ചുവന്ന മുളകിന് നല്ല എരിവാണ്; ഇന്ത്യയിലെ ചില്ലി ക്യാപ്പിറ്റല്‍ എവിടെയാണെന്ന് അറിയാമോ?

ഇന്ത്യയുടെ 'ചില്ലി ക്യാപിറ്റല്‍' ഏത് നഗരത്തിലാണ്? എന്തുകൊണ്ടാണ് ഈ പേര് ലഭിച്ചത്?

കറിക്ക് എരിവ് കൂട്ടാന്‍ ഒരു നുള്ള് മുളക്. അടുക്കളയില്‍ മുളകില്ലാത്ത വിഭവങ്ങള്‍ കുറവായിരിക്കും. പച്ചമുളകായാലും ഉണക്കമുളകായാലും ഭക്ഷണത്തിന് രുചിയും മണവും എരിവും നല്‍കുന്നതില്‍ മുളകിന് വലിയ സ്ഥാനമാണ്. എന്നാല്‍ ഇന്ത്യയില്‍ മുളകിന്റെ പേരില്‍ തന്നെ അറിയപ്പെടുന്ന ഒരു നഗരം ഉണ്ടെന്ന് അറിയാമോ?

'ചില്ലി ക്യാപിറ്റല്‍ ഓഫ് ഇന്ത്യ' എന്ന വിശേഷണം കേള്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്നത് ഏതെങ്കിലും പ്രശസ്തമായ ഭക്ഷണനഗരമായിരിക്കാം. എന്നാല്‍ ഉത്തരം അതല്ല. ആന്ധ്രപ്രദേശിലെ ഗുണ്ടൂരാണ് ഇന്ത്യയുടെ 'ചില്ലി ക്യാപിറ്റല്‍' അഥവാ 'ചില്ലി സിറ്റി' എന്നറിയപ്പെടുന്നത്.

എന്തുകൊണ്ടാണ് ഗുണ്ടൂരിന് ഈ പേര് ലഭിച്ചത്?

ഗുണ്ടൂരിന്റെ പേരും ചുവന്ന മുളകും തമ്മിലുള്ള ബന്ധം അത്ര ചെറുതല്ല. ഇവിടെ വലിയ തോതിലാണ് മുളക് കൃഷി ചെയ്യുന്നത്. ഗുണ്ടൂര്‍ ജില്ലയില്‍ ഏകദേശം 18,400 ഹെക്ടര്‍ സ്ഥലത്ത് മുളക് കൃഷി ചെയ്യുന്നുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. ജില്ലയിലെ ഹോര്‍ട്ടികള്‍ച്ചര്‍ കൃഷിയുടെ വലിയൊരു ഭാഗവും മുളകാണ്. പക്ഷേ കൃഷി മാത്രമല്ല ഗുണ്ടൂരിനെ മുളകിന്റെ നഗരമാക്കി മാറ്റിയത്. മുളക് കര്‍ഷകരില്‍ നിന്ന് വ്യാപാരികളിലേക്കും അവിടെ നിന്ന് രാജ്യത്തിനകത്തും വിദേശത്തേക്കുമെത്തുന്ന വലിയൊരു വ്യാപാര ശൃംഖലയാണ് ഇവിടെ നിലനില്‍ക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ മുളക് വിപണികളിലൊന്ന്

ഇവിടുത്തെ പ്രധാന വിപണന കേന്ദ്രമാണ് ഗുണ്ടൂര്‍ മിര്‍ച്ചി യാര്‍ഡ്. ഉണക്കമുളകിന്റെ വലിയ വ്യാപാരമാണ് ഇവിടെ നടക്കുന്നത്. ഏകദേശം 49.73 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ മാര്‍ക്കറ്റ് യാര്‍ഡിനെ ഗുണ്ടൂര്‍ ജില്ലാ ഭരണകൂടം ഏഷ്യയിലെ ഏറ്റവും വലിയ മുളക് മാര്‍ക്കറ്റ് യാര്‍ഡായി വിശേഷിപ്പിക്കുന്നു. 2017 ഒക്ടോബര്‍ മുതല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള e-NAM സംവിധാനത്തിലൂടെയും ഇവിടെ മുളക് വ്യാപാരം നടക്കുന്നുണ്ട്.അതായത് ഗുണ്ടൂരില്‍ മുളക് കൃഷി ചെയ്യുന്ന ഒരു വിള മാത്രമല്ല. കര്‍ഷകര്‍, വ്യാപാരികള്‍, പ്രോസസ്സിങ് സ്ഥാപനങ്ങള്‍, കയറ്റുമതിക്കാര്‍ തുടങ്ങി നിരവധി ആളുകളുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന വലിയൊരു വ്യവസായമാണ്.

