താരാരാധന…അത് തമിഴ് ജനതയുടെ രക്തത്തിലുള്ളതാണ്. രാഷ്ട്രീയ നേതാവോ, സിനിമാതാരമോ ആകട്ടെ, അവര് സ്നേഹിച്ചാല് ചങ്കുപറിച്ചുകൊടുക്കും. ഇന്ത്യ കണ്ട ഏറ്റവും വലിയ ശവസംസ്കാര ചടങ്ങ് ഒരു തമിഴ്നാട് മുഖ്യമന്ത്രിയുടേതായിരുന്നു, 1969ല്. 1.5 കോടി ജനങ്ങള് പങ്കെടുത്തെന്ന പേരില് ഗിന്നസ് വേള്ഡ് റെക്കോഡ്സില് ഇടം നേടിയ സിഎന് അണ്ണാദുരൈയുടേത്! മരണവാര്ത്തയറിഞ്ഞ് 70 പേര് ആത്മഹത്യ ചെയ്തു. അന്ന് സംസ്കാര ചടങ്ങില് പങ്കെടുക്കാനായി ജനതാ എക്സ്പ്രസിന്റെ മുകളിലിരുന്ന് യാത്ര ചെയ്ത 28 പേര് കോളിറോണ് പാലത്തില് തട്ടി മരണമടഞ്ഞു. സമാനമായ സംഭവങ്ങളാണ് എംജിആറിന്റെ മരണസമയത്തും തമിഴ്നാട്ടിലുണ്ടായത്. ദുഃഖം താങ്ങാനാവാതെ ചിലര് കൈത്തണ്ടയിലെ ഞരമ്പുമുറിച്ചു, വിരലുകള് മുറിച്ചു, വിഷം കുടിച്ചു, ചിലര് നാവ് അറുത്തു. 30 പേരാണ് അന്ന് ജീവനൊടുക്കിയത്. ജയലളിതയുടെയും കരുണാനിധിയുടെയും മരണസമയത്തും ഇത്തരത്തില് നിരവധി പേര് ജീവനൊടുക്കി. അതിവൈകാരികമായി മനുഷ്യരെ സ്നേഹിക്കുന്ന ഒരു ജനതയാണ് തമിഴ് മക്കള്. ഇഷ്ടപ്പെടുന്നവര്ക്ക് വേണ്ടി അമ്പലം പണിയുന്ന, താരങ്ങളുടെ കട്ടൗട്ടുകളില് പാലഭിഷേകം നടത്തുന്ന ജനത.
ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളില് നിന്ന് ഭിന്നമായി രാഷ്ട്രീയവും സിനിമയും ഇഴചേര്ന്നുകിടക്കുന്ന ദ്രാവിഡ രാഷ്ട്രീയ പ്രത്യയശാസ്ത്ര ഭൂമികയാണ് തമിഴ്നാട്. അവിടെ ചലച്ചിത്ര താരങ്ങള് ഒരു കള്ട്ട് സ്റ്റാറ്റസ് നേടുന്നതും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതും ആള്ക്കൂട്ടം സൃഷ്ടിക്കുന്നതും ജനമനസ്സില് ഒരു നേതാവായി, അവരുടെ രക്ഷകനായി ചിരപ്രതിഷ്ഠ നേടുന്നതും ഇന്നോ ഇന്നലെയോ തുടങ്ങിയ ശീലവുമല്ല. കാരണം സിനിമ അവര്ക്ക് വെറുമൊരു വിനോദോപാധി ആയിരുന്നില്ല. 1960-70കളിലെ കൊടുംപട്ടിണിയിലും തൊഴിലില്ലായ്മയിലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിനിടയില്, സന്തോഷം കണ്ടെത്തിയിരുന്ന പാരലല് വേള്ഡ് ആയിരുന്നു അവര്ക്ക് സിനിമ. സിനിമാകൊട്ടകയിലെ രണ്ടര മണിക്കൂര് ഇരുട്ടില് വെള്ളിവെളിച്ചത്തിൽ മിന്നിമറിയുന്ന താരങ്ങളെ നോക്കി ഭാവിയെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലാതിരുന്ന ആ മനുഷ്യര് ആനന്ദം കണ്ടെത്തുകയായിരുന്നു. തങ്ങളിലൊരുവനെന്ന് തോന്നുന്ന നായകന്, യഥാര്ഥ ജീവിതത്തില് തങ്ങള്ക്ക് ചെയ്യാനാകാത്ത കാര്യങ്ങള്, അല്ലെങ്കില് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള് സ്ക്രീനില് ചെയ്യുന്നത് കണ്ട് താദാത്മ്യപ്പെടുമ്പോള് ലഭിക്കുന്ന ആനന്ദം അതായിരുന്നു ആ വീരാരാധനയുടെ പിന്നിലെ മനഃശാസ്ത്രം. അതവര് തലമുറകളില് നിന്ന്
തലമുറകളിലേക്ക് പകര്ന്നു.
