'വെറും 4 മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ സാധിക്കുന്നുള്ളൂ'; ആരോഗ്യ പ്രശ്‌നങ്ങൾ വെളിപ്പെടുത്തി നടന്‍ അജിത്

ഈ അവസ്ഥ തനിക്ക് വിശ്രമ സമയത്ത് സിനിമകളോ സീരീസുകളോ പോലും കാണാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് നയിച്ചിരിക്കുകയാണെന്നും അജിത് പറയുന്നു

എണ്ണമറ്റ സിനിമകള്‍ ചെയ്ത നിരവധി ആരാധകരുള്ള നടനാണ് അജിത് കുമാര്‍. 'തല' എന്ന് ആരാധകര്‍ വിളിക്കുന്ന അജിത്തിന് തമിഴ്‌നാട്ടില്‍ മാത്രമല്ല രാജ്യത്തുടനീളം ആരാധകരുണ്ട്. അഭിനയത്തിന് പുറമേ കാര്‍ റേസിംഗിലും ഇന്ന് മിന്നും താരമാണ് അജിത്. എന്നാല്‍ താരത്തിന്റെ ആരോഗ്യാവസ്ഥയെ പറ്റിയുള്ള പുതിയ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയാവുകയാണ്. തനിക്ക് ഗുരുതരമായ ഉറക്കപ്രശ്‌നങ്ങളുണ്ടെന്നാണ് അജിത് ഈയടുത്ത് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ അവസ്ഥ തനിക്ക് വിശ്രമ സമയത്ത് സിനിമകളോ സീരീസുകളോ പോലും കാണാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് നയിച്ചിരിക്കുകയാണെന്നും അജിത് പറയുന്നു.

ഉറക്ക പ്രശ്‌നങ്ങള്‍ മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍

സ്വന്തം സിനിമകള്‍ പോലും തനിക്ക് പലപ്പോഴും കാണാന്‍ സാധിക്കുന്നില്ലായെന്നാണ് അജിത് പറയുന്നത്. 'എനിക്ക് ഉറക്കം വരുന്നത് കുറവാണ്. പലപ്പോഴും ഉറക്കം വരാതെ ഞാന്‍ ബുദ്ധിമുട്ടുന്നു. ഇനി ഉറങ്ങിയാലും പരമാവധി 4 മണിക്കൂര്‍ മാത്രമേ എനിക്ക് ഉറങ്ങാന്‍ സാധിക്കുള്ളൂ. വിമാനയാത്രകളിലാണ് പിന്നെയും എനിക്ക് ഉറക്കം ലഭിക്കുന്നത്,' അജിത് പറയുന്നു. ഉറക്കക്കുറവ് തന്റെ ദിനചര്യയെ ബാധിച്ചതായും ഇത് പെട്ടെന്ന് തന്നെ ക്ഷീണിതനാക്കിയതായും അജിത് വ്യക്തമാക്കി.

റേസിംഗിലെ അപകട സാധ്യതകളെ കുറിച്ചും നടന്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ദുബായില്‍ റേസിംഗില്‍ അടുത്തിടെയുണ്ടായ അപകടം ആരാധകരെ ഭയപ്പെടുത്തിയിരുന്നു. എന്നാല്‍ അവയെല്ലാം മത്സരത്തിന്റെ ഭാഗം മാത്രമാണെന്ന് നടന്‍ വിശദീകരിച്ചു.

മോട്ടോര്‍സ്‌പോട്‌സില്‍ ഇത് പതിവാണെന്നും റേസിംഗില്‍ കാര്‍ ഡ്രൈവറുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് രൂപീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight- 'I can only sleep for 4 hours'; Actor Ajith reveals his health problems

To advertise here,contact us