ഗുണ്ടൂരിലെ മുളക് വിദേശത്തേക്കും

ഗുണ്ടൂരില്‍ നിന്നുള്ള ചുവന്ന മുളകിന്റെ വിപണി ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നില്ല. ഏഷ്യ, കാനഡ, യൂറോപ്പ് തുടങ്ങിയ വിദേശ വിപണികളിലേക്കും ഇവിടെ നിന്നുള്ള മുളക് എത്തുന്നുണ്ട്. മുളക് പൊടിയും വിവിധ മുളക് ഇനങ്ങളും ഇവിടെനിന്ന് വലിയ തോതില്‍ വ്യാപാരം ചെയ്യപ്പെടുന്നു. അതിനാല്‍ തന്നെ ഗുണ്ടൂരിന്റെ പേര് ഇന്ന് ഇന്ത്യയിലെ ഒരു കാര്‍ഷിക മേഖലയെന്നതിലുപരി ആഗോള സുഗന്ധവ്യഞ്ജന വ്യാപാരത്തിലും ശ്രദ്ധേയമാണ്.

പേരിലും ഗുണ്ടൂര്‍ ഉള്ള ഗുണ്ടൂര്‍ സന്നം മുളക്

ഗുണ്ടൂരിന്റെ മുളക് പെരുമയില്‍ പ്രധാനപ്പെട്ട മറ്റൊരു പേരാണ് ഗുണ്ടൂര്‍ സന്നം മുളക്. S4 എന്ന പേരിലും അറിയപ്പെടുന്ന ഈ മുളകിന് നല്ല എരിവുണ്ട്. മസാല ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്നതിനൊപ്പം മുളകിന്റെ എരിവിന് കാരണമാകുന്ന ക്യാപ്‌സൈസിന്‍ വേര്‍തിരിച്ചെടുക്കാനും ഇത് ഉപയോഗിക്കുന്നു. ഗുണ്ടൂര്‍ സന്നം മുളകിന് GI രജിസ്‌ട്രേഷനും ലഭിച്ചിട്ടുണ്ട്. അതായത് 'ഗുണ്ടൂര്‍ മുളക്' എന്ന് പറയുന്നത് വെറുമൊരു സ്ഥലത്തിന്റെ പേരല്ല. പ്രത്യേകതയുള്ള മുളക് ഇനങ്ങളുടെയും വലിയൊരു വ്യാപാര മേഖലയുടെയും പേരുകൂടിയാണ്.

പ്രോസസിംഗും വിപണനവും

ഒരു മുളക് വിത്ത് കൃഷിയിടത്തിലെത്തുന്നത് മുതല്‍ അത് ഉണക്കി, തരംതിരിച്ച്, ഗുണനിലവാരം പരിശോധിച്ച്, വിപണിയിലെത്തിച്ച്, വിവിധ ഉല്‍പ്പന്നങ്ങളായി മാറി ഒടുവില്‍ മറ്റൊരു രാജ്യത്തെ അടുക്കളയിലെത്തുന്നതുവരെയുള്ള പ്രവര്‍ത്തനത്തില്‍ ധാരാളം ആളുകളാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ മുതല്‍ വ്യാപാരികള്‍, തൊഴിലാളികള്‍, പ്രോസസ്സിങ് യൂണിറ്റുകള്‍, കയറ്റുമതിക്കാര്‍ തുടങ്ങി നിരവധി പേരുടെ ഉപജീവനവുമായി ഇവിടുത്തെ മുളക് കൃഷി ബന്ധപ്പെട്ടിരിക്കുന്നു.

Content Highlights :Where is the city known as India's 'Chilli Capital' or 'Chilli City' located? Why did it get this name?

To advertise here,contact us