രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലും നിർണ്ണായകമായ പൊളിച്ചെഴുത്തിന് കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്. ഇന്ത്യൻ സർവകലാശാലകളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC), സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള AICTE, അധ്യാപക പരിശീലനത്തിനായുള്ള NCTE എന്നീ സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങളെ ഇല്ലാതാക്കാനാണ് നീക്കം. ഇതിനായി വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ, 2025 അവതരിപ്പിച്ചു. ഒരു ഏകീകൃത ഉന്നത വിദ്യാഭ്യാസ കമ്മിഷൻ സ്ഥാപിക്കുക എന്നതാണ് ഈ ബില്ലിന്റെ മുഖ്യ ലക്ഷ്യം.
ദേശീയ വിദ്യാഭ്യാസ നയം (NEP, 2020) മുന്നോട്ടുവെച്ച ശുപാർശകൾക്ക് അനുസൃതമായാണ് ഈ മാറ്റം. ഇതിനോടകം തന്നെ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഈ ബിൽ വഴിതുറന്നിട്ടുണ്ട്.
നിലവിൽ രാജ്യത്ത് 60,000-ത്തിലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അതിൽ 1,000-ത്തിലധികം സർവകലാശാലകളാണ്. ഇവിടെയെല്ലാമായി നാല് കോടിയിലധികം വിദ്യാർത്ഥികൾ പഠിക്കുന്നു. എല്ലാവരെയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് പുതിയ ബില്ലിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര സർക്കാരിൻ്റെ ഭാഷ്യം. വിവിധ റെഗുലേറ്ററി ബോഡികൾ കാരണമുണ്ടാകുന്ന അമിതമായ നിയന്ത്രണവും മേൽനോട്ടവും ഒഴിവാക്കി ലളിതമായ നിയന്ത്രണ സംവിധാനം ഒരുക്കും എന്നതാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മെഡിക്കൽ, നിയമം, വെറ്ററിനറി തുടങ്ങിയ പ്രത്യേക കൗൺസിലുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങൾ ഒഴികെ, രാജ്യത്തെ ഐ.ഐ.ടി (IIT), ഐ.ഐ.എം (IIM) അടക്കമുള്ള ദേശീയ പ്രാധാന്യമുള്ള എല്ലാ സ്ഥാപനങ്ങളും സർവകലാശാലകളും ഇനി ഈ പുതിയ കമ്മീഷന് കീഴിലായിരിക്കും. പക്ഷെ, ഏകീകൃത കമ്മീഷൻ വരുന്നതോടെ സർവകലാശാലകളുടെ സ്വയംഭരണാവകാശത്തിന് മേലുള്ള കടന്നുകയറ്റമാകുമെന്നും അധികാരങ്ങൾ മുഴുവൻ കേന്ദ്രസർക്കാരിലേക്ക് കേന്ദ്രീകരിക്കപ്പെടുമെന്നുമാണ് പ്രധാനപ്പെട്ട വിമർശനം.
ഈ കമ്മീഷന് കീഴിൽ പ്രധാനമായും മൂന്ന് കൗൺസിലുകളാകും പ്രവർത്തിക്കുക. റെഗുലേഷൻ, അക്രഡിറ്റേഷൻ, അക്കാദമിക് നിലവാരം ഉറപ്പാക്കൽ എന്നിവയാണ് ഈ കൗൺസിലുകളുടെ ചുമതല. അംഗീകാരം, സ്വയംഭരണം, സാമ്പത്തിക പരിശോധന എന്നിവയുടെ ചുമതല വഹിക്കുന്ന റെഗുലേഷൻ കൗൺസിലാണ് ഒന്നാമത്തേത്. വികസിത് ഭാരത് ശിക്ഷ വിനിയമൻ പരിഷത് എന്നാണ് ഈ കൗൺസിലിൻ്റെ പേര്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാണിജ്യവൽക്കരണം തടയാനുള്ള നയരൂപീകരണം ഈ കൗൺസിലിന്റെ ദൗത്യമാണ്. നിലവിൽ റാങ്കിങ്ങ് നിർണ്ണയിക്കുന്ന NAACന് പകരമായി പ്രവർത്തിക്കുന്ന അക്രഡിറ്റേഷൻ സമിതിയാണ് രണ്ടാമത്തേത്. വികസിത് ഭാരത് ശിക്ഷ ഗുണവത പരിഷത് എന്നാണ് ഈ സമിതിയുടെ പേര്. വികസിത് ഭാരത് ശിക്ഷ മാനക് പരിഷത് എന്നാണ് മൂന്നാമത്തെ സമിതി അറിയപ്പെടുക. സിലബസ്, യോഗ്യത, ക്രെഡിറ്റ് ട്രാൻസ്ഫർ, ഭാരതീയ വിജ്ഞാന സമ്പ്രദായം നടപ്പിലാക്കൽ എന്നിവയാണ് ചുമതല. ഈ സ്റ്റാൻഡേർഡ്സ് കൗൺസിലിൻ്റെ ചുമതലകളും ചർച്ചയാവുകയാണ്. കോഴ്സുകളുടെ യോഗ്യത, ക്രെഡിറ്റ് ട്രാൻസ്ഫർ എന്നിവയ്ക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനൊപ്പം ഇന്ത്യൻ ഭാഷകൾ, അറിവ് സമ്പ്രദായം, സംസ്കാരം എന്നിവ ഉന്നതവിദ്യാഭ്യാസത്തിൽ സജീവമായി ഉൾപ്പെടുത്താനും ഈ കൗൺസിൽ മാനദണ്ഡങ്ങൾ തയ്യാറാക്കുമത്രെ.
