പുരുഷന്മാരില്‍ കഷണ്ടി വരാനുള്ള കാരണം ഈ ദുശ്ശീലം. പഠനം പറയുന്നത് ഇങ്ങനെ

മുടി കൊഴിയുന്നത് പലപ്പോഴും വാര്‍ദ്ധക്യം, ജനിതക കാരണങ്ങള്‍ എന്നിവ മൂലമാണെങ്കിലും മറ്റൊരു പ്രധാന കാരണവും ഇതിന് പിന്നിലുണ്ടെന്നാണ് കണ്ടെത്തല്‍

മുടികൊഴിയുമ്പോള്‍ ആശങ്കയില്ലാത്തവരായി ആരാണുളളത്. കൊഴിച്ചില്‍ സാധാരണയില്‍ കൂടുതലാകുമ്പോള്‍ ഇനി കഷണ്ടി ആകുമോ എന്നാണ് പലരുടേയും ഭയം. മുടികൊഴിച്ചിലിന് പാരമ്പര്യവും,വാര്‍ധക്യവുമായി വളരെയധികം ബന്ധമുണ്ടെങ്കിലും പുരുഷന്മാരില്‍ കഷണ്ടിയുണ്ടാകാനുള്ള ഒരു കാരണം പുകവലിയാണെന്ന് നിരവധി പഠനങ്ങളില്‍ പറയുന്നുണ്ട്.

പുകവലിയും മുടികൊഴിച്ചിലും തമ്മിലുള്ള ബന്ധം

പുകവലിക്കാത്തവരെ അപേക്ഷിച്ച് പുക വലിക്കുന്ന പുരുഷന്മാരില്‍ കഷണ്ടിവരാനുളള സാധ്യത കൂടുതലാണെന്ന് നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പുകവലിക്കാര്‍ക്ക് മുടികൊഴിച്ചിലിനുള്ള സാധ്യത ഇരട്ടിയോളം കൂടുതലായിരിക്കും. പുകവലി രക്ത ചംക്രമണത്തെ ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.പുകവലിക്കുന്നവരില്‍ രക്തക്കുഴലുകള്‍ ചുരുങ്ങുകയും ഓക്‌സിജന്‍ ഒഴുക്ക് കുറയുകയും പോഷകങ്ങളുടെ വിതരണം കുറയുകയും ചെയ്യുന്നു.രോമകൂപങ്ങളില്‍ ഓക്‌സിജനും പോഷകങ്ങളും ലഭിക്കുന്നതിനെ ആശ്രയിച്ചാണ് ആരോഗ്യമുളള മുടി വളരുന്നത്. ശരിയായ പോഷണം ലഭിച്ചില്ലെങ്കില്‍ മുടി കനം കുറഞ്ഞ് ദുര്‍ബലമാകുകയും വേഗത്തില്‍ കൊഴിഞ്ഞുപോകുകയും ചെയ്യുന്നു. ഇതിനര്‍ഥം എല്ലാ പുകവലിക്കാരിലും കഷണ്ടി വരുമെന്നല്ല. പക്ഷേ അപകടസാധ്യത കൂടുതലാണ്.

