ധനികരായ മുഖ്യമന്ത്രിമാരാണ് നമ്മുടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ഭരിക്കുന്നതെന്ന് പറഞ്ഞാല് വിശ്വസിക്കാന് ആര്ക്കും വലിയ പ്രയാസമൊന്നും ഉണ്ടാവില്ല. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവാണ് ഇന്ത്യയില് ഏറ്റവും കൂടുതല് ആസ്തിയുള്ള മുഖ്യമന്ത്രി. 931 കോടിയിലധികമാണ് അദ്ദേഹത്തിന്റെ പേരിലുള്ള ആസ്തി. ദ അസോസിയേഷന് ഫോര് ഡെമോക്രാറ്റിക്ക് റിഫോംസ് ആന്ഡ് നാഷണല് ഇലക്ഷന് വാച്ച് എന്നിവയുടെ റിപ്പോര്ട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രി നായിഡുവാണ്.
ജംഗമ സ്വത്തുകളില് ഉള്പ്പെടുന്നത് 810 കോടി രൂപയിലധികവും സ്ഥാവര സ്വത്തുക്കളില് ഉള്പ്പെടുന്നത് 121 കോടിയിലധികവുമാണെന്നാണ് നായിഡുവിന്റെ ആസ്തിയുടെ കണക്ക്. 27 സംസ്ഥാന നിയമസഭയിലെയും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും നിലവിലെ 30 മുഖ്യമന്ത്രിമാര് നല്കിയിട്ടുള്ള സത്യവാങ്മൂലം പ്രകാരമാണ് തെലുങ്കു ദേശം പാര്ട്ടി മേധാവിയായ നായിഡുവാണ് മുഖ്യമന്ത്രിമാരിലെ ധനികനെന്ന് വ്യക്തമായിരിക്കുന്നത്. ഓരോ സംസ്ഥാനത്തും അവസാനമായി നടന്ന തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. നിലവില് മണിപ്പൂര് രാഷ്ട്രപതി ഭരണത്തിന് കീഴിലാണ്.
മുപ്പത് മുഖ്യമന്ത്രിമാരുടെയും ആസ്തി ഒരുമിച്ചെടുത്താല് അത് 1,632 കോടിയാണ്. അതായത് ഒരാളുടെ ആസ്തി ഏകദേശം 54.42 കോടി രൂപയായി കണക്കാക്കാം. റിപ്പോർട്ട് പ്രകാരം രണ്ട് മുഖ്യമന്ത്രിമാര് ബില്യണയര്മാരാണ്. പട്ടികയില് രണ്ടാം സ്ഥാനത്തുള്ളത് അരുണാചല് പ്രദേശ് മുഖ്യമന്ത്രി പ്രേമ ഖണ്ഡുവാണ്. ബിജെപി നേതാവായ അദ്ദേഹത്തിന്റെ ആസ്തി 332 കോടിയിലധികമാണെന്നാണ് കണക്കുകള്. ഇതില് ജംഗമ ആസ്തികള് 165 കോടിയും സ്ഥാവര ആസ്തികള് 167 കോടിയോളവുമാണ്. അടുത്തത് സിദ്ധരാമയ്യയാണ്, കര്ണാടക മുഖ്യമന്ത്രി. കോണ്ഗ്രസ് നേതാവായ സിദ്ധരാമയ്യയുടെ മുഴുവന് ആസ്തി 51 കോടിയോളമാണ്. ഇതില് 21 കോടി ജംഗമ സ്വത്തും 30 കോടി സ്ഥാവര സ്വത്തുമാണ്. പശ്ചിമബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജിയാണ് ആസ്തികളില് ഏറ്റവും പിന്നിലുള്ള നേതാവ്. രാജ്യത്തെ ഏറ്റവും ആസ്തി കുറവുള്ള മുഖ്യമന്ത്രിയുടെ ജംഗമ സ്വത്ത് 15.38 ലക്ഷം മാത്രമാണ്. സ്ഥാവര സ്വത്തുഗണത്തില് ഒന്നുമില്ല. ജമ്മുകശ്മീര് മുഖ്യമന്ത്രി ഒമര് അബ്ദുള്ളയുടെ ആസ്തിയും ജംഗമ സ്വത്തിനത്തില് മാത്രമാണ്. 55.24 ലക്ഷം രൂപയുടെ സ്വത്തുകളാണ് അദ്ദേഹത്തിനുള്ളത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി 1.18 കോടിയാണ്. ഇതില് സ്ഥാവര സ്വത്ത് 86.95 ലക്ഷവും ജംഗമ സ്വത്ത് 31.8 ലക്ഷവുമാണ്.
പുറത്ത് വന്ന റിപ്പോര്ട്ടില് ആസ്തിയ്ക്കൊപ്പം മുഖ്യമന്ത്രിമാര്ക്ക് എതിരെയുള്ള ക്രിമിനല് കേസുകളെ കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. മുപ്പത് പേരില്, നാല്പത് ശതമാനം, അതായത് 12 പേര്ക്കെതിരെ ക്രിമിനല് കേസുകള് രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഇതില് പത്തുപേര് ഗൗരവകരമായ ക്രിമിനല് കുറ്റങ്ങള് നേരിടുന്നവരാണ്. കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്, കൈക്കൂലി, ക്രിമിനല് ഭീഷണി എന്നിവ ഉള്പ്പെടുന്നു. മുഖ്യമന്ത്രിമാരുടെ ബാധ്യതയുടെ കണക്കുകളും ഇതില് ഉള്പ്പെടുന്നുണ്ട്. ഒരുകോടിലധികം ബാധ്യതയുള്ള പതിനൊന്ന് മുഖ്യമന്ത്രിമാരാണ് ഉള്ളത്. അരുണാചല് മുഖ്യമന്ത്രിയുടെ ബാധ്യത 180 കോടിയിലധികമാണ്. പിന്നാലെ സിദ്ധരാമയ്യ(23 കോടി), ചന്ദ്രബാബു നായിഡു(10കോടി) എന്നിവരുമുണ്ട്.Content Highlights: Indian Chief ministers hold over Rs. 1600 crores in assets