നിങ്ങളെ അലട്ടുന്നത് സ്ട്രെസ്സോ ആംഗ്സൈറ്റിയോ? വ്യത്യാസമറിയാം, വീണ്ടെടുക്കാം മാനസികാരോഗ്യം

സ്‌ട്രെസ്, ആംഗ്സൈറ്റി, ബേണ്‍ഔട്ട് എന്നിവ എന്തൊക്കെയാണെന്നും, അവയുടെ ലക്ഷണങ്ങള്‍ എന്തെന്നും, എപ്പോഴാണ് ഒരു വൈദ്യസഹായം തേടേണ്ടതെന്നും അറിയാം

1 min read|11 Oct 2026, 08:50 am

ആധുനിക ജീവിതത്തിന്റെ വേഗതയേറിയ താളത്തില്‍ മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും പലര്‍ക്കും ദൈനംദിന അനുഭവങ്ങളായി മാറിയിരിക്കുന്നു. 'എനിക്ക് ഭയങ്കര സ്‌ട്രെസ് ആണ്', 'ആംഗ്‌സൈറ്റി കാരണം ഉറങ്ങാന്‍ പറ്റുന്നില്ല', അല്ലെങ്കില്‍ 'ജോലി ചെയ്ത് ബേണ്‍ഔട്ട് ആയി' എന്നിങ്ങനെ നാം സാധാരണയായി സംസാരിക്കാറുണ്ട്. ഏതൊരു ശാരീരിക രോഗത്തെയും ശരിയായി ചികിത്സിക്കുന്നതിന് മുന്‍പ് അതിന്റെ യഥാര്‍ത്ഥ കാരണം തിരിച്ചറിയേണ്ടത് എത്രത്തോളം പ്രധാനമാണോ, അത്രയും തന്നെ പ്രധാനമാണ് മാനസികാരോഗ്യ പ്രശ്‌നങ്ങളിലും അവയുടെ കൃത്യമായ വ്യത്യാസം മനസ്സിലാക്കുന്നത്. സ്‌ട്രെസ്, ആംഗ്‌സൈറ്റി, ബേണ്‍ഔട്ട് എന്നിവ എന്തൊക്കെയാണെന്നും, അവയുടെ ലക്ഷണങ്ങള്‍ എന്തെന്നും, എപ്പോഴാണ് ഒരു വൈദ്യസഹായം തേടേണ്ടതെന്നും അറിയുക.

എന്താണ് സ്‌ട്രെസ്?

ബാഹ്യമായ ഒരു കാരണത്തോടോ ഒരു പ്രത്യേക സാഹചര്യത്തോടോ നമ്മുടെ ശരീരവും മനസ്സും പ്രതികരിക്കുന്ന സ്വാഭാവിക പ്രക്രിയയാണ് സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം. ജോലിയിലെ അമിതഭാരം, പരീക്ഷാപേടി, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തുടങ്ങി പെട്ടെന്നുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ സ്‌ട്രെസിന് കാരണമാകാം.

പ്രധാന ലക്ഷണങ്ങള്‍

  • ശാരീരിക ലക്ഷണങ്ങള്‍: തലവേദന, അമിതമായ നെഞ്ചിടിപ്പ്, ദഹനക്കേട്, പേശികളില്‍ മുറുക്കം എന്നിവ അനുഭവപ്പെടുക.
  • മാനസിക ലക്ഷണങ്ങള്‍: പെട്ടെന്ന് ദേഷ്യം വരുക, ഏകാഗ്രതക്കുറവ്, അസ്വസ്ഥത.
  • ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങള്‍: ഉറക്കമില്ലായ്മ, അമിതമായി ഭക്ഷണം കഴിക്കുകയോ തീരെ കഴിക്കാതിരിക്കുകയോ ചെയ്യുക.
  • സ്‌ട്രെസിന് പിന്നില്‍ കൃത്യമായ ഒരു ബാഹ്യ കാരണം ഉണ്ടാകും. ആ കാരണം അല്ലെങ്കില്‍ സാഹചര്യം മാറിയതിന് ശേഷം സ്‌ട്രെസ് സ്വയം കുറയുന്നതാണ്.

എന്താണ് ആംഗ്സൈറ്റി (ഉത്കണ്ഠ)?

സ്‌ട്രെസ് എന്ന അവസ്ഥ ബാഹ്യമായ കാരണങ്ങളാല്‍ ഉണ്ടാകുമ്പോള്‍, ആംഗ്സൈറ്റി എന്നത് നമ്മുടെ ഉള്ളില്‍ നിന്നുണ്ടാകുന്ന ഭയത്തോടും ആശങ്കയോടും ഉള്ള പ്രതികരണമാണ്. ഭാവിയില്‍ സംഭവിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ചോ പരാജയങ്ങളെക്കുറിച്ചോ ഓര്‍ത്ത് നിരന്തരം ഉണ്ടാകുന്ന അമിതമായ ഭയവും വ്യാകുലതയുമാണ് ആംഗ്സൈറ്റിയുടെ കാതല്‍.

