സൈനസൈറ്റിസ് എന്നത് സാധാരണയായി നിരവധി ആളുകളിൽ കണ്ടുവരുന്ന രോഗമാണ്. ജലദോഷമോ, തലവേദനയോ പോലെ സൈനസൈറ്റിസും പലപ്പോഴും ഇടയ്ക്കിടെ ഉണ്ടാവുന്ന അസുഖമാണ്. മൂക്കൊലിപ്പ്, ശ്വസനത്തിലെ ബുദ്ധിമുട്ട്, മുഖത്ത് വേദന, തലവേദന തുടങ്ങിയവയാണ് സൈനസൈറ്റിസിന്റെ സാധാരണ ലക്ഷണങ്ങൾ. മിക്കവാറും സൈനസ് ഗ്രന്ഥിയിലുണ്ടാകുന്ന അണുബാധയോ, അനുബന്ധ പ്രശ്നങ്ങളോ ആയിരിക്കാം ഇത്തരം തലവേദനയ്ക്ക് കാരണം. എങ്കിലും നിരന്തരം വരുന്ന സൈനസൈറ്റിസ് ലക്ഷണങ്ങൾ മറ്റെന്തെങ്കിലും രോഗത്തിന്റെ തുടക്കമാകാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നെറ്റിയുടെ പിറകിലുള്ള സൈനസിനെ ഫ്രോണ്ടൽ സൈനസ്, കണ്ണുകളുടെ താഴെയുള്ളതിനെ മാക്സില്ലറി സൈനസ്, കണ്ണിന്റെയും മൂക്കിന്റെയും ഇടയിലുള്ളതിനെ എമോയിഡ് സൈനസ്, മൂക്കിൻ്റെ ഏറ്റവും പിറകിലുള്ളതിനെ സ്ഫിനോയിഡ് സൈനസ് എന്നിങ്ങനെയാണ് വിളിക്കുന്നത്. ഈ അറകളുടെ ഭിത്തിയിൽ നിന്നുണ്ടാകുന്ന കഫം സാധാരണമായി സൈനസിന്റെ ചെറിയ ഒരു ദ്വാരത്തിലൂടെ മൂക്കിലേക്ക് നിരന്തരം വന്നുകൊണ്ടേയിരിക്കും. ഏതെങ്കിലും കാരണത്താൽ ഈ ദ്വാരം അടയുകയാണെങ്കിൽ സൈനസിലെ കഫം അവിടെത്തന്നെ കെട്ടിക്കിടന്ന് അതിൽ പഴുപ്പുണ്ടാകുന്നു. ഇതിനെയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. എന്നാൽ സൈനസൈറ്റിസിന് ചികിത്സ തേടുകയും, മരുന്ന് കഴിച്ചിട്ടും രോഗം മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നുണ്ടെങ്കിൽ ഇത് മറ്റ് രോഗങ്ങളുടെ ലക്ഷണമാകാമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ശക്തമായ ജലദോഷം, സ്ഥിരമായുള്ള അലർജി, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന ദശകൾ (Polyps), സൈനസിൻ്റെ ദ്വാരം തടസ്സപ്പെടുത്തുന്ന മൂക്കിന്റെ പാലത്തിൻ്റെ വളവ്, പുകവലി, അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാനപ്പെട്ട കാരണങ്ങൾ.
സൈനസൈറ്റിസിൻ്റെ പ്രധാന ലക്ഷണം തലവേദനയും തലയ്ക്കുള്ള ഭാരവുമാണ്. ഏത് സൈനസിനാണോ ബാധിച്ചത് എന്നതനുസരിച്ചാണ് തലയുടെ ഏത് ഭാഗത്ത് വേദനയുണ്ടാകുന്നത് എന്ന് പറയാൻ പറ്റുകയുള്ളൂ. തലവേദനയില്ലെങ്കിൽ അതിന് സൈനസൈറ്റിസ് എന്ന് വിളിക്കാൻ പ്രയാസമാണ്, അലര്ജി കാരണവും ഇത്തരത്തില് തലയ്ക്ക് ഭാരം അനുഭവപ്പെടാം. . സാധാരണമായി മൂക്കിന് ചുറ്റുമാണ് വേദന അനുഭവപ്പെടുന്നത്. സ്ഫിനോയ്ഡ് സൈനസിനെ ബാധിച്ചിട്ടുണ്ടെങ്കിൽ നെറുകയിൽ വേദനയുണ്ടാകാം. അതിരാവിലെയാണ് തലവേദന അധികമായുണ്ടാകുക. പകല് സമയം പുരോഗമിക്കുന്നതിനിടെ തലവേദന കുറഞ്ഞുവരും.
Content Highlight; What Is Sinusitis? Causes and Symptoms