മെലഡി ചോക്ലേറ്റ് മാത്രമല്ല; പ്രധാനമന്ത്രി മോദി ലോകനേതാക്കള്‍ക്ക് സമ്മാനിച്ച ഭക്ഷ്യവസ്തുക്കള്‍ ഇവയൊക്കെയാണ്

പരമ്പരാഗതമായ 10 പ്രധാനപ്പെട്ട ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കളാണ് പ്രധാനമന്ത്രി ലോകനേതാക്കള്‍ക്ക് സമ്മാനിച്ചത്

സമ്മാനങ്ങള്‍ എപ്പോഴും മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നവയാണ്. സ്‌നേഹം, കൃതജ്ഞത, ബഹുമാനം, അഭിനന്ദനം തുടങ്ങിയ വികാരങ്ങളൊക്കെ പ്രകടിപ്പിക്കാന്‍ സമ്മാനങ്ങള്‍ സഹായിക്കാറുണ്ട്. പ്രത്യേകിച്ച് ഭക്ഷണങ്ങളിലൂടെ കെട്ടിപ്പടുക്കുന്ന ബന്ധം എന്നന്നേക്കുമായി നിലനില്‍ക്കുന്നുവെന്നാണ് പറയപ്പെടുന്നത്. അടുത്തിടെ ഇറ്റാലിയന്‍ പ്രധാനമന്ത്രിയായ ജോര്‍ജിയ മെലോനിയെ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനമായി നല്‍കിയത് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മിഠായിയായ മെലഡിയാണ്. രണ്ട് പ്രധാനമന്ത്രിമാരുടേയും പേരുകള്‍ ഒന്നിച്ച് ചേര്‍ത്ത് സോഷ്യല്‍മീഡിയയില്‍ 'മെലോഡി' (#Melodi)എന്ന വൈറല്‍ ഹാഷ്ടാഗ് സൃഷ്ടിക്കപ്പെടുകയും വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ ആകെ തരംഗമാകുകയും ചെയ്തിരുന്നു. മെലഡി ചോക്ലേറ്റ് മാത്രമല്ല 5 രാഷ്ട്ര പര്യടനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക നേതാക്കള്‍ക്ക് സമ്മാനിച്ച 10 പരമ്പരാഗതവും വ്യത്യസ്തമായ ഇന്ത്യന്‍ ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്നുനോക്കാം.

കേസര്‍ മാമ്പഴം

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രധാനമന്ത്രി സമ്മാനമായി നല്‍കിയത് കേസര്‍ മാമ്പഴമാണ്. പ്രധാനമായും ഗിര്‍ വനപ്രദേശങ്ങളിലും ഗുജറാത്തിലെ ജുനഗദ് ജില്ലയിലുമാണ് ഈ മാമ്പഴം കൃഷി ചെയ്യുന്നത്. മധുരപലഹാരങ്ങള്‍, ജ്യൂസുകള്‍ എന്നിവ ഉണ്ടാക്കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.

മേഘാലയ പൈനാപ്പിള്‍

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രധാനമന്ത്രി സമ്മാനിച്ചത് മേഘാലയ പൈനാപ്പിളാണ്. മേഘാലയയിലെ റി-ഭോയ് മേഖലയില്‍ വളരുന്ന ഖാസി പൈനാപ്പിളുമായി ബന്ധപ്പെട്ട ജിഐ-ടാഗ് ചെയ്ത പഴമാണിത്. നല്ല മധുരത്തിനും സുഗന്ധത്തിനും ജൈവകൃഷി രീതികള്‍ക്കും പേരുകേട്ടതാണ് ഈ പൈനാപ്പിള്‍. ജ്യൂസുകള്‍, മധുരപലഹാരങ്ങള്‍, ജാം, സംസ്‌കരിച്ച ഭക്ഷ്യ ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും ഈ പൈനാപ്പിള്‍ ഉപയോഗിക്കുന്നുണ്ട്.

