ഭാവിയില്‍ കഷണ്ടി വരാന്‍ ചാന്‍സ് ഉണ്ടോ?; കഷണ്ടി വരും മുന്‍പ് ശരീരം നല്‍കുന്ന സൂചനകള്‍

മുടികൊഴിച്ചില്‍ ആരംഭിക്കുമ്പോള്‍ തന്നെ ചിലര്‍ക്കൊക്കെ ഭയമാണ്. ഇനി മുടിയെല്ലാം പോയി കഷണ്ടിയാകുമോ എന്നോര്‍ത്ത്

തിരക്കേറിയ ജീവിതശൈലിയും സമ്മര്‍ദ്ദവും കൊണ്ട് ചെറുപ്പക്കാരിലടക്കം മുടികൊഴിച്ചില്‍ സാധാരണയായി മാറിക്കൊണ്ടിരിക്കുകയാണ്. മുടി അമിതമായി കൊഴിയുമ്പോള്‍ പലര്‍ക്കും ഉണ്ടാകുന്ന സംശയമാണ് ഇനി കഷണ്ടി വരുമോ എന്നുള്ളത്. എന്നാല്‍ സാധാരണയായി മുടികൊഴിയുന്നതുകൊണ്ട് കഷണ്ടി ഉണ്ടാവണമെന്നില്ല. പകരം ശരീരം മറ്റ് പല ലക്ഷണങ്ങളും കാണിക്കാറുണ്ട്. ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ആദ്യകാല ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുന്നത് കഷണ്ടി തടയാന്‍ സഹായിക്കും എന്നാണ്.

മുടികൊഴിച്ചിലും അവയുടെ കാരണങ്ങളും

കഷണ്ടി എന്നാല്‍ സാധാരണയായി തലയോട്ടിയില്‍ നിന്നുള്ള അമിതമായ മുടി കൊഴിച്ചിലിനെയാണ് സൂചിപ്പിക്കുന്നത്. പ്രായത്തിനനുസരിച്ച് പാരമ്പര്യമായി മുടി കൊഴിച്ചില്‍ ഉണ്ടാകുന്നതാണ് കഷണ്ടിയുടെ ഏറ്റവും സാധാരണ കാരണം. കഷണ്ടിയുടെ ആദ്യ ലക്ഷണം മുടി കൊഴിയുന്നതാണ്. മുടിയുടെ കനം പെട്ടെന്ന് കുറയുന്നില്ല പകരം പതുക്കെ കുറഞ്ഞുവരുന്നു. അങ്ങനെ വരുമ്പോള്‍ മുടിയുടെ ആരോഗ്യം മോശമായിത്തുടങ്ങുന്നുവെന്ന് മനസിലാക്കാം.

തലയുടെ മുകള്‍ ഭാഗത്തുണ്ടാകുന്ന മുടി കൊഴിച്ചില്‍

പ്രായമാകുമ്പോള്‍ ആളുകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ മുടികൊഴിച്ചില്‍ ഇതാണ്. പുരുഷന്മാരില്‍ നെറ്റിയിലെ രോമരേഖയില്‍ പലപ്പോഴും രോമം കുറയാന്‍ തുടങ്ങും. പ്രായമായ സ്ത്രീകളില്‍ വര്‍ദ്ധിച്ചുവരുന്ന ഒരു സാധാരണ മുടികൊഴിച്ചില്‍ രീതി മുടിയുടെ പിന്‍ഭാഗം (ഫ്രണ്ടല്‍ ഫൈബ്രോസിംഗ് അലോപ്പീസിയ)ത്ത് മുടികൊഴിയുന്നതാണ്.

വൃത്താകൃതിയില്‍ മുടി കൊഴിയുന്നത്

ചിലരുടെ തലയോട്ടിയിലോ താടിയിലോ പുരികത്തിലോ വൃത്താകൃതിയിലുള്ളതോ പൊട്ടുന്നതോ ആയ കഷണ്ടി പാടുകള്‍ ഉണ്ടായാല്‍ മുടി കൊഴിയും. മുടി കൊഴിയുന്നതിന് മുമ്പ് നിങ്ങളുടെ ചര്‍മ്മത്തില്‍ ചൊറിച്ചിലോ വേദനയോ ഉണ്ടാകാം.

പെട്ടെന്നുള്ള മുടികൊഴിച്ചില്‍

ശാരീരികമോ വൈകാരികമോ ആയ ആഘാതം മുടി കൊഴിയാന്‍ കാരണമാകും. മുടി ചീകുമ്പോഴോ കഴുകുമ്പോഴോ അല്ലെങ്കില്‍ മുടിയില്‍ മൃദുവായി വലിക്കുമ്പോഴോ ഒരുപിടി രോമങ്ങള്‍ കൊഴിഞ്ഞു വന്നേക്കാം. ഇത്തരത്തിലുള്ള മുടി കൊഴിച്ചില്‍ സാധാരണയായി മുടി മൊത്തത്തില്‍ കനം കുറയുന്നതിന് കാരണമാകുമെങ്കിലും അത് താല്‍ക്കാലികമാണ്.

ഡോക്ടറെ കാണേണ്ടത് എപ്പോള്‍

പ്രായമായവരിലോ കുട്ടികളിലോ തുടര്‍ച്ചയായ മുടികൊഴിച്ചില്‍ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്. സ്ത്രീകള്‍ക്ക് 'ഫ്രണ്ടല്‍ ഫൈബ്രോസിംഗ് അലോപ്പീസിയ' ഉണ്ടെങ്കില്‍ സ്ഥിരമായ കഷണ്ടി വരുന്നത് ഒഴിവാക്കാന്‍ ചികിത്സതേടേണ്ടതാണ്.അതുപോലെ മുടി ചീകുമ്പോഴോ കഴുകുമ്പോഴോ പൊട്ടുന്ന തരത്തില്‍ മുടികൊഴിച്ചില്‍ അനുഭവപ്പെടുകയാണെങ്കില്‍ മുടികൊഴിച്ചിലിന് ചികിത്സ ലഭിക്കേണ്ട അവസ്ഥയാണെന്ന് മനസിലാക്കാം.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയുള്ളതാണ്. ഇത് മെഡിക്കല്‍ ഉപദേശത്തിന് പകരമാകില്ല. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.)

Content Highlights: Hair loss is becoming more common, including among young people, due to busy lifestyles and stress.

To advertise here,contact us