പ്രധാന ലക്ഷണങ്ങള്‍

  • ശാരീരിക ലക്ഷണങ്ങള്‍: കൈകാലുകള്‍ വിറയ്ക്കുക, അമിതമായി വേര്‍ക്കുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, അടിവയറ്റില്‍ അസ്വസ്ഥത തുടങ്ങിയ അനുഭവപ്പെടുക.
  • മാനസിക ലക്ഷണങ്ങള്‍: എപ്പോഴും മോശമായത് എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന ഭയം, ചിന്തകളെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ, എപ്പോഴും ജാഗരൂകരായിരിക്കുക എന്നിവ.
  • വ്യക്തമായ ഒരു ബാഹ്യ കാരണം ഇല്ലെങ്കില്‍ പോലും ആംഗ്‌സൈറ്റി നിലനില്‍ക്കാം. ഉദാഹരണത്തിന്, യാതൊരു പ്രകടമായ പ്രശ്‌നവുമില്ലാത്ത സാഹചര്യത്തിലും ഭാവിയിലെ കാര്യങ്ങളെക്കുറിച്ച് അനാവശ്യമായി ഭയപ്പെടുന്നത് ഇതിന്റെ ലക്ഷണമാണ്. ഇത് മാസങ്ങളോളം നീണ്ടുനില്‍ക്കുകയും ദൈനംദിന ജീവിതത്തെ ബാധിക്കുകയും ചെയ്താല്‍ അത് ആംഗ്‌സൈറ്റി ഡിസോര്‍ഡര്‍ (Anxiety Disorder) ആകാന്‍ സാധ്യതയുണ്ട്.

എന്താണ് ബേണ്‍ഔട്ട് (പൂര്‍ണ്ണമായ ശാരീരിക-മാനസിക തളര്‍ച്ച)?

ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന അനിയന്ത്രിതമായ സ്‌ട്രെസിന്റെ ഫലമായി ഉണ്ടാകുന്ന പൂര്‍ണ്ണമായ ശാരീരിക, മാനസിക, വികാരപരമായ തളര്‍ച്ചയാണ് ബേണ്‍ഔട്ട്. പ്രധാനമായും ജോലിസ്ഥലത്തെ അമിതഭാരം, വ്യക്തിപരമായ ഉത്തരവാദിത്തങ്ങള്‍, അല്ലെങ്കില്‍ നിരന്തരം ഉണ്ടാകുന്ന സമ്മര്‍ദ്ദം എന്നിവയില്‍ നിന്നാണ് ബേണ്‍ഔട്ട് ഉടലെടുക്കുന്നത്. ലോകാരോഗ്യ സംഘടന (WHO) ബേണ്‍ഔട്ടിനെ ഒരു തൊഴില്‍ബന്ധിത പ്രതിഭാസമായ തരംതിരിച്ചിരിക്കുന്നു.

പ്രധാന ലക്ഷണങ്ങള്‍

  • തീവ്രമായ തളര്‍ച്ച : രാവിലെ ഉണരുമ്പോള്‍ തന്നെ അമിതമായ ക്ഷീണവും ഊര്‍ജ്ജമില്ലായ്മയും അനുഭവപ്പെടുക.
  • വിരക്തിയും നിഷേധാത്മകതയും : ചെയ്യുന്ന ജോലിയോടും ചുറ്റുമുള്ളവരോടും വിരക്തിയും നിരാശയും തോന്നുക.
  • പ്രവര്‍ത്തനശേഷിക്കുറവ് : താന്‍ ചെയ്യുന്നതൊന്നും ഫലപ്രദമല്ലെന്ന തോന്നലും ആത്മാഭിമാനം കുറയുന്ന അവസ്ഥയും.
  • പ്രതീക്ഷയില്ലായ്മയും പൂര്‍ണ്ണമായ നിരാശയുമാണ് ബേണ്‍ഔട്ടിന്റെ പ്രധാന അടയാളം.

ശരീരത്തിലും മനസ്സിലും ഇവ ഉണ്ടാക്കുന്ന ആഘാതം

ഈ മൂന്ന് അവസ്ഥകളും ദീര്‍ഘകാലം ശ്രദ്ധിക്കപ്പെടാതെ പോയാല്‍ അത് ശാരീരികവും മാനസികവുമായ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാം:

  • ഹൃദയാരോഗ്യം: രക്തസമ്മര്‍ദ്ദം ഉയരുക, ഹൃദയമിടിപ്പില്‍ വ്യതിയാനങ്ങള്‍ വരുക, ഹൃദയാഘാത സാധ്യത വര്‍ദ്ധിക്കുക.
  • രോഗപ്രതിരോധശേഷി: രോഗപ്രതിരോധ വ്യവസ്ഥ ബലഹീനമാവുകയും ഇടയ്ക്കിടെ അണുബാധകള്‍ ഉണ്ടാകുകയും ചെയ്യുക.
  • ദഹനവ്യവസ്ഥ: അള്‍സര്‍, ഐ.ബി.എസ്, അസിഡിറ്റി.
  • മാനസികാരോഗ്യം: വിഷാദരോഗത്തിലേക്ക് നയിക്കപ്പെടാനുള്ള ഉയര്‍ന്ന സാധ്യത.

