മാര്‍പ്പാപ്പയുടെ ഔദ്യോഗിക വസതിയായ അപ്പോസ്തോലിക കൊട്ടാരത്തിലെ കാഴ്ചകള്‍

അപ്പോസ്തോലിക കൊട്ടാരത്തിലെ ജീവിതം എങ്ങനെയുള്ളതാണ്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തെത്തുടര്‍ന്ന് മാര്‍പാപ്പയുടെ കൊട്ടാരമായ അപ്പോസ്തോലിക കൊട്ടാരം അഥവാ പേപ്പല്‍ കൊട്ടാരം സീല്‍ ചെയ്തിരുന്നു. എന്നാലിതാ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും തുറന്നിരിക്കുകയാണ്. ഈ അപ്പോസ്തോലിക പാലസാണ് മാര്‍പാപ്പയുടെ ഔദ്യോഗിക വസതി. ദരിദ്രരുടെ പ്രതിനിധിയായി സ്വയം കല്പിച്ചിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ പേപ്പല്‍ കൊട്ടാരത്തിലായിരുന്നില്ല കഴിഞ്ഞിരുന്നത്. കൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ ത്യജിച്ച് വത്തിക്കാന്‍ ഗസ്റ്റ്ഹൗസില്‍ എളിമയുള്ള ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം മാര്‍പാപ്പമാരുടെ കൊട്ടാരമായ അപ്പോസ്തോലിക കൊട്ടാരം ആചാരത്തിന്റെ ഭാഗമായി തുറന്നിരിക്കുകയാണ്.

കൊട്ടാരത്തിലെ കാഴ്ചകള്‍

പേപ്പല്‍ കൊട്ടാരം എന്നും അറിയപ്പെടുന്ന അപ്പോസ്തോലിക കൊട്ടാരം പോപ്പിന്റെ പരമ്പരാഗത വസതിയായി കണക്കാക്കപ്പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ കൊട്ടാരം നിര്‍മ്മിച്ചത്. ഉയര്‍ന്ന നവോത്ഥാന ശൈലിയില്‍ വാസ്തുശില്‍പിയായ ഡൊണാറ്റോ ബ്രമാന്‌റേയാണ് ഈ കൊട്ടാരം നിര്‍മ്മിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിലാണ് ഇത് പോപ്പുമാരുടെ ഔദ്യോഗിക വസതിയായി മാറുന്നത്. കൊട്ടാരത്തില്‍ പോപ്പിന്റെ നിരവധി ഓഫീസുകള്‍, മ്യൂസിയങ്ങള്‍, വത്തിക്കാന്‍ ലൈബ്രറി. പ്രശസ്തമായ സിസ്‌റ്റെന്‍ ചാപ്പല്‍ ഉള്‍പ്പടെയുള്ളവയുണ്ട്.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന്റെ കൊളോണേഡിന് തൊട്ടുമുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മാലാഖമാര്‍ വരുന്നുവെന്ന് കരുതുന്ന പരമ്പരാഗതമായ ഒരു ജനാലയും അവിടെയുണ്ട്. കൊട്ടാരത്തില്‍ ഒരു സിറ്റിംഗ് റൂം, ഒരു പഠനമുറി, ഒരു കിടപ്പുമുറി, ഒരു മെഡിക്കല്‍ ക്ലിനിക്ക് എന്നിവയുള്‍പ്പെടെ നിരവധി മുറികളാണുള്ളത്.

പോപ്പ് ലിയോയുടെ തിരഞ്ഞെടുപ്പോടുകൂടി അടഞ്ഞു കിടന്ന കൊട്ടാരം വീണ്ടും തുറന്നപ്പോള്‍ പുതിയതായി പുറത്തുവന്ന ഫോട്ടോകളിലൂടെ തേര്‍ഡ് ലോഗ്ഗിയ എന്ന് അറിയപ്പെടുന്ന മൂന്നാം നില, പോപ്പിന്റെ ഭാവി താമസ സ്ഥലം, ലൈബ്രറി, അപ്പാര്‍ട്ട്‌മെന്റുകളിലെ സ്വകാര്യ ചാപ്പലുകള്‍ എന്നിവയൊക്കെ ആളുകള്‍ക്ക് കാണാന്‍ കഴിഞ്ഞു.

പോപ്പ് ലിയോ എവിടെയായിരിക്കും താമസിക്കുക

കൊട്ടാരത്തിലെ ആഡംബര ജീവിതത്തേക്കാള്‍ വത്തിക്കാന്‍ ഗസ്റ്റ് ഹൗസിലെ എളിയ ജീവിതമാണ് വിലമതിച്ചിരുന്നതെന്നുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇഷ്ടത്തോട് യോജിക്കുന്ന തരത്തിലുളള തീരുമാനം തന്നെയാണ് ലിയോ പോപ്പിന് ഉളളതെന്ന് പറയപ്പെടുന്നു.

അടുത്തിടെ വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ 'ബിഷപ്പ് തന്റെ രാജ്യത്ത് ഇരിക്കുന്ന രാജകുമാരനായിരിക്കരുത്, മറിച്ച് എളിമയുള്ളവനായിരിക്കാനും, താന്‍ സേവിക്കുന്ന ആളുകളോട് അടുത്തിരിക്കാനും അവരോടൊപ്പം നടക്കാനും അവരോടൊപ്പം കഷ്ടപ്പെടാനും വേണ്ടിയുളളവനാണെന്ന് ' പോപ്പ് ലിയോ പറഞ്ഞിരുന്നു. അതിനാല്‍ വത്തിക്കാന്‍ ഗസ്റ്റ് ഹൗസിലായിരിക്കും അദ്ദേഹം താമസിക്കാനുള്ള സാധ്യതയെന്നാണ് പറയപ്പെടുന്നത്.

Content Highlights :

To advertise here,contact us