പനി വന്നാല്‍ കുളിക്കരുതെന്ന് വീട്ടിലെ മുതിര്‍ന്നവര്‍ പറയുന്നത് പലരും കേട്ടിട്ടുണ്ടാകും. പ്രത്യേകിച്ച് പനി കൂടുതലാണെങ്കില്‍ വെള്ളം തൊടുന്നതുപോലും ഒഴിവാക്കണമെന്ന് കരുതുന്നവരും കുറവല്ല. എന്നാല്‍ പനി വന്നാല്‍ കുളിക്കുന്നത് ശരിക്കും അപകടകരമാണോ? അതോ കുളിക്കാമോ?സാധാരണയായി 38 ഡിഗ്രി സെല്‍ഷ്യസോ അതിന് മുകളിലോ ശരീര താപനില ഉയര്‍ന്നാല്‍ അതിനെ പനിയായി കണക്കാക്കാം. പലപ്പോഴും അണുബാധയ്ക്കെതിരായ ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമായാണ് പനി ഉണ്ടാകുന്നത്.
പനി ഉണ്ടെന്ന കാരണത്താല്‍ മാത്രം കുളിക്കുന്നത് ഒഴിവാക്കേണ്ടതില്ല. എന്നാല്‍ കുളിക്കുന്ന വെള്ളത്തിന്റെ താപനിലയും കുളിക്കുന്ന രീതിയും ശ്രദ്ധിക്കണം. ശരീരം തണുപ്പിക്കാന്‍ എന്ന പേരില്‍ വളരെ തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. തണുത്ത വെള്ളം ശരീരത്തിന് വിറയലുണ്ടാക്കാം. ഈ വിറയല്‍ ശരീരത്തിന്റെ ആന്തരിക താപനില വീണ്ടും ഉയരാന്‍ കാരണമാകാം. അതുകൊണ്ടുതന്നെ പനി കുറയ്ക്കാന്‍ ഐസ് വെള്ളത്തിലോ വളരെ തണുത്ത വെള്ളത്തിലോ കുളിക്കുന്നത് നല്ലതല്ല.
വളരെ ചൂടോ വളരെ തണുപ്പോ ഇല്ലാത്ത ഇളംചൂടുവെള്ളം ഉപയോഗിക്കാം. ഇത്തരത്തിലുള്ള കുളി ശരീരത്തിന് അസ്വസ്ഥത കുറയ്ക്കാനും വിയര്‍പ്പും ശരീരത്തിലെ ചൂടും മൂലമുള്ള അസ്വസ്ഥത കുറയ്ക്കാനും സഹായിച്ചേക്കാം.എന്നാല്‍ കുളിക്കുന്നതുകൊണ്ട് പനിയുടെ യഥാര്‍ഥ കാരണം മാറുന്നില്ല. ഉദാഹരണത്തിന് വൈറല്‍ അണുബാധ കാരണമുള്ള പനിയാണെങ്കില്‍ കുളിച്ചതുകൊണ്ട് അണുബാധ മാറില്ല. ശരീരത്തിന് വിശ്രമം നല്‍കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും പനിയുടെ കാരണം അനുസരിച്ചുള്ള ചികിത്സ സ്വീകരിക്കുകയും ചെയ്യുന്നതാണ് പ്രധാനം.
പനി കുറയ്ക്കാന്‍ ചൂടുള്ള ശരീരം പെട്ടെന്ന് തണുപ്പിക്കുന്നത് എല്ലായ്പ്പോഴും നല്ലതല്ല. പ്രത്യേകിച്ച് ഐസ് വെള്ളം, വളരെ തണുത്ത വെള്ളം എന്നിവ ഉപയോഗിക്കുന്നത് വിറയലുണ്ടാക്കുകയും അസ്വസ്ഥത കൂട്ടുകയും ചെയ്യാം.
അതുപോലെ പനി വന്നാല്‍ ശരീരം വിയര്‍ക്കുന്ന രീതിയില്‍ കട്ടിയുള്ള വസ്ത്രങ്ങളും പുതപ്പുകളും ഉപയോഗിച്ച് പൊതിഞ്ഞുകിടക്കുന്നതും ഒഴിവാക്കണം. പനി ഉള്ളപ്പോള്‍ അധികം ചൂടാകാതെയുള്ള കട്ടികുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും മുറിയില്‍ സുഖകരമായ താപനില നിലനിര്‍ത്തുകയും ചെയ്യുക.
പനി ഉള്ളപ്പോള്‍ കുളിക്കാന്‍ തീരുമാനിച്ചാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
കുളിക്കണോ വേണ്ടയോ എന്നതിലുപരി വിശ്രമിക്കുകയും വെള്ളം കുടിക്കുന്നതുമാണ് പ്രധാനപ്പെട്ടത്. ശരീരത്തിന് ആവശ്യത്തിന് വിശ്രമം നല്‍കുക. വെള്ളം, സൂപ്പ് തുടങ്ങിയ ദ്രാവകങ്ങള്‍ കുടിക്കുക. അസ്വസ്ഥത കൂടുതലാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പനി കുറയ്ക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കാം.
പനി മാത്രം ഉണ്ടെന്ന് കരുതി സ്വയം ആന്റിബയോട്ടിക് കഴിക്കുന്നത് ഒഴിവാക്കണം. കാരണം പനിയുടെ കാരണം വൈറല്‍ അണുബാധയാണോ ബാക്ടീരിയല്‍ അണുബാധയാണോ എന്നത് മനസിലാക്കി വേണം ചികിത്സ തീരുമാനിക്കാന്‍.
പനി തുടരുകയോ കൂടുകയോ ചെയ്യുകയാണെങ്കില്‍ വൈദ്യസഹായം തേടണം. അതോടൊപ്പം ശ്വാസതടസം, നെഞ്ചുവേദന, ശക്തമായ തലവേദന, ആശയക്കുഴപ്പം, തുടര്‍ച്ചയായ ഛര്‍ദി, ശരീരത്തില്‍ വെള്ളം കുറയുന്നതിന്റെ ലക്ഷണങ്ങള്‍, ചര്‍മ്മത്തില്‍ അസാധാരണമായ ചൊറിച്ചിലോ പാടുകളോ തുടങ്ങിയവ ഉണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടതാണ്.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. മെഡിക്കല്‍ ഉപദേശത്തിന് പകരമാകില്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :Can you bathe when you have a fever? What are the main things to do when you have a fever? What precautions should be taken while bathing?