'ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ മുതല്‍ ശരീരഭാരം കുറയ്ക്കാന്‍വരെ മഞ്ഞള്‍കാപ്പി കുടിക്കുന്നത് ബെസ്റ്റാണ്'

പോഷകാഹാര വിദഗ്ധയും ഡയബറ്റിക് എഡ്യുക്കേറ്ററുമായ ഡോ. അര്‍ച്ചന ബത്രയാണ് മഞ്ഞള്‍ കാപ്പിയുടെ ഗുണങ്ങളെക്കുറിച്ച് പറയുന്നത്

കാപ്പിയില്ലാതെ ഒരു ദിവസം ആരംഭിക്കാന്‍ കഴിയില്ല എന്നുണ്ടോ? എന്നാല്‍ കാപ്പി കുടിക്കുന്നതോടൊപ്പം അത് നിങ്ങളുടെ ആരോഗ്യത്തിന് കൂടി ഗുണം ചെയ്താലോ. അതിന് കാപ്പിയില്‍ ഒരു ചേരുവ കൂടി ചേര്‍ക്കണം. 'മഞ്ഞള്‍'. കാപ്പിയില്‍ ഒരു നുള്ള് മഞ്ഞള്‍ കൂടി ചേര്‍ത്ത് ഒരു കപ്പ് മഞ്ഞള്‍ കാപ്പി അങ്ങ് കുടിച്ചോളൂ. കാപ്പിയില്‍ മഞ്ഞള്‍ ചേര്‍ക്കുമ്പോള്‍ അത് സ്വാഭാവികമായി ഊര്‍ജ്ജം വര്‍ധിപ്പിക്കുകയും നിങ്ങളുടെ ദിവസം ഭംഗിയായി ആരംഭിക്കാന്‍ സഹായിക്കുകയും ചെയ്യും. കഫീന്റെ ഗുണങ്ങളോടൊപ്പം ആന്റി ഓക്‌സിഡന്റുകള്‍, പോളിഫെനോളുകള്‍, പോഷകങ്ങള്‍ എന്നിവയാല്‍ നിറഞ്ഞ ശക്തമായ ആരോഗ്യ പാനിയമാണ് ഇത്.

പോഷകാഹാരവിദഗ്ധയായ അര്‍ച്ചന ബത്ര ഹെല്‍ത്ത് ഷോട്ട്‌സിനോട് പറഞ്ഞതാണ് ഇക്കാര്യങ്ങള്‍. ന്യൂട്രിയന്റ്‌സ് ജേണലില്‍ 2021 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് കാപ്പിയിലെ പോളിഫെനോളുകള്‍ക്ക് മഞ്ഞളിലടങ്ങിയ കുര്‍ക്കുമിന്റെ അതേ ഫലങ്ങളെ പൂരകമാക്കാന്‍ കഴിയുന്ന ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഗുണങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

കാപ്പിയില്‍ മഞ്ഞള്‍ കലര്‍ത്തുമ്പോഴുള്ള ഗുണങ്ങള്‍

മഞ്ഞളിലെ കുര്‍ക്കുമിന്‍ നീര്‍വീക്കം കുറയ്ക്കുന്നുവെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതുപോലെ കാപ്പിയില്‍ ആന്റി ഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി സംയുക്തങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. മഞ്ഞള്‍ ചേര്‍ത്ത കാപ്പികുടിക്കുന്നത് ശരീരത്തിലെ വേദന കുറയ്ക്കാനും കൂടുതല്‍ ഊര്‍ജ്ജസ്വലത അനുഭവിക്കാനും സഹായിക്കും.

ഹൃദയാരോഗ്യം മെച്ചപ്പെടുന്നു

മഞ്ഞളിലെ കുര്‍ക്കുമിന്റെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 2020 ല്‍ ആന്റിഒക്‌സിഡന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തില്‍ കുര്‍ക്കുമിന്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ധമനികളുടെ തകരാറുകള്‍ തടയുകയും ചെയ്യുകയും ചെയ്യുമെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ഒരു ഗവേഷണം സൂചിപ്പിക്കുന്നത് മഞ്ഞള്‍ കഴിക്കുന്നത് ഹൃദയസംബന്ധമായ അവസ്ഥകളില്‍ നിന്നുള്ള അപകട സാധ്യത കുറയ്ക്കുമെന്നാണ്.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മഞ്ഞള്‍കാപ്പി ഏറ്റവും മികച്ച പ്രഭാത പാനിയങ്ങളില്‍ ഒന്നായിരിക്കും. കുര്‍ക്കുമിന്‍ കഴിക്കുന്നത് ശരീരഭാരവും ബോഡിമാസ് ഇന്‍ഡക്‌സും ഗണ്യമായി കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കാപ്പി മെറ്റബോളിസത്തെ വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് കാലക്രമേണ കൊഴുപ്പ് കത്തുന്നത് മെച്ചപ്പെടാന്‍ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മഞ്ഞള്‍ സഹായിക്കുന്നു. ക്ലോറോജെനിക് ആസിഡുകള്‍, കഫെസ്‌റ്റോള്‍ തുടങ്ങിയ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന പല സംയുക്തങ്ങളും കാപ്പിയില്‍ അടങ്ങിയിട്ടുണ്ട്.

ആരോഗ്യമുള്ള ചര്‍മ്മം നല്‍കുന്നു

മഞ്ഞളും കാപ്പിയും ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇത് ചര്‍മ്മത്തിന് അകാല വാര്‍ധക്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. മഞ്ഞള്‍കാപ്പി പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിര്‍ത്താനും നീര്‍വീക്കവും ചര്‍മ്മ പ്രശ്‌നങ്ങളും കുറയ്ക്കാനും സഹായിക്കും.

മഞ്ഞള്‍കാപ്പി തയ്യാറാക്കുന്ന വിധം

  • കാപ്പി - ഒരു കപ്പ്
  • മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
  • കുരുമുളക് - ഒരു നുള്ള്
  • കറുവാപ്പട്ടപ്പൊടി - 1/2 ടീസ്പൂണ്‍
  • വെളിച്ചെണ്ണ - ഒരു ടീസ്പൂണ്‍
  • പാല്‍-ആവശ്യമെങ്കില്‍

ഒരു പാത്രത്തില്‍ മഞ്ഞള്‍, കുരുമുളക്,കറുവാപ്പട്ട എന്നിവ എടുത്ത് മിക്‌സ് ചെയ്യുക. ഇത് ചൂടുള്ള കാപ്പിയില്‍ ചേര്‍ത്ത് അലിയുന്നതുവരെ ഇളക്കുക. വെളിച്ചെണ്ണ ചേര്‍ത്ത് അടിച്ചെടുക്കുക. പാലും ചേര്‍ത്ത് ചൂടോടെ വിളമ്പാം.

Content Highlights :Turmeric coffee: From protecting heart health to losing weight

To advertise here,contact us