മധുരം കഴിക്കുന്നത് നിര്‍ത്തിക്കോളൂ, ഇല്ലെങ്കില്‍! പ്രമേഹമുണ്ടാകാന്‍ കാരണം മധുരം കഴിക്കുന്നത് മാത്രമല്ല

മധുരത്തോടൊപ്പം പ്രമേഹമുണ്ടാകാന്‍ കാരണമായ മറ്റ് അഞ്ച് കാര്യങ്ങള്‍കൂടിയുണ്ട്. ഏതൊക്കെയാണ് അവയെന്നറിയാം

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള ഏകദേശം 830 ദശലക്ഷം ആളുകള്‍ പ്രമേഹരോഗികളാണ്. രോഗികളുടെ എണ്ണം മുമ്പത്തേതിനേക്കാള്‍ ഗുരുതരമാണെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ കണക്കുകള്‍. പലരും കരുതുന്നത് മധുരം കഴിക്കുന്നതുകൊണ്ട് മാത്രമാണ് പ്രമേഹമുണ്ടാകുന്നത് എന്നാണ്. എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്കൂടാന്‍ കാരണം പഞ്ചസാര മാത്രമല്ല . ജീവിതശൈലിയുമായി ബന്ധപ്പെട്ട പല ഘടകങ്ങളും ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകാറുണ്ട്. അവ എന്തൊക്കെയാണെന്നറിയാം.

ഫാറ്റിലിവര്‍, വിസറല്‍ കൊഴുപ്പ്

ക്ലിനിക്കല്‍ പഠനങ്ങള്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്( NAFD) വിസറല്‍ കൊഴുപ്പ് ( ആമാശയം, കുടല്‍, കരള്‍ എന്നിങ്ങനെ നിരവധി അവയവങ്ങള്‍ക്ക് ചുറ്റും സംഭരിക്കപ്പെടുന്ന ഇന്‍ട്രോ-അബ്‌ഡൊമിനല്‍ അഡിപ്പോസ് ടിഷ്യുവാണ് വിസറല്‍ കൊഴുപ്പ്), എന്നിവയെല്ലാം ഇന്‍സുലിന്‍ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ക്ലിനിക്കല്‍ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. അധികമായുണ്ടാകുന്ന വിസറല്‍ കൊഴുപ്പ് , ഫാറ്റിലിവര്‍ എന്നിവയില്‍നിന്നുണ്ടാകുന്ന വിട്ടുമാറാത്ത ലോ- ഗ്രേഡ് വീക്കം ഇന്‍സുലിന്‍ സിഗ്നലിംഗ് പാതകളെ തടസ്സപ്പെടുത്തുന്നുവെന്നാണ് പഠനങ്ങളില്‍ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതുവരെ കാത്തിരിക്കരുത്. പകല്‍ സമയത്തെ ക്ഷീണം, ഭക്ഷണത്തിന് ശേഷം മധുര പലഹാരങ്ങള്‍ കഴിക്കണമെന്ന തോന്നല്‍, മന്ദത, മുറിവുണങ്ങാനുള്ള താമസം, ചര്‍മ്മത്തിലെ ഇരുണ്ട പാടുകള്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

സമ്മര്‍ദ്ദം

ഇക്കാലത്തെ ജീവിതശൈലി പലരേയും സമ്മര്‍ദ്ദത്തിലാക്കാന്‍ പോന്നതാണ്. സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാറുണ്ട്. സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് പേശികളുടെയും കൊഴുപ്പിന്റെയും കോശങ്ങളെ ഇന്‍സുലിനോട് പ്രതികരിക്കുന്നത് കുറയ്ക്കുന്നു. ദീര്‍ഘകാലമായി ഈ സമ്മര്‍ദ്ദ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നത് വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു.സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ഇന്‍സുലിന്‍ പ്രതിരോധം പലപ്പോഴും ആരും ശ്രദ്ധിക്കാതെപോകുന്ന കാര്യമാണ്. കാരണം ഇത് അമിതമായി ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയോ ശരീരഭാരം കൂട്ടാനോ കാരണമാകാറില്ല. പകരം ക്ഷീണം, മധുരത്തോടോ കഫീനോടോ ഉള്ള ആസക്തി ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. സമ്മര്‍ദ്ദം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും ശ്വസന വ്യായാമങ്ങള്‍, യോഗ, ധ്യാനം ഇവയൊക്കെ ശീലിക്കുന്നത് സമ്മര്‍ദ്ദം ഒരു പരിധിവരെ കുറയ്ക്കും.

ഉറക്കക്കുറവ്

രാത്രികളിലെ ഉറക്കക്കുറവ് പോലെതന്നെ ഹ്രസ്വകാല ഉറക്കക്കുറവും ഇന്‍സുലിനോട് പ്രതികരിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കും. പ്രമേഹപ്രതിരോധത്തിന് ഭക്ഷണക്രമവും വ്യായാമവും പോലെതന്നെ നല്ല ഉറക്കവും പ്രധാനമാണ്. അതുകൊണ്ട് ദിവസവും സ്ഥിരമായ ഉറക്കശീലം ക്രമീകരിക്കുക. രാത്രി വൈകി ഫോണും ടിവിയും കാണുന്നത് ഒഴിവാക്കുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക ഇവയൊക്കെ ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നു.

ശരീരം അനങ്ങാതെയുള്ള ഉദാസീനമായ സ്വഭാവം

ദീര്‍ഘകാലം ശരീരം അനങ്ങാതെ നിഷ്‌ക്രിയമായിരിക്കുന്നത് പേശികളിലും കലകളിലും ഇന്‍സുലിന്‍ സിഗ്നലിംഗ് കുറയ്ക്കുമെന്നാണ് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ പോലുള്ള സംഘടനകളുടെ ഗവേഷണങ്ങള്‍ പറയുന്നത്. വേഗത്തില്‍ നടക്കുക, നീന്തല്‍, സൈക്ലിംഗ് പോലുള്ള എയറോബിക് വ്യായാമങ്ങള്‍ എന്നിവയെല്ലാം ശരീരത്തിന്റെ ഇന്‍സുലിന്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നു. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കിലും ഓരോ 30-60 മിനിറ്റിലും എഴുന്നേറ്റ് നടക്കുകയോ പടികള്‍ കയറുകയോ ഒക്കെ ചെയ്യാവുന്നതാണ്.

അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങള്‍

പഞ്ചസാരയും ഉപ്പും അടങ്ങിയ ടിന്‍ഫുഡ്, ഫാസ്റ്റ് ഫുഡ്ഡുകള്‍, ചിപിസ്, കുക്കികള്‍ പോലെയുള്ള പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍ പോലെയുള്ളവ കൂടുതല്‍ കഴിക്കുന്ന ആളുകള്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പഴങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, നട്ട്‌സ്, ധാന്യങ്ങള്‍, വീട്ടില്‍ പാകം ചെയ്ത ഭക്ഷണങ്ങള്‍ ഇവിയൊക്കെ അടങ്ങിയ ഭക്ഷണക്രമം ഇന്‍സുലിന്‍ സംവേദനത്തെ സഹായിക്കുന്നു. ജീവിതശൈലിയിലെ ചില മാറ്റങ്ങളിലൂടെ പ്രമേഹ സാധ്യത കുറയ്ക്കാന്‍ സാധിക്കും എന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം.

Content Highlights :Eating sweets is not the only cause of diabetes

To advertise here,contact us