പ്രമേഹം ഉണ്ടാകാന്‍ സാധ്യതയുളള രക്തഗ്രൂപ്പുകാര്‍ ഇവരാണ്; പഠനം പറയുന്നത് ഇങ്ങനെ

പുതിയതായി നടന്ന ഗവേഷണങ്ങളിലാണ് ടൈപ്പ് 2 പ്രമേഹവും ബ്ലഡ്ഗ്രൂപ്പും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നത്

രക്തഗ്രൂപ്പും ചില ആരോഗ്യ ഘടകങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് മുന്‍പ് പല ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രക്തഗ്രൂപ്പുകളും പ്രമേഹവും തമ്മില്‍ ബന്ധമുണ്ടോ? . ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഈ അടുത്ത് നടന്ന ഒരു പഠനം. പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ബി രക്തഗ്രൂപ്പ് ഉള്ള ആളുകള്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത അല്‍പം കൂടുതലാണെന്നാണ്. 2024ല്‍ നടത്തിയ ഒരു പഠനത്തില്‍ രക്തഗ്രൂപ്പുകളും രോഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുളള ഡാറ്റ വിശകലനം ചെയ്തിരുന്നു.

ബി രക്തഗ്രൂപ്പുള്ള(പോസിറ്റീവ്, നെഗറ്റീവ്)വ്യക്തികള്‍ക്ക് മറ്റ് രക്തഗ്രൂപ്പുകളിലുള്ള ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത 28 ശതമാനം കൂടുതലാണെന്ന് കണ്ടെത്തലുകള്‍ പറയുന്നു. ഇക്കാര്യം ആശങ്കാജനകമാണെന്ന് തോന്നുമെങ്കിലും ഈ ബ്ലഡ് ഗ്രൂപ്പുകാര്‍ക്ക് പ്രമേഹം വരാനുളള സാധ്യത മറ്റ് ചില കാരണങ്ങളെക്കൂടി ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന് ശാരീരികമായി അധ്വാനമില്ലാത്തവരോ അമിത ശരീരഭാരം ഉള്ളവരോ ആണെങ്കില്‍ ഇത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കും.

ചുവന്ന രക്താണുക്കളുടെ ഉപരിതലത്തില്‍ കാണപ്പെടുന്ന പ്രത്യേക ആന്റിജനുകള്‍, ചെറിയ പഞ്ചസാര തന്‍മാത്രകള്‍ എന്നിവയാണ് രക്തഗ്രൂപ്പുകളെ നിര്‍ണയിക്കുന്നത്. ഈ ആന്റിജനുകള്‍ രോഗപ്രതിരോധശേഷി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ സ്വാധീനിക്കുകയും നീര്‍വീക്കം,മെറ്റബോളിസം , കുടല്‍ബാക്ടീരിയകളുടെ ഘടന എന്നിവ പോലെയുളള കാര്യങ്ങളെ ബാധിക്കുകയും ചെയ്‌തേക്കാം.

വ്യത്യസ്ത രക്തഗ്രൂപ്പുകളുള്ള ആളുകളുടെ ദഹനവ്യവസ്ഥയില്‍ വ്യത്യസ്ത രീതിയിലുള്ള ബാക്ടീയല്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നും ഇത് ശരീരം ഗ്ലൂക്കോസ് പ്രോസസ് ചെയ്യുന്ന രീതിയെ സ്വാധീനിക്കുമെന്നും ആദ്യകാല ഗവേഷണത്തിലെ തെളിവുകള്‍ സൂചിപ്പിക്കുന്നുണ്ട്. എങ്കിലും ഇതിന് കൃത്യമായ വിലയിരുത്തല്‍ ഇനിയും ആവശ്യമാണ്.

ടൈപ്പ് 2 പ്രമേഹവും ജീവിതശൈലിയും

ടൈപ്പ്-2 പ്രമേഹം ഉണ്ടാകാനുള്ള ഏറ്റവും ശക്തമായ കാരണങ്ങളിലൊന്ന് ഏപ്പോഴും ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ അമിത ശരീരഭാരവും സംസ്‌കരിച്ച ഭക്ഷണങ്ങളുടെയും പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങളുടെ ഉപയോഗവും അപകട സാധ്യത ഗണ്യമായി കുറയ്ക്കുന്നു.

ബി രക്തഗ്രൂപ്പുകള്‍ ഉള്ളവരാണെങ്കില്‍ എന്തൊക്കെ ശ്രദ്ധിക്കണം

ബി രക്തഗ്രൂപ്പുകള്‍ ഉള്ളവരാണെങ്കില്‍ ആശങ്കയുടെ ആവശ്യമില്ല. പക്ഷേ ബോധവത്കരണം ആവശ്യമാണ്. നിങ്ങള്‍ ബി രക്തഗ്രൂപ്പുകള്‍ ഉളളവരാണെങ്കില്‍ സമീകൃതവും നാരുകളാല്‍ സമ്പുഷ്ടവുമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. വ്യായാമം ചെയ്യാനോ ദിവസവും നടക്കാനോ ശീലിക്കേണ്ടതുണ്ട്. ഇടയ്ക്ക് പഞ്ചസാരയുടെ അളവ് പരിശോധിക്കുകയും മറ്റ് ആരോഗ്യ പരിശോധനകള്‍ നടത്തുന്നതും നന്നായിരിക്കും.

ബി രക്തഗ്രൂപ്പ് പ്രമേഹത്തിന് കാരണമാകുമെന്ന് ഈ ഗവേഷണം അര്‍ഥമാക്കുന്നില്ല. മറിച്ച് ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ ബന്ധത്തെയാണ് ഈ പഠനം എടുത്ത് കാണിക്കുന്നത്.രക്തഗ്രൂപ്പും രോഗങ്ങളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചുളള പഠനങ്ങള്‍ ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ബിഎംസി മെഡിസിനിലാണ് ഇതേക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചത്.

Content Highlights : New research reveals link between type 2 diabetes and blood type

To advertise here,contact us