വൈകുന്നേരമാകുമ്പോള്‍ കണങ്കാലുകളിലും കാല്‍പത്തിയിലും നീര് ഉണ്ടാകാറുണ്ടോ?

ഹൃദയസ്തംഭനം, കരള്‍ രോഗം, രക്തം കട്ടപിടിക്കല്‍ ഇവയുടെ എല്ലാം ലക്ഷണങ്ങള്‍ കാലില്‍ ഉണ്ടാകുന്ന ചില വ്യത്യാസങ്ങളിലൂടെ അറിയാന്‍ സാധിക്കും

ജോലികഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ നിങ്ങളുടെ കണങ്കാലിലോ കാലിന്റെ പത്തിയിലോ നീര് വന്ന് വീര്‍ത്തതായി കാണാറുണ്ടോ? . അങ്ങനെയാണെങ്കില്‍ അതൊരു ചെറിയ കാര്യമായി എടുക്കരുത്. നീര്‍വീക്കം സ്ഥിരവും അമിതവുമായി കാണപ്പെട്ടാല്‍ അത് ഏതെങ്കിലും രോഗത്തിന്റെ സൂചനയാകാം. കാലുകളിലും കണങ്കാലിലും ഉളള നീര് സാധാരണയായി പെരിഫറല്‍ എഡിമ എന്നാണ് അറിയപ്പെടുന്നത്. ഇവ വളരെ സാധാരണമാണ്. പ്രത്യേകിച്ച് ദീര്‍ഘനേരം നില്‍ക്കുമ്പോഴോ ഇരിക്കുമ്പോഴോ പ്രായമാകുമ്പോഴോ ഒക്കെ ഇങ്ങനെ സംഭവിക്കാറുണ്ട്.

കോശങ്ങളില്‍ ദ്രാവകം അടിഞ്ഞുകൂടുമ്പോഴാണ് നീര്‍വീക്കം ഉണ്ടാകുന്നത്. രക്തമൊഴുക്ക് തടസ്സപ്പെടുമ്പോള്‍ ശരീരത്തിലെ ഏറ്റവും താഴത്തെ ഭാഗങ്ങളായ കണങ്കാലുകള്‍, പാദങ്ങള്‍ എന്നിവിടങ്ങളില്‍ ദ്രാവകം അടിഞ്ഞുകൂടി ചര്‍മ്മം ഇറുകിയതായോ ഭാരമുളളതായോ ആയി തോന്നാം. ഈ വീര്‍ത്ത ഭാഗങ്ങളില്‍ വിരലുകള്‍ അമര്‍ത്തി നോക്കിയാല്‍ കുഴിപോലെ ഉണ്ടാവുകയും ചെയ്യും. സാധാരണയായി അധികനേരം നില്‍ക്കുമ്പോഴും മറ്റു ഇങ്ങനെ സംഭവിക്കാറുണ്ട്. അതിനപ്പുറം മറ്റ് ലക്ഷണങ്ങള്‍ അതായത് അപ്രതീക്ഷിതമായി ശരീരഭാരം കൂടുക, ശ്വാസതടസം, ചര്‍മ്മത്തില്‍ മഞ്ഞനിറം എന്നിവയും ഉണ്ടാകുന്നുണ്ടെങ്കില്‍ അത് ഹൃദയം, കരള്‍ അല്ലെങ്കില്‍ വൃക്കരോഗം എന്നിങ്ങനെയുളള ഗുരുതര രോഗങ്ങളുടെ ലക്ഷണമായിരിക്കാം.

