ഗ്രീൻലാൻഡിന് മേലുള്ള ട്രംപിൻ്റെ അവകാശവാദം നാറ്റോ സഖ്യത്തിൽ തന്നെ വിള്ളലുണ്ടാക്കി ഒരു ആഗോള തർക്കവിഷയമായി മാറിയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൻ്റെ വേദിയിൽ വെച്ച് ഗ്രീൻലാൻഡ് വിഷയത്തിൽ ട്രംപ് നാറ്റോ സഖ്യരാജ്യങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു. ഗ്രീൻലാൻഡിൻ്റെ തന്ത്രപരമായ സ്ഥാനവും ധാതുസമ്പത്തുമൊക്കെയാണ് സഖ്യ രാഷ്ട്രങ്ങളെ പോലും എതിർപക്ഷത്ത് നിർത്തിയുള്ള ഈ അവകാശവാദത്തിൻ്റെ അടിസ്ഥാനം. എന്തായാലും ഗ്രീൻലാൻഡിനെ പ്രതിയുള്ള പതിറ്റാണ്ടുകളുടെ പഴക്കമുള്ള അമേരിക്കൻ താൽപ്പര്യമാണ് ട്രംപ് ഇപ്പോൾ അതിശക്തമായി ഉന്നിക്കുന്നത്.
1867-ല് ഏഴര ദശലക്ഷം ഡോളറിന് റഷ്യയില് നിന്ന് അലാസ്ക വാങ്ങി അമേരിക്ക ലോകത്തെ ഞെട്ടിച്ച ഒരു ചരിത്രമുണ്ട്. അന്ന് ആ ഇടപാടിന് ചുക്കാന് പിടിച്ച സ്റ്റേറ്റ് സെക്രട്ടറി വില്യം സെവാര്ഡ് അന്നുതന്നെ ലക്ഷ്യം വെച്ച മറ്റൊരു ഭൂപ്രദേശമായിരുന്നു ഗ്രീന്ലാന്ഡ്. എന്നാല് ആ സ്വപ്നം അന്ന് യാഥാര്ത്ഥ്യമായില്ല. പില്ക്കാലത്ത് 1946-ല് പ്രസിഡന്റ് ഹാരി ട്രൂമാന് 100 മില്യണ് ഡോളര് രഹസ്യമായി വാഗ്ദാനം ചെയ്ത് ഡെന്മാര്ക്കിനെ സമീപിച്ചെങ്കിലും കോപ്പന്ഹേഗന് ആ നിര്ദ്ദേശം നിരസിക്കുകയായിരുന്നു. പതിറ്റാണ്ടുകള്ക്ക് ശേഷം അതേ ചരിത്രപരമായ മോഹം പൊടിതട്ടിയെടുക്കുകയാണ് ഡൊണാള്ഡ് ട്രംപ്. എന്നാല് ഇത്തവണ ഇതൊരു വെറും വാഗ്ദാനമല്ല, മറിച്ച് യൂറോപ്പിന് മേലുള്ള ശക്തമായ ഒരു വ്യാപാര യുദ്ധ പ്രഖ്യാപനം കൂടിയാണ്.
