ആന്റിബയോട്ടിക്കുകൾക്ക് ശക്തി കുറയുന്നു; അണുബാധകൾ ചികിത്സിക്കാൻ വെല്ലുവിളി; മുന്നറിയിപ്പുമായി ICMR

സാധാരണ അണുബാധകള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ പോലും ഫലിക്കാത്ത സാഹചര്യം. ശക്തമായ ആന്റിബയോട്ടിക്കുകളോടും പ്രതിരോധം തീര്‍ത്ത് ബാക്ടീരിയകള്‍. മരുന്നുകളുടെ അമിതവും തെറ്റായതുമായ ഉപയോഗം നിയന്ത്രിക്കേണ്ടത് അനിവാര്യമായിത്തീരുകയാണ്

അണുബാധകള്‍ ചികിത്സിക്കാന്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന ആന്റിബയോട്ടിക്കുകള്‍ക്ക് ഫലപ്രാപ്തി കുറയുന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ICMR) പുതിയ റിപ്പോര്‍ട്ട്. ചില ബാക്ടീരിയകള്‍ സാധാരണ മരുന്നുകളോട് മാത്രമല്ല, ഗുരുതരമായ അണുബാധകള്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ശക്തമായ ആന്റിബയോട്ടിക്കുകളോടും പ്രതിരോധം പ്രകടിപ്പിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഐസിഎംആറിന്റെ 'ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സര്‍വെയ്ലന്‍സ് ആന്‍ഡ് റിസര്‍ച്ച് നെറ്റ്വര്‍ക്ക്' പുറത്തിറക്കിയ 2025-ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകള്‍. വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികളില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇ. കോളി ബാക്ടീരിയയുമായി ബന്ധപ്പെട്ട ആശങ്കകള്‍

മൂത്രനാളിയിലെ അണുബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഇ. കോളി (E. coli) ബാക്ടീരിയയാണ് റിപ്പോര്‍ട്ടില്‍ പ്രധാന ആശങ്കയായി പറയുന്നത്. സാധാരണയായി ഉപയോഗിക്കുന്ന ചില ആന്റിബയോട്ടിക്കുകളോട് ഈ ബാക്ടീരിയയുടെ വലിയൊരു വിഭാഗം പ്രതികരിക്കുന്നില്ലെന്നാണ് പരിശോധനാഫലം. ഇ. കോളി സാമ്പിളുകളില്‍ സെഫോട്ടാക്‌സിമിനോട് പ്രതികരിച്ചത് 18.4 ശതമാനം മാത്രമാണ്. സെഫ്റ്റാസിഡിമിനോട് പ്രതികരിച്ചത് 24.7 ശതമാനവും സിപ്രോഫ്‌ലോക്‌സാസിനോട് പ്രതികരിച്ചത് വെറും ഒന്‍പത് ശതമാനവും സാമ്പിളുകളാണ്. ഇത്തരം സാഹചര്യങ്ങളില്‍ അണുബാധയ്ക്ക് അനുയോജ്യമായ മരുന്ന് കണ്ടെത്തുന്നത് ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ വെല്ലുവിളിയാകാം.

ശക്തമായ ആന്റിബയോട്ടിക്കുകളോടും പ്രതിരോധം

ഗുരുതരമായ അണുബാധകളില്‍ ഉപയോഗിക്കുന്ന 'കാര്‍ബപെനങ്ങള്‍' എന്ന വിഭാഗത്തിലെ ആന്റിബയോട്ടിക്കുകളോടും ചില ബാക്ടീരിയകള്‍ പ്രതിരോധം പ്രകടിപ്പിക്കുന്നുണ്ട്. ക്ലെബ്‌സിയെല്ല ന്യുമോണിയേ (Klebsiella pneumoniae) ബാക്ടീരിയയുടെ സാമ്പിളുകളില്‍ 36.5 മുതല്‍ 40.4 ശതമാനം വരെ മാത്രമാണ് കാര്‍ബപെനങ്ങളോട് പ്രതികരിച്ചത്. തീവ്രപരിചരണ വിഭാഗങ്ങളിലെ (ICU) സാമ്പിളുകളില്‍ സ്ഥിതി കൂടുതല്‍ ആശങ്കാജനകമായിരുന്നു.അതേസമയം, ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ അണുബാധയ്ക്ക് കാരണമാകുന്ന അസിനെറ്റോബാക്ടര്‍ ബൗമാനി (Acinetobacter baumannii) സാമ്പിളുകളില്‍ 91.1 ശതമാനവും കാര്‍ബപെനങ്ങളോട് പ്രതിരോധം പ്രകടിപ്പിച്ചു. ഇതോടെ ചില അണുബാധകള്‍ക്ക് ഫലപ്രദമായ ചികിത്സ കണ്ടെത്തുക കൂടുതല്‍ പ്രയാസകരമാകാം.

എന്താണ് ആന്റിബയോട്ടിക് പ്രതിരോധം?

ബാക്ടീരിയകളെ നശിപ്പിക്കാനോ അവയുടെ വളര്‍ച്ച തടയാനോ ഉപയോഗിക്കുന്ന മരുന്നുകളാണ് ആന്റിബയോട്ടിക്കുകള്‍. എന്നാല്‍ കാലക്രമേണ ചില ബാക്ടീരിയകള്‍ ഈ മരുന്നുകളെ അതിജീവിക്കാനുള്ള കഴിവ് വികസിപ്പിക്കുന്നു. ഇതിനെയാണ് ആന്റിബയോട്ടിക് പ്രതിരോധം (Antibiotic Resistance) എന്നു പറയുന്നത്. ഇത്തരത്തില്‍ പ്രതിരോധശേഷി നേടിയ ബാക്ടീരിയകള്‍ മൂലമുള്ള അണുബാധകള്‍ ചികിത്സിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകാം. ശരിയായ മരുന്ന് കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വരാനും ചികിത്സ വൈകാനും സാധ്യതയുണ്ട്. എല്ലാ ബാക്ടീരിയകളും എല്ലാ ആന്റിബയോട്ടിക്കുകളോടും പ്രതിരോധം നേടിയെന്നല്ല ഇതിനര്‍ഥം. ഏത് മരുന്ന് ഫലപ്രദമാകുമെന്നത് അണുബാധയ്ക്ക് കാരണമായ ബാക്ടീരിയയെയും അതിന്റെ മരുന്നുകളോടുള്ള പ്രതികരണത്തെയും ആശ്രയിച്ചിരിക്കുന്നു.

ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

  • ആവശ്യമില്ലാത്തപ്പോള്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതും ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്നുകള്‍ കഴിക്കുന്നതും ഒഴിവാക്കണം.
  • വൈറസ് മൂലമുള്ള ജലദോഷം പോലുള്ള രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ പൊതുവെ ഫലപ്രദമല്ല.
  • ഡോക്ടര്‍ നിര്‍ദേശിച്ച രീതിയില്‍ മരുന്നുകള്‍ ഉപയോഗിക്കുകയും ചികിത്സയില്‍ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുകയും വേണം.
  • ഗുരുതരമായ അണുബാധകളില്‍ ആവശ്യമായ ലബോറട്ടറി പരിശോധനകള്‍ വഴി രോഗകാരിയെയും ഫലപ്രദമായ മരുന്നിനെയും തിരിച്ചറിയുന്നത് ചികിത്സയ്ക്ക് സഹായകരമാണ്.

Content Highlights :Bacteria have developed resistance even to powerful antibiotics. It has become essential to curb the excessive and improper use of medicines

To advertise here,contact us