സ്വന്തം ജീവിതത്തെക്കുറിച്ച് ഒരു പ്രതീക്ഷയും വച്ചുപുലര്ത്താതിരുന്നവരുടെ ആശ്വാസകേന്ദ്രമായി എംജിആര് സിനിമകള് മാറുന്നത് അങ്ങനെയാണ്. അതേ നായകന് പിന്നീട് യഥാര്ഥ ജീവിതത്തില് രാഷ്ട്രീയത്തിലൂടെ തങ്ങള്ക്ക് മുന്നിലേക്ക് ഇറങ്ങിയപ്പോള് ഇരുകൈയും നീട്ടി അവര് സ്വീകരിച്ചിരുന്നത് അതുകൊണ്ടാണ്. അമ്പതുകളുടെ അവസാനത്തിലാണ് എംജിആറും ശിവാജിയും സ്ക്രീനില് നിന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. അണ്ണാദുരൈയുടെ ശിഷ്യത്വം സ്വീകരിച്ച് ദ്രാവിഡ രാഷ്ട്രീയത്തിന്റെ കൊടിക്കീഴില് ഇടം കണ്ടെത്തിയ എംജിആര് അമ്പതാം വയസ്സില് നിയമസഭയിലെത്തി. പിന്നീട് എഴുപതുകളുടെ തുടക്കത്തിലാണ് അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാര്ട്ടി രൂപവത്ക്കരിക്കുന്നതും കഴുത്തില് തുളച്ചുകയറിയ ഒരു വെടിയുണ്ട വഴി അധികാരത്തിലെത്തുന്നതും. നേട്രു ഇന്ട്രു നാളൈ, ഇദയകനി, ഇന്ട്രു പോല് എന്ട്രും വാഴികെ എന്നീ സിനിമകള്ക്കും ആ യാത്രയില് നല്ലൊരു പങ്കുണ്ട്. ശിവാജിയും ഈ സമയം മറ്റൊരുവഴിയിലൂടെ രാഷ്ട്രീയ ഭൂമികയില് തന്റേതായ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും എംജിആറിനോളം സൂപ്പര്ഹിറ്റായിരുന്നില്ല ആ രംഗപ്രവേശം.
1977-78 കാലഘട്ടമെടുത്ത് നോക്കിയാല് നാഷണല് സാമ്പിള് സര്വേ പ്രകാരം ഇന്ത്യന് സംസ്ഥാനങ്ങളില് ഏറ്റവും കൂടുതല് ആളുകള് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സംസ്ഥാനമായിരുന്നു തമിഴ്നാട്. കൊടുംപട്ടിണി, തൊഴിലില്ല, പഠിച്ചവര് തൊഴില് തേടി ഇന്ത്യ വിടുന്നു. ആ സമയത്താണ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി എംജിആര് അധികാരമേല്ക്കുന്നത്. കുടുംബത്തെ സഹായിക്കാന് വേണ്ടി സ്കൂളിന് മുന്നില് ഐസ് വിറ്റിരുന്ന ഒരു കുട്ടിക്കാലമുള്ള എംജിആര് നാന് പട്ടിണി കിടന്ന വയറുക്ക് സൊന്തക്കാരന് എന്നുപറഞ്ഞ് ജനപ്രിയ പ്രഖ്യാപനങ്ങളുമായി തമിഴക മനസ്സ് കവരുകയായിരുന്നു. സ്കൂള് വിദ്യാര്ഥികള്ക്ക് ഉച്ചഭക്ഷണം നല്കിയും പാവപ്പെട്ടവര്ക്കുവേണ്ടിയുള്ള പദ്ധതികളിലൂടെയും അരച്ചാണ് വയറിന്റെ വിശപ്പുമാറ്റി. തമിഴ്നാട്ടിലെ ദരിദ്രര്ക്ക് എംജിആര് എന്ന മൂന്നക്ഷരം ഒരു മാജിക് മന്ത്രമായിരുന്നു. ആ ജനതയ്ക്ക് പിന്നെ എന്തുവേണം? അവര്ക്കയാള് ദൈവമായിരുന്നു. എംജിആറിന്റെ മരണവാര്ത്ത നല്കിയ ശൂന്യത മറികടക്കാനാവാതെ ജീവനൊടുക്കിയത് തുടക്കത്തില് പറഞ്ഞതുപോലെ 30 പേരാണ്. എംജിആര് ഇല്ലാത്ത ജീവിതത്തേക്കാള് നല്ലത് മരണമാണെന്ന തിരഞ്ഞെടുപ്പ്. ഒരിക്കല് ജീവിക്കാനുള്ള പ്രത്യാശ നല്കിയ ഒരാള് അവര്ക്കിടയില് ഇനിയില്ലെന്നത് ഉള്ക്കൊള്ളാന് ആ ജനസമൂഹത്തിന് സാധിച്ചില്ല.