ലോക് തക് ടീ( Loktak Tea)

സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണിന് പ്രധാനമന്ത്രി മോദി നല്‍കിയത് മണിപ്പൂരില്‍ നിന്നുള്ള Loktak Tea ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മണിപ്പൂരിലെ ലോക്തക് തടാകത്തിന് ചുറ്റുമുള്ള പ്രകൃതിരമണീയമായ പ്രദേശത്ത് വളര്‍ത്തുന്ന ഒരു സവിശേഷ തേയിലയാണ് ഇത്. ഉന്മേഷദായകമായ രുചി, മനോഹരമായ സുഗന്ധം എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ തേയില. വ്യത്തിയുള്ളതും ഫലഭൂയിഷ്ഠവുമായ അന്തരീക്ഷത്തിലാണ് ഈ തേയില കൃഷി ചെയ്യുന്നത്. ഈ തേയില പ്രദേശത്തിന്റെ സമ്പന്നമായ ജൈവ വൈവിധ്യത്തെയും പ്രകൃതി സൗന്ദര്യത്തെയും പ്രതിഫലിപ്പിക്കുന്നു.

മെലഡി ചോക്ലേറ്റ്

ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോണിക്ക് മെലഡി ചോക്ലേറ്റാണ് നരേന്ദ്രമോദി സമ്മാനമായി നല്‍കിയത്. കാരമലിന്റെയും ചോക്ലേറ്റിന്റെയും സമ്മിശ്രമായ രുചി വാഗ്ധാനം ചെയ്യുന്ന ഒരു ഐക്കണിക് ഇന്ത്യന്‍ ചോക്ലേറ്റാണ് മെലഡി.

പാലക്കാടന്‍ മട്ട അരി

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ (എഫ്എഒ) ഡയറക്ടര്‍ ജനറല്‍ ഡോ.ക്യു ഡോങ്യുവിന് പ്രധാനമന്ത്രി സമ്മാനിച്ചത് മികച്ച ചില ധാന്യങ്ങളാണ്. അതില്‍ പാലക്കാടന്‍ മട്ട എന്നറിയപ്പെടുന്ന ചുവന്ന അരിയും ഉള്‍പ്പെടുന്നു. കേരളത്തിലെ പാലക്കാട് ജില്ലയില്‍ പ്രധാനമായും കൃഷിചെയ്യുന്ന പരമ്പരാഗത അരി ഇനമാണ് പാലക്കാടന്‍ മട്ട. ചുവപ്പ് കലര്‍ന്ന തവിട്ട് നിറമുള്ള ഈ അരിക്ക് സമ്പന്നമായ പോഷകഗുണങ്ങളുണ്ട്. നാരുകള്‍, വിറ്റാമിനുകള്‍,ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ അരിയാണ് ഇത്.

ഗോബിന്ദേബോഗ് റൈസ്

പശ്ചിമ ബംഗാളില്‍ നിന്നുള്ള ഗോബിന്ദോഭോഗ് അരിയും പ്രധാനമന്ത്രി ഡോ.ക്യു ഡോങ്യുവിന് നല്‍കിയിരുന്നു. ബര്‍ദ്വാന്‍, ഹൂഗ്ലി, നാദിയ തുടങ്ങിയ ജില്ലകളില്‍ പരമ്പരാഗതമായി കൃഷി ചെയ്യുന്ന ഒരു പ്രീമിയം തദ്ദേശീയ അരി ഇനമാണിത്. ജിഐ-ടാഗ് ചെയ്ത ഈ അരി സാധാരണയായി ഖിച്ചൂരി, പുലാവ്, പായേഷ് തുടങ്ങിയ ഉത്സവ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനും മതപരമായ ആചാരങ്ങള്‍ക്കും ഉപയോഗിക്കുന്നു. കൂടാതെ ഇത് പ്രകൃതിദത്ത സുഗന്ധത്തിനും മികച്ച പാചക ഗുണനിലവാരത്തിനും പേരുകേട്ടതാണ്. അതിന്റെ രുചിയും മികച്ച പാചക ഗുണനിലവാരവും കാരണം ബംഗാളില്‍ ഈ അരിക്ക് സാംസ്‌കാരികവും പാചകപരവുമായ പ്രാധാന്യം ഉണ്ട്.