ഹൃദയസ്തംഭനം

പെരിഫറല്‍ എഡിമ അല്ലെങ്കില്‍ കാലുകളിലെ നീര്‍വീക്കം ഹൃദയം കാര്യക്ഷമമായി രക്തം പമ്പ് ചെയ്യുന്നില്ല എന്നതിന്റെ മുന്നറിയിപ്പാണ്. ഇത് രക്തവും മറ്റ് പ്ലാസ്മ പോലെയുള്ള ദ്രാവകങ്ങളും സിരകളിലേക്ക് തിരികെ കയറാന്‍ കാരണമാകുന്നു. ആ സാഹചര്യത്തില്‍ ദ്രാവകം ചുറ്റുമുളള കലകളിലേക്ക് അതായത് ശരീരത്തിന്റെ താഴത്തെ ഭാഗത്തേക്ക് ഒഴുകുന്നു. ക്ഷീണവും ശ്വാസതടസ്സവും ശരീരഭാരം കൂടുതലും ഇതിനോടൊപ്പം കാണുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

കരള്‍ രോഗം

രക്തക്കുഴലുകള്‍ക്കുള്ളില്‍ രക്തം നിലനിര്‍ത്താന്‍ സഹായിക്കുന്ന ആല്‍ബുമിന്‍ പോലെയുളള പ്രോട്ടീനുകള്‍ നിലനിര്‍ത്താന്‍ കരള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സിറോസിസ് പോലെയുള്ള രോഗങ്ങള്‍ ഈ സംവിധാനം തകരാറിലാക്കുകയും രക്തക്കുഴലുകളില്‍ ദ്രാവക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ പരാജയപ്പെടുകയും ചെയ്യും. അങ്ങനെവരുമ്പോള്‍ പ്ലാസ്മ പോലെയുള്ള ദ്രാവകങ്ങള്‍ അല്ലെങ്കില്‍ ഫ്‌ളൂയിഡുകള്‍ കലകളിലേക്ക് ഒഴുകുന്നു. പ്രത്യേകിച്ച് കാലുകള്‍, കണങ്കാലുകള്‍ തുടങ്ങി അടിവയറ്റിലേക്ക് വരെ ഒഴുകുന്നു. നീര്‍വീക്കത്തോടൊപ്പം ചര്‍മ്മത്തിന്റെയോ കണ്ണുകളുടെയോ മഞ്ഞനിറം, ഞരമ്പുകളിലെ വ്യത്യാസം ഇവയൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

രക്തം കട്ടപിടിക്കല്‍(ഡീപ്പ് വെയിന്‍ ത്രോംബോസിസ്)

ഒരു കാലിലെ വീക്കം, പ്രത്യേകിച്ച് പെട്ടെന്നുള്ളതും വേദനാജനകമായത്. അതോടൊപ്പം ചര്‍മ്മത്തിന് ചൂടനുഭവപ്പെടുകയോ ചുവപ്പ് നിറം കാണികയോ ചര്‍മ്മം മൃദുവായി തോന്നുകയോ ചെയ്താല്‍ സിരകളില്‍ രക്തം കട്ടപിടിക്കുന്ന ഡീപ്പ് വെയിന്‍ ത്രാംബോസിസ്( DVT) ന്റെ ലക്ഷണമായേക്കാം. സിരകളില്‍ രക്തം കട്ടപിടിക്കുകയും ഇവ ശ്വാസകോശത്തിലേക്ക് നീങ്ങി ജീവന് ഭീഷണിയാകുന്ന പള്‍മണറി എംബോളിസത്തിന് കാരണമാകുകയും ചെയ്‌തേക്കാം.

അവസ്ഥ ഗുരുതരമാണോ എന്ന് എങ്ങനെ അറിയാം

കണങ്കാലുകളിലോ കാലിന്റെ പത്തിയിലോ വീക്കം കണ്ടാല്‍ അദ്യം അതിന്റെ രീതി എങ്ങനെയാണെന്ന് ശ്രദ്ധിക്കുക.ഒരു കാലില്‍ മാത്രമാണെങ്കില്‍ രക്തം കട്ടപിടിക്കുന്നതിന്റെ സൂചനയായിരിക്കാം. രണ്ട് കാലിലും സ്ഥിരമായി നീരുണ്ടെങ്കിലോ അതിനൊപ്പം വേദനയോ ശ്വാസതടസ്സമോ നെഞ്ചുവേദനയോ കൂടിയുണ്ടെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

Content Highlights :Symptoms of heart failure, liver disease, and blood clots can all be identified by certain changes in the feet.

To advertise here,contact us