സിനിമയില് മികച്ച ഫാന്ബേസുണ്ടാക്കി പതിയെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുക അവിടെയും വെന്നിക്കൊടി പാറിക്കുക തമിഴ് രാഷ്ട്രീയത്തില് അതൊരു വിജയഫോര്മുലയായി മാറുകയായിരുന്നു. സിനിമയായാലും രാഷ്ട്രീയമായാലും ഫാന്സ് മുഖ്യം ബിഗിലേ! ഓരോ പൊങ്കലിനും റിലീസ് ചെയ്യുന്ന ബിഗ് ബജറ്റ് മൂവി പോലെ ഓരോ തിരഞ്ഞെടുപ്പിലും താരസ്ഥാനാര്ഥികളും രാഷ്ട്രീയ പാര്ട്ടികളും പിറന്നു. എംജിആര് തെളിച്ചതാണ് ജനമനസ്സിലേക്കുള്ള വഴിയെന്ന് മനസ്സിലാക്കിയ മറ്റൊരാളായിരുന്നു ജയലളിത. 2011 മുതല് അമ്മയെന്ന ബ്രാന്ഡ് ജനമനസ്സിലുറപ്പിക്കാന് ദാരിദ്ര്യനിര്മാര്ജന പദ്ധതികളെത്തന്നെയാണ് അവരും ആശ്രയിച്ചത്. അമ്മ കാന്റീന്, അമ്മ സോള്ട്ട്, അമ്മ ഫാര്മസി, അമ്മ സിമന്റ്, അമ്മ കുടിവെള്ളം..പാവപ്പെട്ടവര്ക്ക് നല്ല രീതിയില് വിവാഹം നടത്തുന്നതിനായി എസിയുള്ള അമ്മ വിവാഹ ഹാളുകള് വരെ ജയലളിത പടുത്തുയര്ത്തി. ജൈവികമെന്ന് തോന്നിയേക്കാവുന്ന നീക്കങ്ങളിലൂടെയാണ് എംജിആര് ജനങ്ങളുടെ ഹൃദയം കവര്ന്നതെങ്കില് ജയലളിത സ്വീകരിച്ചത് അല്പം പ്ലാന്ഡായി ചെയ്ത പൊളിറ്റിക്കല് ഗിമ്മിക്കാണെന്ന് വേണമെങ്കില് രാഷ്ട്രീയ നിരീക്ഷകര്ക്ക് വിമര്ശിക്കാം. പക്ഷെ ആ പദ്ധതികളെ നെഞ്ചേറ്റിയവരാണ് ജയലളിതയെ ആശുപത്രിയില് പ്രവേശിച്ചപ്പോള് മുതല് ആ ആശുപത്രിക്ക് മുന്നില് നിന്ന് കരഞ്ഞുപ്രാര്ഥിച്ചത്. മരണവാര്ത്തയറിഞ്ഞതും അവര് നെഞ്ചത്തടിച്ച് നിലവിളിച്ചു. മരണവാര്ത്തയറിഞ്ഞ ഞെട്ടലില് നൂറുകണക്കിന് ആളുകള് മരിച്ചതായാണ് അന്ന് എഐഎഡിഎംകെ അവകാശപ്പെട്ടത്. ചിലര് ആത്മഹത്യ ചെയ്തു. ചിലര് ഹൃദയാഘാതം വന്ന് മരിച്ചു.
ജയലളിതയുടെ മരണശേഷം കലങ്ങിമറിഞ്ഞ തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് പിന്നെയെത്തിയത് രജനികാന്തും കമല്ഹാസനുമായിരുന്നു. ഇരുവരുടെയും രാഷ്ട്രീയത്തിലേക്കുള്ള എന്ട്രിയെ എംജിആറുമായും ശിവാജി ഗണേശനുമായും താരതമ്യം ചെയ്തവരുണ്ട്. എംജിആറിനെപ്പോലൊരു ഫാന്സ് ബേസ് രജനിക്ക് ഉണ്ടായിരുന്നതിനാല് തന്നെ അടുത്ത എംജിആര് രജനിയാണെന്ന് പലരും ഉറപ്പിക്കുക വരെ ചെയ്തെങ്കിലും ഒരാശുപത്രി വാസത്തോടെ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനി പ്രഖ്യാപിച്ചു. കമല്ഹാസനാകട്ടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. ഇതിനിടയിലാണ് വിജയ്യുടെ രാഷ്ട്രീയ പ്രവേശം എന്ന അഭ്യൂഹം പരക്കുന്നത്. മെര്സല്, സര്ക്കാര് എന്നീ ചിത്രങ്ങള് രാഷ്ട്രീയം സംസാരിച്ചതോടെ വിജയ് രാഷ്ട്രീയത്തിലേക്കെന്ന തോന്നല് ശക്തമായി. പിന്നെ ആ മാസ് എന്ട്രിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു തമിഴകം. ഒടുവില് 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അരങ്ങേറ്റ ചിത്രമായ വെട്രിയുടെ പേര് ഉള്പ്പെടുത്തി തമിഴ വെട്രി കഴകമെന്ന പാര്ട്ടി പ്രഖ്യാപനത്തിലൂടെ വിജയ് രാഷ്ട്രീയത്തിലേക്ക് കിടിലന് എന്ട്രി തന്നെ നടത്തി.
