ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരുടെ ശരീരത്തില്‍ എന്താണ് സംഭവിക്കുന്നത് ?

ആറ് മണിക്കൂറൊക്കെ ഉറങ്ങിയാല്‍ മതി എന്ന് പറയുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും

ജോലി, പഠനം, ജീവിതത്തിലെ മറ്റ് പല തിരക്കുകള്‍ ഇവയ്‌ക്കൊക്കെ പ്രാധാന്യം കൊടുക്കുമ്പോള്‍ ആളുകള്‍ മാറ്റിവയ്ക്കുന്ന ഒന്നാണ് ഉറക്കം. പലപ്പോഴും നാലും അഞ്ചും മണിക്കൂറൊക്കെ ഉറങ്ങി ബാക്കി വരുന്ന സമയംകൂടി ജോലിചെയ്യാനും മറ്റ് കാര്യങ്ങള്‍ക്കുംവേണ്ടി ചിലവഴിക്കുന്നവരാണ് പലരും. അഞ്ചോ ആറോ മണിക്കൂര്‍ ഉറക്കംകൊണ്ട് വലിയ പ്രശ്‌നമില്ലാതെ കടന്നുപോകാന്‍ കഴിയുമെന്നാണ് നമ്മളൊക്കെ വിശ്വസിക്കുന്നത്.

ഞാന്‍ അര്‍ധരാത്രി വരെ സിനിമ കാണുമെന്നും വായിക്കുമെന്നും ജോലി ചെയ്യുമെന്നുമെല്ലാം അഭിമാനത്തോടെ പറയുന്നവരാണ് മിക്കവരും. രാവിലെ എഴുന്നേല്‍ക്കുമ്പോഴുളള ക്ഷീണം അകറ്റാന്‍ കാപ്പി കുടിച്ചാല്‍ മതിയെന്ന് കരുതുകയും വിട്ടുമാറാത്ത തലവേദനയും കണ്ണിനടിയിലെ കറുത്ത പാടുകളും കൊണ്ട് ജീവിതം തള്ളിനീക്കുന്നവരുമൊക്കെ അറിയേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുമ്പോള്‍ ശരീരത്തിന് സംഭവിക്കുന്ന ദോഷങ്ങള്‍ ഭീകരമാണ്.

ഉറക്കക്കുറവ് ശരീരത്തെ എങ്ങനെയാണ് ബാധിക്കുന്നത്

ശരീരഭാരം കൂടുന്നു

ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുമ്പോള്‍ ശരീരത്തിലെ പല ഹോര്‍മോണ്‍ നിയന്ത്രണങ്ങളും മാറാന്‍ തുടങ്ങും. ഈ ഉറക്കക്കുറവ് പ്രീഡയബറ്റീസ് അല്ലെങ്കില്‍ ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കുറഞ്ഞ ഉറക്കം ഉയര്‍ന്ന ബോഡിമാസ് ഇന്‍ഡക്‌സ് (BMI) , അമിതവണ്ണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. 27 വയസിനിടയില്‍ ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്ക് ഉയര്‍ന്ന ബോഡിമാസ് ഇന്‍ഡക്‌സ് ഉണ്ടാകാനുള്ള സാധ്യത 7.5 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

കുറഞ്ഞ ഉറക്കം ഹൃദയസംബന്ധമായ അപകട സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. 4,000 മുതിര്‍ന്ന വ്യക്തികളില്‍

നടത്തിയ ഒരു പഠനത്തില്‍ 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച് ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്ക് വലിയ രീതിയില്‍ ആര്‍ട്ടറി പ്ലാക്ക് ( കൊഴുപ്പുകള്‍, കൊളസ്‌ട്രോള്‍,മറ്റ് വസ്തുക്കള്‍ എന്നിവ ഹൃദയദമനികളില്‍ അടിഞ്ഞുകൂടുന്നത്) ഉണ്ടാകാന്‍ 27 ശതമാനം സാധ്യതയുണ്ട്. ഏഴ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നത് തലകറക്കം, ഉയര്‍ന്ന സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ്, നീര്‍വീക്കം എന്നിവയ്ക്കുള്ള സാധ്യതയും വര്‍ധിക്കും. ഇവയെല്ലാം ഹൃദയത്തെയും രക്തക്കുഴലുകളെയും തകരാറിലാക്കും.