എപ്പോഴാണ് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത്?

താഴെ പറയുന്ന ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെയോ ഡോക്ടറുടെയോ സേവനം തേടാന്‍ മടിക്കരുത്:

  • ലക്ഷണങ്ങള്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ തുടര്‍ച്ചയായി നീണ്ടുനില്‍ക്കുകയാണെങ്കില്‍.
  • ദൈനംദിന ജോലികള്‍ ചെയ്യാനോ, ഓഫീസില്‍ പോകാനോ, കുടുംബബന്ധങ്ങള്‍ പുലര്‍ത്താനോ കഴിയാത്ത അവസ്ഥ.
  • തീവ്രമായ ഉറക്കമില്ലായ്മയോ അമിതമായ ഉറക്കമോ അനുഭവപ്പെടുമ്പോള്‍.
  • നിരാശ മൂലം ജീവിതം അവസാനിപ്പിക്കാനുള്ള ചിന്തകള്‍ മനസ്സിനെ അലട്ടുമ്പോള്‍.
  • ശാരീരിക പരിശോധനകളില്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ലെങ്കിലും നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, തലകറക്കം തുടങ്ങിയ ലക്ഷണങ്ങള്‍ തുടരുമ്പോള്‍ ശ്രദ്ധിക്കുക.

പരിഹാരമാര്‍ഗ്ഗങ്ങളും പ്രതിരോധവും

മാനസികാരോഗ്യ പ്രശ്‌നങ്ങളെ ഭയപ്പെടുകയല്ല, മറിച്ച് കൃത്യമായ ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ പ്രതിരോധിക്കുകയാണ് വേണ്ടത്.

  • ജീവിതശൈലി പുനഃക്രമീകരിക്കുക: ദിവസവും 7-8 മണിക്കൂര്‍ സുഖകരമായ ഉറക്കം, ക്രമമായ വ്യായാമം, സമീകൃതാഹാരം ശീലമാക്കുക. കൂടാതെ കഫീന്‍, മദ്യം, പുകവലി എന്നിവ ഒഴിവാക്കുക.
  • റിലാക്‌സേഷന് സഹായിക്കുന്ന വ്യായാമങ്ങള്‍ പരിശീലിക്കുക: ഡിപ് ബ്രീത്തിങ്, മൈന്‍ഡ്ഫുള്‍നെസ് ധ്യാനം എന്നിവ ഉത്കണ്ഠയും മാനസിക സമ്മര്‍ദവും കുറയ്ക്കാന്‍ സഹായിക്കും.
  • വ്യക്തമായ അതിരുകള്‍ നിശ്ചയിക്കുക. അതിനായി കൃത്യമായ വര്‍ക്ക്-ലൈഫ് ബാലന്‍സ് നിലനിര്‍ത്തുക.
  • തുറന്നു സംസാരിക്കുക: നിങ്ങളുടെ വികാരങ്ങള്‍ കുടുംബാംഗങ്ങളോടോ വിശ്വസ്തരായ സുഹൃത്തുക്കളോടോ തുറന്നു സംസാരിക്കുന്നത് വഴി മാനസികമായ ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ സാധിക്കും.
  • ശാസ്ത്രീയ ചികിത്സ തേടുക: കൗണ്‍സിലിംഗ്, കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി (സി.ബി.ടി) എന്നിവയിലൂടെ പൂര്‍ണ്ണ ഇവയില്‍ നിന്ന് മോചനം സാധ്യമാണ്.

മാനസിക ശാരീരിക ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ സ്‌ട്രെസും ആംഗ്‌സൈറ്റിയും ബേണ്‍ഔട്ടും നമ്മുടെ ബലഹീനതയുടെ ലക്ഷണങ്ങളല്ല മറിച്ച് നമ്മുടെ മനസ്സും ശരീരവും വിശ്രമം ആവശ്യപ്പെടുന്നു എന്നതിന്റെ മുന്നറിയിപ്പുകളാണ്. ഈ വ്യത്യാസങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് ആവശ്യമുള്ള ഘട്ടത്തില്‍ മടിക്കാതെ വിദഗ്ദ്ധ ചികിത്സ തേടാന്‍ തയ്യാറാകുക. ഓര്‍ക്കുക, ശാരീരിക രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നത് പോലെ തന്നെ സ്വാഭാവികവും ലളിതവുമാണ് മാനസികാരോഗ്യത്തിനും ചികിത്സ തേടുന്നത്.

Content Highlights :Let us understand what stress, anxiety, and burnout are, what their symptoms are, and when to seek medical help.

To advertise here,contact us