റിസര്വ്ഡ് ആയ വിജയ് രാഷ്ട്രീയത്തില് ശോഭിക്കുമോ എന്ന ചോദ്യത്തിന് സമ്മേളനങ്ങളിലെ മാസ് ഡയലോഗുകളിലൂടെയായിരുന്നു അയാള് ഉത്തരം നല്കിയത്. ഡിഎംകെയെ കടന്നാക്രമിച്ചു. തീവ്രവലതുപക്ഷ രാഷ്ട്രീയത്തെ വലിച്ചുകീറി, പെരിയാറിനെയും അണ്ണാദുരൈയെയും മുറുകെ പിടിച്ചു. സ്വാഭാവികമായും വീരാരാധന രക്തത്തിലുള്ള തമിഴ്മക്കള് ഇളകി. രജനികാന്ത് കഴിഞ്ഞാല് തമിഴ്നാട്ടില് ഏറ്റവും കൂടുതല് ഫാന്സ് ക്ലബ്ലുകള് ഉള്ളത് വിജയ്ക്കാണ്. അയാള് പോകുന്നിടത്തെല്ലാം ജനം തടിച്ചുകൂടി. വിജയ് എന്ന നടനെക്കാണാനെത്തിയ ജനക്കൂട്ടത്തിനൊപ്പം പതിയെ അയാളുടെ രാഷ്ട്രീയത്തെ അനുകൂലിക്കുന്നവരും അണിചേര്ന്നു. ജില്ലാതല പര്യടനങ്ങള് അത് വ്യക്തമാക്കുന്നുണ്ട്. പക്ഷെ എംജിആറിനെപ്പോലെ ജനങ്ങളുടെ പള്സറിയുന്ന ഒരു രാഷ്ട്രീയക്കാരനായി അയാള് പരുവപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് കടുത്തചൂടില് താരദര്ശനത്തിനായി മണിക്കൂറുകളോളം കാത്തുനിന്ന ഒരാള്ക്കൂട്ടത്തിന് നേര്ക്ക് വരുംവരായ്കളെ പറ്റി ആലോചിക്കാതെ അയാള് വെള്ളക്കുപ്പി അയാള് എറിഞ്ഞുകൊടുത്തത്. ദുരന്തമുണ്ടായപ്പോള് അവിടെ ക്യാമ്പ് ചെയ്യേണ്ടതിന് പകരം ചെന്നൈയിലേക്ക് വിമാനം കയറിയത്. അവിടെയാണ് രാഷ്ട്രീയക്കാരനും സിനിമാക്കാരനും തമ്മിലുള്ള വേര്തിരിവ് വെളിവാകുന്നത്.
താരാരാധന അതിവൈകാരികമാകുമ്പോള് അതിനുനല്കേണ്ടി വരുന്ന വില ഇനിയെങ്കിലും തിരിച്ചറിയേണ്ടത് ജനങ്ങളാണ്. ജോയ് മാത്യു ഫെയ്സ്ബുക്കില് കുറിച്ചതുപോലെ അനീതിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായോ, യുദ്ധവിരുദ്ധ പ്രകടനത്തിന്റെ ഭാഗമായോ, അഴിമതിക്കെതിരെയോ, തൊഴിലില്ലായ്മക്കെതിരെയോ ഒന്നും നടത്തിയ ഒരു പ്രകടനത്തിന്റെ ഭാഗമായല്ല മനുഷ്യര്ക്ക് കരൂരില് ജീവന് നഷ്ടപ്പെട്ടത്. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായിക്കണക്കാക്കുന്ന ആള്ക്കൂട്ട ശക്തിപ്രകടനത്തിന്റെ ഭാഗമായും താരാരാധനയുടെ ഭാഗമായുമാണ്. ചിന്തിക്കേണ്ടത് ജനങ്ങളാണ്.
Content Highlights: Why Tamils Idolize Their Leaders: A Deep Dive into the Psychology and History