ഗ്രീന്ലാന്ഡ് ഏറ്റെടുക്കാനുള്ള തന്റെ നീക്കത്തെ എതിര്ക്കുന്ന യൂറോപ്യന് രാജ്യങ്ങള്ക്കെതിരെ ശക്തമായ വ്യാപാരയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. ഗ്രീന്ലാന്ഡ് വില്ക്കാനുള്ള ബിഡ് പുതുക്കിയ ട്രംപ്, നോര്വേയ്ക്കുള്ള സന്ദേശമായാണ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എട്ട് യുദ്ധങ്ങള് നിര്ത്തിയ തനിക്ക് സമാധാനത്തിനുള്ള നോബല് സമ്മാനം നല്കാന് നോര്വേ തയ്യാറാകാത്ത സാഹചര്യത്തില്, സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് നോര്വീജിയന് പ്രധാനമന്ത്രി ജോനാസ് ഗഹര് സ്റ്റോറിന് അയച്ച കത്തില് ട്രംപ് പരിഹസിച്ചിരുന്നു. ഗ്രീന്ലാന്ഡിനെ റഷ്യയില് നിന്നോ ചൈനയില് നിന്നോ സംരക്ഷിക്കാന് ഡെന്മാര്ക്കിന് കഴിയില്ലെന്നും, ദ്വീപിന്റെ പൂര്ണ്ണ നിയന്ത്രണം അമേരിക്കയ്ക്ക് ലഭിക്കാതെ ലോകം സുരക്ഷിതമാകില്ലെന്നുമാണ് ട്രംപ് ആവർത്തിക്കുന്നത്. ഇതിനെതിരെ സാമ്പത്തിക പ്രതിരോധത്തിന്റെ ശക്തമായ ആയുധമായ 'ട്രേഡ് ബസൂക്ക' അഥവാ ആന്റി-കോര്ഷന് ഇന്സ്ട്രുമെന്റ് (ACI) വിന്യസിക്കാനാണ് യൂറോപ്യന് യൂണിയന് ഇപ്പോള് ആലോചിക്കുന്നത്.
തന്റെ ഭീഷണി യാഥാര്ത്ഥ്യമാക്കിക്കൊണ്ട്, ഫെബ്രുവരി 1 മുതല് ഡെന്മാര്ക്ക്, നോര്വേ, സ്വീഡന്, ഫ്രാന്സ്, ജര്മ്മനി, യുകെ, നെതര്ലാന്ഡ്സ്, ഫിന്ലാന്ഡ് എന്നീ രാജ്യങ്ങളില് നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം അധിക നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.. ഗ്രീന്ലാന്ഡ് വാങ്ങുന്ന കാര്യത്തില് കരാറിലെത്തിയില്ലെങ്കില് ജൂണ് 1 മുതല് ഈ നികുതി 25 ശതമാനമായി വര്ദ്ധിപ്പിക്കുമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. 150 വര്ഷമായി അമേരിക്ക ഈ ഇടപാടിന് ശ്രമിക്കുകയാണെന്നും ഡെന്മാര്ക്ക് ഇത് നിരന്തരം വിസമ്മതിക്കുകയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. എന്നാല് ഗ്രീന്ലാന്ഡ് വില്ക്കാനില്ലെന്ന് ഡാനിഷ്-ഗ്രീന്ലാന്ഡ് നേതാക്കള് ആവര്ത്തിച്ചു വ്യക്തമാക്കുകയും ജനങ്ങള് ഇതിനെതിരെ പ്രക്ഷോഭം നടത്തുകയും ചെയ്യുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധസമയത്ത് യുഎസ് ഈ ദ്വീപ് പിടിച്ചടക്കുകയും സൈനിക സൗകര്യങ്ങള് നിര്മ്മിക്കുകയും ചെയ്തിരുന്നു. നിലവില് 56,000 പേര് മാത്രം താമസിക്കുന്ന ഈ ദ്വീപ് ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കയിലാണെങ്കിലും രാഷ്ട്രീയമായി ഡെന്മാര്ക്കിന്റെ ഭാഗമാണ്. സ്മാര്ട്ട്ഫോണുകള്ക്കും യുദ്ധവിമാനങ്ങള്ക്കും ആവശ്യമായ അപൂര്വ ധാതുക്കളുടെ ശേഖരവും ആര്ട്ടിക്കിലെ പുതിയ കപ്പല് പാതകളും ഗ്രീന്ലാന്ഡിന്റെ തന്ത്രപ്രധാനമായ പ്രാധാന്യം വര്ദ്ധിപ്പിക്കുന്നു.