ജോഹ റൈസ്

ബ്രഹ്‌മപുത്ര താഴ്വരയില്‍ നിന്നുള്ള അസാമിലെ ജോഹ അരിയും ഡോ.ക്യു ഡോങ്യുവിന് നല്‍കിയ വിഭവങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. 'സുഗന്ധമുള്ളത്' എന്നര്‍ത്ഥമുള്ള ആസാമീസ് പദത്തില്‍ നിന്നാണ് 'ജോഹ' എന്ന വാക്ക് വന്നത്. ഈ അരി സാധാരണയായി ചെറിയ ധാന്യങ്ങളാല്‍ നിര്‍മ്മിച്ചതാണ്. പരമ്പരാഗത ആസാമീസ് വിഭവങ്ങള്‍ തയ്യാറാക്കുന്നതിനും, ഉത്സവ ഭക്ഷണങ്ങള്‍ക്കും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ആധികാരികത നിലനിര്‍ത്തുന്നതിനും പ്രാദേശിക കര്‍ഷകരെ സഹായിക്കാനുമായി ഈ അരിക്ക് ജിഐ ടാഗ് നല്‍കിയിട്ടുണ്ട്.

ബസ്മതി അരി

ഇന്തോ-ഗംഗാ സമതലങ്ങളില്‍ നിന്നുള്ള ബസ്മതി അരിയും സമ്മാനമായി നല്‍കിയിട്ടുണ്ട്. സുഗന്ധത്തിനും പാചകം ചെയ്തതിനുശേഷമുളള മൃദുവായ ഘടനയ്ക്കും പേരുകേട്ട ലോകപ്രശസ്തമായ നീളമുള്ള അരിയാണിത്. പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് വ്യാപകമായി കൃഷി ചെയ്യുന്നു. സുഗന്ധവും മികച്ച പാചക ഗുണവും കാരണം ബിരിയാണി, പുലാവ്, ഫ്രൈഡ് റൈസ് തുടങ്ങിയ വിഭവങ്ങള്‍ തയ്യാറാക്കാനാണ് ഇത് കൂടുതലും ഉപയോഗിക്കുന്നത്.

കലാനമാക് അരി

ഡോ.ക്യു ഡോങ്യുവിന് നല്‍കിയ കൊട്ടയില്‍ യുപിയുടെ പ്രത്യേക കലാനമാക് അരിയും ഉണ്ടായിരുന്നു. ബുദ്ധ റൈസ് എന്നും ഇത് അറിയപ്പെടുന്നു. ഗൗതമ ബുദ്ധന്റെ കാലവുമായി ഇതിന് ചരിത്രപരമായ ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ അതുല്യമായ സുഗന്ധം, കറുത്ത പുറംതൊലി, മൃദുവായ ഘടന, അയണ്‍ , ആന്റിഓക്സിഡന്റ് അടക്കമുള്ള സമ്പന്നമായ പോഷകമൂല്യങ്ങള്‍ എന്നവയ്ക്ക് പേരുകേട്ടതാണ് ഈ അരി.

ജോവര്‍, ബജ്ര മില്ലറ്റ് ബാറുകള്‍

ജോവര്‍, ബജ്റ എന്നിവ ചേര്‍ത്ത മില്ലറ്റ് ബാറുകളും അദ്ദേഹത്തിന് സമ്മാനമായി നല്‍കി. സോര്‍ഗം എന്നും അറിയപ്പെടുന്ന ജോവറില്‍ മില്ലറ്റില്‍ പ്രോട്ടീന്‍, ഇരുമ്പ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതേസമയം ബജ്റ അഥവാ പേള്‍ മില്ലറ്റ് ഊര്‍ജ്ജം, കാല്‍സ്യം, മഗ്‌നീഷ്യം, അവശ്യ പോഷകങ്ങള്‍ എന്നിവയുടെ മികച്ച ഉറവിടമാണ്. ഈ മില്ലറ്റുകള്‍ പല ഗ്രാമപ്രദേശങ്ങളിലും പ്രധാന ഭക്ഷണമാണ്. കൂടാതെ റൊട്ടി, കഞ്ഞി, ഖിച്ഡി, മറ്റ് പരമ്പരാഗത വിഭവങ്ങള്‍ എന്നിവ തയ്യാറാക്കാന്‍ ഇവ ഉപയോഗിക്കുന്നു.

Content Highlights :PM gifts 10 important traditional Indian food items to world leaders

To advertise here,contact us