ഒരു മുട്ട പൊട്ടിച്ചപ്പോൾ രണ്ട് മഞ്ഞക്കരു! എന്തുകൊണ്ടാണ് ചില മുട്ടയില്‍ രണ്ട് മഞ്ഞക്കരു ഉണ്ടാകുന്നത്?

ചില മുട്ടകള്‍ക്ക് എന്തുകൊണ്ടാണ് രണ്ട് മഞ്ഞക്കരു?; ഇതിന് പിന്നിലെ ശാസ്ത്രം എന്താണെന്ന് അറിയാം

സാധാരണയായി ഒരു മുട്ട പൊട്ടിക്കുമ്പോള്‍ അതിന്റെ വെള്ളയും ഒരു മഞ്ഞക്കരുവുമാണ് കാണുക. എന്നാല്‍ ചിലപ്പോള്‍ മുട്ട പൊട്ടിക്കുമ്പോള്‍ അപൂര്‍വ്വമായി അതിനുള്ളില്‍ രണ്ട് മഞ്ഞക്കരു കാണാറുണ്ട്. അപൂര്‍വമായതുകൊണ്ടുമാത്രം ഈ കാഴ്ച പലര്‍ക്കും കൗതുകം ഉണ്ടാക്കാറുമുണ്ട്. ഇതിന് പിന്നിലെ ശാസ്ത്രം എന്താണെന്നല്ലേ?.

എങ്ങനെയാണ് രണ്ട് മഞ്ഞക്കരു ഉള്ള മുട്ട രൂപപ്പെടുന്നത്?

കോഴിയുടെ അണ്ഡാശയത്തിലാണ് മഞ്ഞക്കരു രൂപപ്പെടുന്നത്. മഞ്ഞക്കരു പാകമാകുമ്പോള്‍ അത് അണ്ഡാശയത്തില്‍ നിന്ന് പുറത്തുവന്ന് അണ്ഡവാഹിനിയിലൂടെ സഞ്ചരിക്കുന്നു. ഈ യാത്രയ്ക്കിടെയാണ് മുട്ടയുടെ വെള്ളയും പിന്നീട് മെംബ്രെയിനും പുറംതോടും രൂപപ്പെടുന്നത്.

സാധാരണയായി ഒരു സമയത്ത് ഒരു മഞ്ഞക്കരു മാത്രമാണ് ഈ വഴിയിലൂടെ സഞ്ചരിക്കുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ രണ്ട് മഞ്ഞക്കരു വളരെ അടുത്തടുത്തുള്ള സമയത്ത് പുറത്തുവരാം.ഇത് രണ്ടും ഒരുമിച്ച് അണ്ഡവാഹിനിയിലൂടെ സഞ്ചരിച്ചാല്‍ ശരീരം അവയ്ക്ക് ചുറ്റും വെള്ളയും മറ്റ് പാളികളും രൂപപ്പെടുത്തി ഒടുവില്‍ ഒരേയൊരു പുറംതോടിനുള്ളില്‍ അടയ്ക്കും. അങ്ങനെയാണ് രണ്ട് മഞ്ഞക്കരു ഉള്ള മുട്ട ഉണ്ടാകുന്നത്.

എങ്ങനെയുള്ള കോഴികളിലാണ് ഇത് കൂടുതലായി കാണുന്നത്

കോഴി മുട്ടയിടാന്‍ തുടങ്ങുന്ന ആദ്യകാലത്താണ് രണ്ട് മഞ്ഞക്കരു ഉള്ള മുട്ടകള്‍ കൂടുതലായി കാണപ്പെടുന്നത്. ഈ സമയത്ത് കോഴിയുടെ പ്രത്യുത്പാദന സംവിധാനം പൂര്‍ണമായി ക്രമത്തിലായിട്ടുണ്ടാകണമെന്നില്ല. അതുകൊണ്ട് ചില അവസരങ്ങളില്‍ രണ്ട് മഞ്ഞക്കരു കുറഞ്ഞ ഇടവേളയില്‍ പുറത്തുവരാം. അവ ഒരുമിച്ച് സഞ്ചരിച്ച് ഒരേ പുറംതോടിനുള്ളില്‍ എത്തുമ്പോള്‍ ഡബിള്‍-യോക്ക് മുട്ടയായി മാറുന്നു. കോഴിയുടെ പ്രായം മാത്രമല്ല ജനിതക ഘടകങ്ങള്‍ക്കും ഇതില്‍ പങ്കുണ്ട്.

