ബിഹാർ തെരഞ്ഞെടുപ്പിൽ 101 സീറ്റിൽ മത്സരിക്കുന്ന ബിജെപി 71 സീറ്റുകളിലേയ്ക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 71 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികയിൽ ഒൻപത് വനിതകളാണ് ഇടം നേടിയിരിക്കുന്നത്. പട്ടികയിൽ ഇടം നേടിയവരിൽ ബേട്ടിയയിൽ നിന്ന് മത്സരിക്കുന്ന രേണു ദേവിയുടെ സ്ഥാനാർത്ഥിത്വമാണ് ഏറെ ശ്രദ്ധേയം. ബിഹാർ മുൻ ഉപമുഖ്യമന്ത്രി കൂടിയാണ് രേണു ദേവി. ബിഹാറിൻ്റെ ചരിത്രത്തിലെ ഏഴാമത്തെ ഉപമുഖ്യമന്ത്രിയായിരുന്നു രേണുദേവി. 2020 നവംബർ 16 മുതൽ 2022 ഓഗസ്റ്റ് 9വരെയുള്ള കാലയളവിലാണ് രേണു ദേവി നിതീഷ് കുമാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നത്. നിലവിൽ നിതീഷ് കുമാറിൻ്റെ മന്ത്രിസഭയിൽ മൃഗസംരക്ഷണ, മത്സ്യബന്ധന വകുപ്പ് മന്ത്രി കൂടിയാണ് രേണു ദേവി. 1995ൽ നൗതാനിൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും രേണു ദേവി പരാജയപ്പെട്ടിരുന്നു. 2000ൽ ബേട്ടിയയിൽ നിന്ന് മത്സരിച്ച ഇവർ തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളിലും വിജയിച്ചു എന്നാൽ 2015 പക്ഷെ ബേട്ടിയ പക്ഷെ രേണു ദേവിയെ തുണച്ചില്ല. എന്നാൽ 2020ലെ തെരഞ്ഞെടുപ്പിൽ രേണു ദേവി ബേട്ടിയ തിരിച്ചു പിടിച്ചു. ബിജെപിയുടെ മുൻ ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു.
പരിഹാറിൽ സിറ്റിംഗ് സീറ്റിൽ മത്സരിക്കുന്ന ഗായത്രി ദേവിയാണ് പട്ടികയിൽ ഇടംനേടിയ മറ്റൊരു പ്രധാന നേതാവ്. 2015ൽ പരിഹാറിൽ നിന്ന് ആദ്യമായി നിയമസഭയിലേയ്ക്ക് എത്തിയ ഇവർ 2020ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പരിഹാറിൽ നിന്നും മൂന്നാമൂഴത്തിനാണ് ഇത്തവണ ബിജെപി ഗായത്രി ദേവിയെ നിയോഗിച്ചിരിക്കുന്നത്. 2010ലെ തിരഞ്ഞെടുപ്പിൽ നിലവിൽ വന്ന പരിഹാർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെ മുൻ ബിജെപി എംഎൽഎ രാം നരേഷ് യാദവിന്റെ ഭാര്യയാണ് ദേവി. 1998ൽ നടന്ന സീതാമാർഹി വെടിവെയ്പ്പ് കേസുമായി ബന്ധപ്പെട്ട് രാം നരേഷ് യാദവിനെ കോടതി 10വർഷത്തേയ്ക്ക് ശിക്ഷിച്ചതോടെയാണ് 2015ൽ ഗായത്രി ദേവി പരിഹാറിൽ മത്സരരംഗത്ത് ഇറങ്ങുന്നത്.
സിറ്റിംഗ് എംഎൽഎ നിഷാ സിങ്ങിനെയാണ് പ്രാൺപൂർ നിലനിർത്താൻ ബിജെപി നിയോഗിച്ചിരിക്കുന്നത്. 2010 മുതൽ ബിജെപി തുടർച്ചയായി വിജയിച്ച് വരുന്ന മണ്ഡലമാണ് പ്രാൺപൂർ. ബിജെപിയുടെ മുതിർന്ന അംഗവും മുൻ മന്ത്രിയുമായ ബിനോദ് സിങ് കുശ്വാഹയാണ് നിഷയുടെ ഭർത്താവ്.
സിറ്റിങ് എംഎൽഎ കവിതാ ദേവിയെയാണ് കൊർഹ നിയമസഭാ മണ്ഡലത്തിൽ ബിജെപി വീണ്ടും രംഗത്ത് ഇറക്കിയിരിക്കുന്നത്. പട്ടികജാതി സംവരണ മണ്ഡലം കൂടിയാണ് കോർഹ. കോൺഗ്രസിനും, ജെഡിയുവിനും ബിജെപിക്കും സ്വാധീനമുള്ള കോർഹയിൽ 2015ൽ സിപിഐഎം മത്സരിച്ചിരുന്നു.
സിറ്റിംഗ് എംഎൽഎ അരുണ ദേവിയെയാണ് വാർസലിഗഞ്ച് നിലനിർത്താൻ മൂന്നാം തവണയും ബിജെപി നിയോഗിച്ചിരിക്കുന്നത്. 2000ത്തിൽ സ്വതന്ത്രയായി മത്സരിച്ച് വാർസലിഗഞ്ചിൽ നിന്നും വിജയിച്ച അരുണ ദേവി 2005ൽ ലോക് ജനശക്തി പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച് മണ്ഡലം നിലനിർത്തി. ആർക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന നിയമസഭ പിരിച്ച് വിട്ടതിന് പിന്നാലെ അതേ വർഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് അരുണ ദേവി മത്സരിച്ചത്. ആ തെരഞ്ഞെടുപ്പിലും 2010ലെ തെരഞ്ഞെടുപ്പിലും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് അരുണയ്ക്ക് പക്ഷെ വിജയിക്കാനായില്ല. 2015ൽ ബിജെപി ടിക്കറ്റിൽ ഇവിടെ നിന്നും മത്സരിച്ച് വിജയിച്ച അരുണ 2020ലും മണ്ഡലം നിലനിർത്തിയിരുന്നു.
