് ചെയ്തത്.

Content Highlights: Jeff Bezos and Lauren Sanchez are now married

To advertise here,contact us