ട്രംപിന്റെ ഈ സാമ്പത്തിക സമ്മര്ദ്ദത്തെ നേരിടാന് 2023-ല് യൂറോപ്യന് യൂണിയന് അംഗീകരിച്ച 'ആന്റി-കോര്ഷന് ഇന്സ്ട്രുമെന്റ്' (ACI) സജീവമാക്കാന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മാക്രോണ് ഉള്പ്പെടെയുള്ളവര് ആവശ്യപ്പെട്ടു കഴിഞ്ഞു. ചൈന ലിത്വാനിയയ്ക്കെതിരെ നടത്തിയ നീക്കങ്ങളുടെ പശ്ചാത്തലത്തില് വികസിപ്പിച്ച ഈ 'ബസൂക്ക', ഒരു രാജ്യം യൂറോപ്പിനെ സാമ്പത്തികമായി ബ്ലാക്ക്മെയില് ചെയ്താല് തിരിച്ചടിക്കാന് രൂപകല്പ്പന ചെയ്തതാണ്. ഇതനുസരിച്ച് അമേരിക്കന് സാധനങ്ങള്ക്ക് നികുതി ചുമത്തുക മാത്രമല്ല, യുഎസ് കമ്പനികള്ക്ക് യൂറോപ്യന് വിപണിയില് നിയന്ത്രണം ഏര്പ്പെടുത്താനും പൊതുമേഖലാ കരാറുകള് നിരോധിക്കാനും സാധിക്കും. അമേരിക്കന് ടെക് കമ്പനികള്ക്കും ബാങ്കുകള്ക്കും ഇത് വലിയ തിരിച്ചടിയാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര് സ്റ്റാര്മറും ജര്മ്മന് ചാന്സലര് ഫ്രെഡറിക് മെര്സും ചര്ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് താല്പര്യപ്പെടുന്നതെങ്കിലും, ആവശ്യമെങ്കില് സംയുക്തമായി പ്രതികരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന് യൂണിയന് രാജ്യങ്ങള് ഡെന്മാര്ക്കിന് പൂര്ണ്ണ ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു.
വ്യാപാരക്കമ്മി നിലനില്ക്കുന്ന സാഹചര്യത്തില് അമേരിക്കന് ഉല്പ്പന്നങ്ങള്ക്ക് നികുതി വര്ദ്ധിപ്പിക്കുന്നത് യുഎസിന് ദോഷകരമാകും. ഏകദേശം 93 ബില്യണ് യൂറോയുടെ അധിക നികുതി ചുമത്തുന്നതിനെക്കുറിച്ച് യൂറോപ്പ് ആലോചിക്കുന്നുണ്ട്. എങ്കിലും ഇത്തരമൊരു വ്യാപാര യുദ്ധം ഇരുപക്ഷത്തെയും ഉപഭോക്താക്കളെയും തൊഴിലാളികളെയും ബാധിക്കുമെന്ന ആശങ്കയും നിലനില്ക്കുന്നു. ഗ്രീന്ലാന്ഡിന്റെ പരമാധികാരം നിലനിര്ത്തിക്കൊണ്ട് അമേരിക്കയ്ക്ക് സൈനിക-ധാതു അവകാശങ്ങള് നല്കുന്ന ഒരു ഒത്തുതീര്പ്പ് ഫോര്മുല ഉരുത്തിരിഞ്ഞു വരുമോ എന്നാണ് ഇപ്പോള് ലോകം ഉറ്റുനോക്കുന്നത്. നയതന്ത്ര ശ്രമങ്ങള് പരാജയപ്പെട്ടാല്, ലോകം കണ്ടിട്ടുള്ളതില് വെച്ച് ഏറ്റവും വലിയ സാമ്പത്തിക ഏറ്റുമുട്ടലിലേക്ക് ഈ 'ഗ്രീന്ലാന്ഡ് തര്ക്കം' വഴിമാറിയേക്കും.
Content Highlights :US President Donald Trump has declared a strong trade war against European countries that oppose his move to acquire Greenland.