രണ്ട് മഞ്ഞക്കരു ഉള്ള മുട്ട വലുതായിരിക്കുമോ?

രണ്ട് മഞ്ഞക്കരു ഉള്ള മുട്ടകള്‍ സാധാരണ മുട്ടകളേക്കാള്‍ വലുതായി തോന്നുന്നത് സ്വാഭാവികമാണ്. കാരണം ഒരേയൊരു മുട്ടത്തോടിനുള്ളില്‍ രണ്ട് മഞ്ഞക്കരുകള്‍ അടങ്ങിയിരിക്കുന്നതുകൊണ്ടുതന്നെ. വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കുന്ന മുട്ടകളില്‍ വലുപ്പം കൂടുതലുള്ള ചില മുട്ടകളില്‍ ഡബിള്‍ യോള്‍ക്ക് കണ്ടെത്താനുള്ള സാധ്യത കൂടുതലാണ്.

കഴിക്കാന്‍ സുരക്ഷിതമാണോ?

രണ്ട് മഞ്ഞക്കരു ഉണ്ടായിരിക്കുന്നത് മുട്ട കേടായതിന്റെ ലക്ഷണമല്ല. ഈ മുട്ട സാധാരണ മുട്ട പോലെ തന്നെ കഴിക്കാം. ഓംലെറ്റ്, സ്‌ക്രാംബിള്‍ഡ് എഗ്ഗ് തുടങ്ങിയ ഉണ്ടാക്കാന്‍ ഇത് ഉപയോഗിക്കാം. വേവിച്ചെടുക്കുമ്പോള്‍ രണ്ട് മഞ്ഞക്കരുകള്‍ ഒരുമിച്ച് കാണുന്നതിനാല്‍ കാഴ്ചയിലും വ്യത്യസ്തമായിരിക്കും.

പോഷകഗുണം കൂടുതലാണോ?

ഒരു മുട്ടയില്‍ രണ്ട് മഞ്ഞക്കരു ഉള്ളതിനാല്‍ സാധാരണ മുട്ടയെ അപേക്ഷിച്ച് മഞ്ഞക്കരുവുമായി ബന്ധപ്പെട്ട പോഷകങ്ങള്‍ കൂടുതലായിരിക്കും. മഞ്ഞക്കരുവില്‍ പ്രോട്ടീന്‍, കൊഴുപ്പ്, വിവിധ വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാല്‍ മുട്ടയുടെയും രണ്ട് മഞ്ഞക്കരുകളുടെയും വലുപ്പം അനുസരിച്ച് പോഷകമൂല്യത്തില്‍ വ്യത്യാസമുണ്ടാകും.

രണ്ട് മഞ്ഞക്കരു മാത്രമല്ല ഒമ്പത് മഞ്ഞക്കരുവും

ഒന്നും രണ്ടും മഞ്ഞക്കരു ഉള്ള മുട്ടയാണ് സാധാരണയായി നമ്മള്‍ കാണുന്നത്. എന്നാല്‍ അതിലും അപൂര്‍വമായി രണ്ടിലധികം മഞ്ഞക്കരു ഉള്ള മുട്ടകളും ഉണ്ടായിട്ടുണ്ട്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളില്‍ ഒന്നാണ് ഒരേ മുട്ടയ്ക്കുള്ളില്‍ ഒമ്പത് മഞ്ഞക്കരുകള്‍ കണ്ടെത്തിയത സംഭവം. 1971-ലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

മഞ്ഞക്കരു ഇല്ലാത്ത മുട്ട

ഇതിനൊക്കെ വിപരീതമായി മഞ്ഞക്കരു ഇല്ലാത്ത വളരെ ചെറിയ മുട്ടകളും ഉണ്ടാകാറുണ്ട്. ഇവയെ സാധാരണയായി 'ഫെയറി എഗ്ഗ്' അല്ലെങ്കില്‍ 'ഡ്വാര്‍ഫ് എഗ്ഗ്' എന്നാണ് വിളിക്കുന്നത്. മുട്ടയിടാന്‍ തുടങ്ങുന്ന ചെറുപ്പമായ കോഴികളിലാണ് ഇത്തരം മുട്ടകള്‍ കൂടുതലായി കാണുന്നത്.

Content Highlights :Why do some eggs have two yolks? Let's understand the science behind it

To advertise here,contact us