വെറുതെ തള്ളിക്കളയരുതേ; വെറുംവയറ്റില്‍ പേരയ്ക്ക കഴിച്ചാല്‍ ഗുണങ്ങള്‍ ധാരാളമാണ്

ദിവസേനയുളള ഈ ശീലം ഹൃദയാരോഗ്യത്തെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും എങ്ങനെ സ്വാധീനിക്കുമെന്നറിയാം

ഒരു പേരയ്ക്ക കഴിച്ചുകൊണ്ട് ദിവസം ആരംഭിച്ചാല്‍ എങ്ങനെയിരിക്കും. ഇത് ചെറിയൊരു കാര്യമാണെന്ന് കരുതേണ്ട. ദിവസേനെയുള്ള ഈ ശീലം ശരീരത്തിന് നല്‍കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങളാണ്. പേരയ്ക്കയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സി, നാരുകള്‍, പൊട്ടാസ്യം, ബയോ ആക്ടീവ് സംയുക്തങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് പേരയ്ക്ക. ഒഴിഞ്ഞ വയറ്റില്‍ പേരയ്ക്ക കഴിച്ചാല്‍ ഈ പോഷകങ്ങളൊക്കെ ശരീരം ആഗിരണം ചെയ്യും. ഇതിലെ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. മാത്രമല്ല പേരയ്ക്കയിലെ ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും ഹൃദയ പ്രവര്‍ത്തനത്തെ സഹായിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ സജ്ജമാക്കുകയും ചെയ്യും.

വെറുംവയറ്റില്‍ പേരയ്ക്ക കഴിച്ചാലുള്ള ഗുണങ്ങള്‍

ദഹനത്തെ സഹായിക്കുന്നു

പേരയ്ക്കയില്‍ ധാരാളം നാരുകള്‍ (ഫൈബറുകള്‍) അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. അതിരാവിലെ പേരയ്ക്ക കഴിക്കുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന നാരുകളും ജലാംശവും ശോധന സുഗമമാക്കാന്‍ സഹായിക്കും.

രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ പേരയ്ക്കയ്ക്കുള്ള പങ്കിനെക്കുറിച്ച് ധാരാളം പഠനങ്ങള്‍ തന്നെയുണ്ട്. വെറും വയറ്റില്‍ പേരയ്ക്ക കഴിക്കുന്നത് ഫാസ്റ്റിംഗ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കുകയും മൊത്തം കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍, എല്‍ഡിഎല്‍-സി ഇവയൊക്കെ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ക്ലിനിക്കല്‍ പഠനങ്ങളില്‍ പറയുന്നുണ്ട്.

ഹൃദയസംബന്ധമായ ഗുണങ്ങള്‍

പേരയ്ക്ക കഴിക്കുന്നത് ഹൃദയ സംബന്ധമായ അപകട ഘടകങ്ങളെ ഒഴിവാക്കിയേക്കാമെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു. കൊളസ്‌ട്രോളിലും ട്രൈഗ്ലിസറൈഡുകളിലും ഗണ്യമായ കുറവുണ്ടാക്കുന്നതുകൊണ്ട് ഇത് ക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു. പേരയ്ക്കയില്‍ കാണപ്പെടുന്ന നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍,പൊട്ടാസ്യം ഇവയൊക്കെ രക്തക്കുഴലുകളുടെ ആരോഗ്യത്തെ സഹായിക്കുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യും.

രോഗപ്രതിരോധത്തെ സഹായിക്കുന്നു

പേരയ്ക്കയില്‍ ഉള്ള ഉയര്‍ന്ന വിറ്റാമിന്‍ സി, ലൈക്കോപീന്‍, ഫ്‌ളേവനോയിഡുകള്‍ തുടങ്ങിയ ഫൈറ്റോ ന്യൂട്രിയന്‍സും ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഗുണങ്ങളും നല്‍കുന്നു. മാത്രമല്ല ചര്‍മ്മം നന്നാക്കാനും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

ഭാരംനിയന്ത്രിക്കാന്‍ സഹായിക്കുന്നു

പേരയ്ക്കയില്‍ കലോറി കുറവാണെങ്കിലും നാരുകള്‍ കൂടുതലാണ്. ഇത് വയറ് നിറഞ്ഞ സംതൃപ്തി നല്‍കും . അതുകൊണ്ട് ഇടയ്ക്കുള്ള ലഘുഭക്ഷണമോ കലോറി ഉപയോഗമോ കുറയ്ക്കും. ദിനചര്യയുടെ ഭാഗമാക്കുമ്പോള്‍ ശരീരഭാരം കുറയാന്‍ സഹായിക്കുന്നു.

പേരയ്ക്ക കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവര്‍ ആരൊക്കെ

  • അള്‍സര്‍, ഗ്യാസ്‌ട്രൈറ്റിസ് എന്നിവയുള്ള ആളുകള്‍ക്ക് നാരുകള്‍ അടങ്ങിയതും അസിഡിറ്റി ഉള്ളതുമായ പഴങ്ങള്‍ ഒഴിഞ്ഞ വയറ്റില്‍ കഴിക്കുന്നത് നേരിയ അസ്വസ്ഥത ഉണ്ടാക്കിയേക്കാം. അതുകൊണ്ട് മറ്റുള്ള സമയങ്ങളില്‍ പേരയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
  • പ്രമേഹത്തിനും, കുറഞ്ഞ രക്തസമ്മര്‍ദ്ദത്തിനും മരുന്നുകള്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.കാരണം പേരയ്ക്ക രക്തത്തിലെ പഞ്ചസാരയേയും ഫാറ്റിസംയുക്തങ്ങളെയും നേരിയ തോതില്‍ ബാധിച്ചേക്കാം. ഇങ്ങനെയുള്ളവര്‍ ഭക്ഷണത്തില്‍ മാറ്റം വരുത്തുമ്പോള്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
  • പേരയ്ക്ക കഴിക്കുന്നത് പ്രോട്ടീന്‍, ധാന്യങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയ സമീകൃത ഭക്ഷണത്തിന് പകരമാകരുത്.
  • ആദ്യം ചെറിയൊരു കഷണം പേരയ്ക്ക കഴിച്ചുകൊണ്ട് തുടങ്ങുക. ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതനുസരിച്ച് പിന്നീട് ശീലത്തിലേക്ക് കടക്കാം.

Content Highlights:Eating guava on an empty stomach has many benefits.

To advertise here,contact us