ജാമുയിയിലും സിറ്റിംഗ് എംഎൽഎ ശ്രേയസി സിങിനെയാണ് ബിജെപി വീണ്ടും രംഗത്തിറക്കിയിരിക്കുന്നത്.രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബമാണ് ശ്രേയസിയുടേത്. സോഷ്യലിസ്റ്റ് നേതാവ് ചന്ദ്രശേഖറിൻ്റെ അടുത്ത അനുയായിയും കേന്ദ്ര മന്ത്രിയായിരുന്നു ശ്രേയസിയുടെ പിതാവ് ദിഗ്വിജയ് സിങ്. ജെഡിയുവുമായുള്ള ബന്ധം അവസാനിപ്പിച്ച് 2009ൽ ബൻക പാർലമെൻ്റ് മണ്ഡലത്തിൽ നിന്നും ദിഗ്വിജയ് സിങ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു. ദിഗ്വിജയ് സിങിൻ്റെ മരണത്തെ തുടർന്ന് 2010ൽ ബൻകയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച പുതൽ സിങ് വിജയിച്ചിരുന്നു. ആർജെഡിയുടെ സിറ്റിംഗ് എംഎൽഎ വിജയ് പ്രകാശ് യാദവിനെ 41,049 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു 2020ൽ ശ്രേയസി നിയമസഭയിലെത്തിയത്.
കിഷൻഗഞ്ച് സീറ്റ് പിടിച്ചെടുക്കാൻ ബിജെപി ഇത്തവണയും നിയോഗിച്ചിരിക്കുന്നത് സ്വീറ്റി സിങിനെയാണ്. 2010 മുതൽ കിഷൻഗഞ്ചിൽ നിന്ന് ബിജെപിയ്ക്ക് വേണ്ടി മത്സരിക്കുന്ന സീറ്റി സിങിന് പക്ഷെ ഇതുവരെ വിജയിക്കാൻ സാധിച്ചിട്ടില്ല. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ഉപതെരഞ്ഞെടുപ്പിലും 2020ലും ഇവിടെ നിന്നും ബിജെപി ടിക്കറ്റിൽ മത്സരിച്ചത് സ്വീറ്റി സിങായിരുന്നു. 2010 മുതൽ കോൺഗ്രസിൻ്റെ സിറ്റിങ്ങ് സീറ്റാണ് കിഷൻഗഞ്ച്.
മുസാഫർപൂരിലെ ബിജെപി എംപി അജയ് നിഷാദിൻ്റെ ഭാര്യ രമാ നിഷാദാണ് ഔറൈയിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി. അടുത്തിടെ തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും സിറ്റിംഗ് എംഎൽഎ റാം സൂറത്ത് റായിയെ മാറ്റിയാണ് ബിജെപി രമാ നിഷാദിനെ ഇവിടെ പരീക്ഷിക്കുന്നത്. 2020ൽ സിപിഐ(എംഎൽ) ലിബറേഷൻ സ്ഥാനാർത്ഥിയായിരുന്നു ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ രമയുടെ തോൽവി ഇവിടെ നിഷാദ് കുടുംബത്തിൻ്റെ സ്വാധീനം ഇടിയുന്നുവെന്ന നിലയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാൽ ഇത്തരം വിഷയങ്ങളൊന്നും പരിഗണിക്കാതെയാണ് ബിജെപി നേതൃത്വം രമാ നിഷാദിന് സീറ്റ് നൽകിയിരിക്കുന്നത്.
നർപത്ഗഞ്ചിൽ സിറ്റിംഗ് എംഎൽഎ ജയ് പ്രകാശ് യാദവിനെ മാറ്റിയാണ് മുൻ എംഎൽഎ ദേവന്തി യാദവിനെ ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്നത്. 2020ൽ ആർജെഡിയിൽ നിന്ന് സീറ്റ് തിരികെ പിടിച്ച് ആദ്യമായി നിയമസഭയിലെത്തിയ ജയ് പ്രകാശ് യാദവിനെ തഴഞ്ഞാണ് ഇവിടെ നിന്നും 2010 വിജയിച്ച ദേവന്തി യാദവിനെ ബിജെപി വീണ്ടും മത്സരിപ്പിക്കുന്നത്. ആർജെഡിക്ക് ശക്തിയുള്ള മണ്ഡലം കൂടിയാണ് നർഗത്പഞ്ച്.
നേരത്തെ എൻഡിഎ മുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായിരുന്നു. ജെഡിയുവും ബിജെപിയും 101 സീറ്റിൽ വീതം മത്സരിക്കാനാണ് ധാരണ. ചിരാഗ് പസ്വാൻ്റെ ലോക് ജനശക്തി പാർട്ടി 29 സീറ്റിൽ മത്സരിക്കും. കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ), ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) എന്നിവയ്ക്ക് ആറ് സീറ്റുകൾ വീതമാണ് മുന്നണി അനുവദിച്ചിരിക്കുന്നത്. ബിഹാർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ ആറിനും 11 നും രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. വോട്ടെണ്ണൽ 2025 നവംബർ 14നാണ്.
Content Highlights: BJP releases first list for Bihar Assembly Elections 2025 featuring nine women including Renu Devi, Shreyasi Singh, and Aruna Devi