തലച്ചോറിന്റെ ആരോഗ്യം, മാനസികാവസ്ഥ

ഉറക്കക്കുറവ് ശരീരത്തെ മാത്രമല്ല തലച്ചോറിനേയും ബാധിക്കുന്നു.ആറ് മണിക്കൂറോ അതില്‍ കുറവോ ഉറങ്ങുന്നവരില്‍ തലച്ചോറില്‍ brain toxins അടിഞ്ഞുകൂടുന്നു. ഇത് മൂലം ബൗദ്ധികശേഷി കുറയുക, ഡിമെന്‍ഷ്യ/ ഓര്‍മക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുക എന്നിവ ഉണ്ടാകുന്നു. ശ്രദ്ധ, ഓര്‍മ്മശക്തി, പ്രതികരണശേഷി ഇവയെ എല്ലാം ഉറക്കകുറവ് ബാധിക്കുന്നു.

ഇവരില്‍ വിഷാദവും ഉത്കണ്ഠയും ഉണ്ടാകാനുളള സാധ്യതയും കൂടുതലാണ്.

രോഗപ്രതിരോധ സംവിധാനം തകരാറിലാകുന്നു

രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കാനും ശരീരത്തിലെ അണുബാധയ്‌ക്കെതിരെ പോരാടാനും ഉറക്കം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മെറ്റബോളിസം, സമ്മര്‍ദ്ദ പ്രതികരണം എന്നിവയുമായി ബന്ധപ്പെട്ട ധാരാളം ജീനുകളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ശരീരവളര്‍ച്ചാ ഹോര്‍മോണുകളെ തടസ്സപ്പെടുത്തുന്നു

ഉറക്കത്തില്‍ ശരീരം വളര്‍ച്ചാഹോര്‍മോണുകള്‍ പുറത്തുവിടുകയും കലകള്‍ നന്നാക്കുകയും, തൈറോയിഡ് പ്രവര്‍ത്തനം നിയന്ത്രിക്കുകയും ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഉറക്കം കുറയുമ്പോള്‍ ഈ നന്നാക്കല്‍ പ്രക്രിയകള്‍ തകരാറിലാകുന്നു. ഉറക്കക്കുറവ് തൈറോയിഡ് ഹോര്‍മോണുകളുടെ അളവുകളെയും വളര്‍ച്ചാ ഹോര്‍മോണുകളെയും തടസ്സപ്പെടുത്തും. ഇങ്ങനെ സംഭവിക്കുമ്പോള്‍ കാലക്രമേണ പേശികള്‍ക്ക് ക്ഷതം, അസ്ഥികളുടെ ആരോഗ്യം കുറയല്‍, രോഗം ഭേദമാകുന്നതിന് താമസം എന്നിവയുണ്ടാകുന്നു.

ഉറക്കക്കുറവും മരണനിരക്കും

ഉറക്കത്തിന്റെ ദൈര്‍ഘ്യവും മരണനിരക്കും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. അഞ്ച് മണിക്കൂറോ അതില്‍ കുറവോ ഉറങ്ങുന്നവരില്‍ ഏഴ് മണിക്കൂര്‍ ഉറങ്ങുന്നവരെവച്ച് നോക്കുമ്പോള്‍ മരണസാധ്യത 15 ശതമാനം കൂടുതലാണ്.

ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു

ദീര്‍ഘകാല ആരോഗ്യ അപകടങ്ങള്‍ക്ക് പുറമേ കുറഞ്ഞ ഉറക്കം നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ക്ഷീണം, ചിന്തകളിലെ മങ്ങല്‍, തീരുമാനമെടുക്കാനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം ഉണ്ടാക്കുന്നു. ശരീരം സമ്മര്‍ദ്ദത്തില്‍ ആയതുകൊണ്ട് ആളുകള്‍ കഫീന്‍ പോലെയുളള ഉത്തേജകങ്ങളെ ആശ്രയിച്ചേക്കാം. അത് വീണ്ടും കൂടുതല്‍ അപകടങ്ങളിലേക്ക് നയിക്കും.

പതിവായി ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരാണെങ്കില്‍ ആദ്യം ശ്രദ്ധിച്ചില്ലെങ്കിലും മാസങ്ങളും വര്‍ഷങ്ങളും കഴിയുമ്പോള്‍ ഇതിന്റെ പരിണിതഫലമായി അമിതഭാരം, പ്രമേഹം, ഹൃദ്രോഗം, മാനസികാവസ്ഥയിലെ പ്രശ്‌നങ്ങള്‍, ഓര്‍മ്മക്കുറവ് എന്നിവയ്ക്ക് കാരണമാകാം. അതുകൊണ്ട് ഉറക്കത്തിന് കൃത്യമായ ഒരു പാറ്റേണ്‍ ഉണ്ടാക്കുകയും ആരോഗ്യകരമായ ഉറക്കത്തിനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുക.

ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്‌.

Content Highlights :What happens to the body of people who sleep less than six hours

To advertise here,contact us