പുകവലി എങ്ങനെയാണ് മുടിയെ നശിപ്പിക്കുന്നത്

മുടിയുടെ വളര്‍ച്ച തലയോട്ടിയിലെ ആരോഗ്യമുള്ള ഫോളിക്കിളുകളെ ആശ്രയിച്ചിരിക്കുന്നു.പുകവലി നിക്കോട്ടിന്‍, കാര്‍ബണ്‍ മോണോക്‌സൈഡ് തുടങ്ങിയ ദോഷകരമായ വസ്തുക്കളെ ശരീരത്തിലെത്തിക്കുന്നു. ഇത്തരം പദാര്‍ഥങ്ങള്‍ തലയോട്ടിയിലെ രക്തയോട്ടം കുറയ്ക്കുക, നീര്‍വീക്കം വര്‍ധിപ്പിക്കുക, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്(ദോഷകരമായ തന്മാത്രകള്‍ ഉണ്ടാക്കുന്ന കേടുപാടുകള്‍) എന്നിവയുണ്ടാകുന്നതിന് കാരണമാകുന്നു. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് മുടിവളര്‍ച്ചയ്ക്ക് കാരണമായ കോശങ്ങളെ നശിപ്പിക്കും. കാലക്രമേണ ഇത് മുടിയിഴകളെ ദുര്‍ബലമാക്കുകയും മുടിവളര്‍ച്ചയുടെ ചക്രം കുറയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ചിലരില്‍ പെട്ടെന്ന് മുടികൊഴിച്ചില്‍ ഉണ്ടാകുന്നു.

പുകവലിയും അകാല നരയും

പുകവലി അകാല നരയ്ക്കും കാരണമാകുന്നുണ്ട്. മെലാനിന്‍ എന്ന പിഗ്മെന്റാണ് മുടിയ്ക്ക് നിറം നല്‍കുന്നത്. രോമകൂപങ്ങളിലുള്ള പ്രത്യേക കോശങ്ങളിലാണ് മെലാനില്‍ ഉത്പാദിപ്പിക്കുന്നത്. പ്രായമാകുമ്പോള്‍ മെലാനിന്റെ ഉത്പാദനം സ്വാഭാവികമായി കുറയാന്‍ തുടങ്ങും. ഇങ്ങനെയാണ് നരയുണ്ടാകുന്നത്. എന്നാല്‍ പുകവലിക്കുന്നവരില്‍ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് വര്‍ധിക്കുന്നു. ഈ സമ്മര്‍ദ്ദം മെലാനിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നു. ഈ കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ മുടി നരയ്ക്കാന്‍ തുടങ്ങും. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരില്‍ ചെറുപ്പത്തില്‍ മുടി നരയ്ക്കുന്നതിന് കാരണം ഇതാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

മുടികൊഴിച്ചിലിന് കാരണമാകുന്ന മറ്റ് ഘടകങ്ങള്‍

പുകവലി ഒരു പ്രധാന അപകട ഘടകമാണെങ്കിലും മുടികൊഴിച്ചിലിന് മറ്റ് ചില ഘടകങ്ങള്‍ കൂടി കാരണമാകുന്നുണ്ട്.

  • ജനിതക ഘടകങ്ങള്‍(കുടുംബത്തില്‍ ആര്‍ക്കെങ്കിലും കഷണ്ടി ഉണ്ടെങ്കില്‍)
  • പോഷകാഹാരക്കുറവ്(ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ ഡി ഇവയുടെ കുറവ്)
  • വിട്ടുമാറാത്ത സമ്മര്‍ദ്ദം
  • ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ
  • ചില മെഡിക്കല്‍ കാരണങ്ങള്‍

മുടി സംരക്ഷിക്കാന്‍ എന്തൊക്കെ ചെയ്യാം

  • പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ സമീകൃത ആഹാരം കഴിക്കുക
  • ജലാംശം നിലനിര്‍ത്തുക
  • വ്യായാമത്തിലൂടെയോ ധ്യാനത്തിലൂടെയോ സമ്മര്‍ദ്ദം നിയന്ത്രിക്കുക
  • ശരിയായ ഉറക്കം

മുടികൊഴിച്ചില്‍ കൂടുതലാണെങ്കില്‍ ഒരു ഡര്‍മറ്റോളജിസ്റ്റിനെ കാണാവുന്നതാണ്. കഷണ്ടി നിയന്ത്രണ വിധേയമല്ലെങ്കിലും ആരോഗ്യകരമായ ചില ശീലങ്ങള്‍ മുടിവളര്‍ച്ചയെ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തെയും സഹായിക്കുന്നു.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)

To advertise here,contact us