അടിഭാഗമില്ലാത്ത ചെരുപ്പോ? ഇതെന്ത് ഫാഷന്‍. ഫാഷന്‍ ലോകം പുതുമകള്‍ തേടുമ്പോള്‍ അടുത്ത കാലത്തായി ചര്‍ച്ചകളില്‍ ഇടംപിടിക്കുകയും ട്രോളുകളില്‍ നിറയുകയും ചെയ്തുകൊണ്ടിരിക്കുന്ന ചെരിപ്പാണ് 'ക്രൂയിസ് 2026/27' കളക്ഷനിലെ 'ബെയര്‍ഫൂട്ട് സാന്‍ഡല്‍സ്' (Barefoot Sandals).
പേരില്‍ തന്നെയുണ്ട് അതിന്റെ പ്രത്യേകത. കാല്പാദത്തില് ഒന്നും ധരിച്ചിട്ടില്ലെന്ന തോന്നല്‍ നല്കുന്ന ലളിതവും സ്റ്റൈലിഷുമായ ഡിസൈന്‍. അടുത്തിടെ പ്രമുഖ ഫാഷന്‍ ഹൗസായ 'ചാനല്‍' അവതരിപ്പിച്ച ബട്ടര്‍ഫ്ളൈ ഡിസൈന്‍ സാന്ഡല് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
സ്വര്‍ണനിറത്തിലുള്ള മെറ്റാലിക് ബട്ടര്‍ഫ്ളൈ ഡിസൈന്‍, വളരെ സമ്പന്നമായ സ്ട്രാപ്പുകള്‍, കാലില്‍ കെട്ടുന്ന ലേസ് സ്റ്റൈല്‍. ഇതെല്ലാം ചേര്‍ന്നപ്പോള്‍ ഈ ചെരുപ്പ് ഒരു ഫൂട്ട് വെയര്‍ മാത്രമല്ല, ഒരു ഫാഷന്‍ സ്റ്റേറ്റ്മെന്റ് തന്നെയായി മാറി. 'Less is more' എന്ന ആശയം പൂര്‍ണമായി അവതരിപ്പിക്കുന്ന ഈ ഡിസൈന്‍, ലാളിത്യത്തിനുള്ളില്‍ ആഡംബരത്തിന്റെ സൗന്ദര്യം കണ്ടെത്തുകയാണ്.
ഈ ട്രെന്‍ഡിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് സാധാരണ ചെരിപ്പുകളെ പോലെ ഭാരം തോന്നിക്കാത്തതാണെന്നതാണ്. Barefoot fashion എന്ന ആശയത്തില്‍ നിന്നുള്ള പ്രചോദനമാണ് ഈ സ്റ്റൈലിന് പിന്നില്‍. അതുകൊണ്ടുതന്നെ ബീച്ച് ഫാഷന്‍, റിസോര്‍ട്ട് വെയര്‍, സമ്മര്‍ കളക്ഷന്‍സ് എന്നിവയില്‍ ഇത്തരം ചെരിപ്പുകള്‍ക്ക് വലിയ സ്ഥാനം ലഭിച്ചു കഴിഞ്ഞു.
ഫാഷന്‍ പ്രേമികള്‍ക്ക് ഈ സാന്ഡല് ഇഷ്ടപ്പെടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. പലതരത്തിലുള്ള വസ്ത്രങ്ങള്‍ക്കൊപ്പം ധരിക്കാം എന്നുള്ളതാണ് ആ പ്രത്യേകത. സാരി, സ്ളിറ്റ് ഗൗണ്‍, ഷോര്‍ട്ട് ഡ്രസ്, കാഷ്വല്‍ ഡെനിം ഡ്രസ് അങ്ങനെ എല്ലാത്തിനോടും ഇത് എളുപ്പത്തില്‍ മാച്ച് ചെയ്യുന്നു. പ്രത്യേകിച്ച് ആങ്കിള്‍ ആക്സസറീസ് പോലെ തോന്നുന്ന ഡിസൈന്‍ ആയതിനാല്‍ jewellery-inspired footwear എന്നൊരു പുതിയ ട്രെന്‍ഡിനും ഇത് വഴിതെളിക്കുന്നു.
ഈ ചെരിപ്പിന്റെ വില കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ഫാഷന്‍ ലോകത്തെ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഏകദേശം 1,500 മുതല്‍ 2000 യുഎസ് ഡോളര്‍ വരെയാകാം വില. അതായത് ഏകദേശം 1,25,000 മുതല്‍ 1,65,000 ഇന്ത്യന്‍ രൂപ. 2026 നവംബറോടെ ചെരുപ്പ് വിപണിയില്‍ എത്തും.
എന്നാല്‍ ഈ ഫാഷന്‍ എല്ലാവര്ക്കും ഒരുപോലെ ഇഷ്ടപ്പെട്ടിട്ടില്ല. ചിലര്‍ ഇതിനെ 'elegant and artistic' എന്ന് വിശേഷിപ്പിക്കുമ്പോള്‍, മറ്റുചിലര്‍ ''ഇത് ശരിക്കും ചെരുപ്പാണോ?'' എന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട്. ധരിക്കുമ്പോഴുള്ള കംഫര്‍ട്ടിനേക്കാള്‍ ആസ്വാദനത്തിന് പ്രാധാന്യം നല്കുന്ന ഡിസൈന്‍ ആയതിനാല്‍ അഭിപ്രായഭിന്നതകള്‍ സ്വാഭാവികമാണ്. Barely-There sandals ഇപ്പോള്‍ ഒരു ഫൂട്ട് വെയര്‍ ട്രെന്‍ഡ് മാത്രമല്ല, ബോള്‍ഡ് മിനിമലിസത്തിന്റെ പുതിയ പ്രതീകമായി മാറിക്കൊണ്ടിരിക്കുകയാണ്.
Content Highlights :'Barefoot Sandals' from the latest 'Cruise 2026/27' collection of the famous luxury brand Chanel