ഓണക്കാലമെത്തുമ്പോള്‍ പൂക്കളവും പൂവിളിയും സദ്യയും ഓണക്കളികളും എല്ലാം മനസ്സിലേക്ക് വരുന്നതിനൊപ്പം കസവിന്റെ തിളക്കമുള്ള സാരിയും മുണ്ടും കൂടി ഓര്‍മയിലെത്തും. ഓണപ്പുലരിയില്‍ അണിഞ്ഞൊരുങ്ങി നില്ക്കുന്ന മലയാളിയുടെ വേഷത്തില്‍ കസവിന് ഒരു പ്രത്യേക ഭംഗിയുണ്ട്. പക്ഷേ ഓണ വസ്ത്രങ്ങളില്‍ കസവിന് ഇത്രയേറെ പ്രാധാന്യം ലഭിച്ചത് എന്തുകൊണ്ടാണ്? ഇത് വെറും ഫാഷന്‍ മാത്രമല്ല. കേരളത്തിലെ ജീവിതശൈലിയും പാരമ്പര്യവും നെയ്ത്തിന്റെ ചരിത്രവും ചേര്‍ന്നൊരു കഥയാണ് കസവിനുള്ളത്.
കേരളത്തിന്റെ പരമ്പരാഗത വസ്ത്രങ്ങളില്‍ വെള്ള നിറത്തിന് വളരെ പ്രാധാന്യമുണ്ട്. ചൂടും ഈര്‍പ്പവും കൂടുതലുള്ള കേരളത്തിലെ കാലാവസ്ഥയില്‍ ശരീരത്തിന് സുഖകരമായ കോട്ടണ്‍ വസ്ത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ്. വെള്ള നിറം സൂര്യപ്രകാശം കൂടുതല്‍ പ്രതിഫലിപ്പിക്കുന്നതിനാല്‍ ചൂടുള്ള കാലാവസ്ഥയിലും ഏറ്റവും സുഖകരമായ ഒന്നായി വെള്ള നിറമുള്ള വസ്ത്രങ്ങൾ ആളുകൾക്ക് കൂടുതൽ പ്രിയങ്കരമാണ്. അങ്ങനെ വെള്ള വസ്ത്രം പിന്നീട് കേരളത്തിന്റെ തനത് വേഷത്തിന്റെ അടയാളമായി മാറി. പിന്നെ അതിലേക്ക് സ്വര്‍ണനിറത്തിലുള്ള കര കൂടി എത്തിയതോടെ ഭംഗി ഇരട്ടിയായി.
സാരിയുടെയോ മുണ്ടിന്റെയോ അരികില്‍ കാണുന്ന തിളങ്ങുന്ന സ്വര്‍ണനിറത്തിലുള്ള ഭാഗത്തെയാണ് പൊതുവെ കസവ് എന്ന് വിളിക്കുന്നത്. പഴയകാലത്ത് ഇത് യഥാര്‍ഥ സ്വര്‍ണ നൂല് ഉപയോഗിച്ചാണ് നെയ്തിരുന്നത്.സ്വര്‍ണം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായിരുന്നതു കൊണ്ടുതന്നെ വസ്ത്രത്തിലെ സ്വര്‍ണനിറത്തിലുള്ള കരയ്ക്ക് ഒരു പ്രത്യേക പ്രാധാന്യം ലഭിച്ചു. കാലം മാറിയപ്പോള്‍ യഥാര്‍ഥ സ്വര്‍ണനൂലിന് പകരം സ്വര്‍ണനിറമുള്ള മറ്റ് നൂലുകളും മറ്റും ഉപയോഗിക്കാന്‍ തുടങ്ങി. പക്ഷേ കസവും അതിന്റെ ഭംഗിയും മലയാളിയുടെ മനസ്സില്‍ അങ്ങനെ തന്നെ നിന്നു.
ഓണം മലയാളിയുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. പുതിയ വസ്ത്രം ധരിക്കുക എന്നത് ഓണാഘോഷത്തിന്റെ ഭാഗവുമാണ്. അതില്‍ ഏറ്റവും ലളിതമായിട്ടും ഒരേസമയം ആഘോഷത്തിന്റെ ഭംഗി മുഴുവന്‍ നല്കുന്ന വേഷവും കൂടിയാണ് കസവ് വസ്ത്രങ്ങള്‍. വെള്ള സാരിയില്‍ ഒരു നേര്‍ത്ത സ്വര്ണക്കര. അത്രയേ വേണ്ടൂ. വലിയ ഡിസൈനുകളോ നിറങ്ങളുടെ ബഹളമോ ഇല്ലാതെ തന്നെ ഒരു മലയാളിത്തം മുഴുവന്‍ ആ വേഷത്തില്‍ തെളിയും. അതുകൊണ്ടാണ് കസവുസാരിയും കസവുമുണ്ടും ഓണത്തിന്റെ സ്ഥിരം സാന്നിധ്യമായി മാറിയത്.
കസവിന്റെ ഭംഗി പാരമ്പര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. വെള്ളയും സ്വര്‍ണവും ചേര്‍ന്ന കോമ്പിനേഷന്‍ എപ്പോഴും എലഗന്റായി തോന്നും.വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ട്രെന്‍ഡുകള്‍ പലതു മാറിയിട്ടും കസവിന്റെ നിറക്കൂട്ടിന് പുതുമ അതുപോലെതതന്നെ തുടരുന്നുണ്ട്. ഇന്ന് കസവുസാരിക്കൊപ്പം ഗോള്‍ഡന്‍ ബ്ലൗസ്, പേസ്റ്റല്‍ ഷേഡുകള്‍, നിറമുള്ള ബ്ലൗസുകള്‍, ഡിസൈനര്‍ ബ്ലൗസുകള്‍ എന്നിങ്ങനെ പരീക്ഷണങ്ങള്‍ ഏറെയാണ്. എങ്കിലും വെള്ള സാരിയും സ്വര്‍ണക്കരയും എന്ന ക്ലാസിക് കോമ്പിനേഷന്‍ ഓണത്തിന് മുന്നില്‍ ഇന്നും ഒന്നാം സ്ഥാനത്താണ്.
Content Highlights : Why is Kasavu given so much importance in Onam attire?