ബില്ലിന്റെ ലക്ഷ്യങ്ങൾ ലളിതവൽക്കരണമാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും അക്കാദമിക് ലോകം വലിയ ആശങ്കയിലാണ്. ചില വ്യവസ്ഥകൾ ഉന്നത വിദ്യാഭ്യാസത്തിന്റെ സ്വയംഭരണാവകാശത്തെയും ജനാധിപത്യ സ്വഭാവത്തെയും ചോദ്യം ചെയ്യുന്നുണ്ട്.
ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ മാറ്റത്തിലാണ് വലിയ വിമർശനം ഉയരുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ സർവകലാശാലകൾക്ക് 'ഗ്രാന്റ്' നൽകുന്ന കമ്മീഷനായിരുന്നു യുജിസി. എന്നാൽ പുതിയ സംവിധാനത്തിൽ കമ്മീഷന് സ്ഥാപനങ്ങൾക്ക് നേരിട്ട് പണം നൽകാനുള്ള അധികാരമില്ല. പകരം, ഫണ്ട് വിതരണം ഇനി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നേരിട്ട് നിർവഹിക്കും. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ ഇത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ നിർബന്ധിതരാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അക്കാദമിക് വിദഗ്ധർക്ക് പകരം ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ഫണ്ട് നിയന്ത്രിക്കുന്നത്, സർക്കാരിന് താല്പര്യമില്ലാത്ത ഗവേഷണങ്ങളെയോ സ്ഥാപനങ്ങളെയോ സാമ്പത്തികമായി ശ്വാസം മുട്ടിക്കാൻ ഉപയോഗിക്കപ്പെട്ടേക്കാം എന്ന ആശങ്കയും ശക്തമാണ്.
യുജിസി കൗൺസിലിൽ അധ്യാപക പ്രതിനിധികൾക്ക് സ്ഥാനമുണ്ടായിരുന്നു. എന്നാൽ പുതിയ ബിൽ പ്രകാരം രൂപീകരിക്കുന്ന സമിതിയിൽ അധ്യാപക പ്രതിനിധികളില്ല. പകരം സംസ്ഥാന പ്രതിനിധികളെയും വ്യവസായ പ്രമുഖരെയും ഉൾപ്പെടുത്താനാണ് നീക്കം. വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കുന്ന സമിതിയിൽ നിന്ന് അധ്യാപകരെയും അക്കാദമിക് വിദഗ്ധരെയും മാറ്റിനിർത്തുന്നത് ഗുണപരമായ അന്തഃസത്തയെ സാരമായി ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൂടാതെ, യുജിസി ചെയർമാൻ എന്നത് ശമ്പളമുള്ള, മുഴുവൻ സമയ പദവിയായിരുന്നെങ്കിൽ, പുതിയ കമ്മീഷൻ അധ്യക്ഷസ്ഥാനം വെറുമൊരു 'ഓണററി' പദവി മാത്രമാണ്. ഇത് കമ്മീഷന്റെ കാര്യക്ഷമതയെ ബാധിക്കുക തന്നെ ചെയ്യും. യഥാർത്ഥ അധികാരം ബ്യൂറോക്രസിയിലേക്ക് മാറുമെന്നും വിമർശനം ഉയർന്നു വന്നിട്ടുണ്ട്.
1956-ലെ യുജിസി നിയമപ്രകാരം നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് പരമാവധി 1000 രൂപ മാത്രമായിരുന്നു പിഴ. എന്നാൽ പുതിയ ബിൽ പ്രകാരം ഇത് 2 കോടി രൂപ വരെയാക്കി ഉയർത്തിയിരിക്കുന്നു. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കടുത്ത ശിക്ഷ നൽകുന്നത് സ്വാഗതാർഹമാണെങ്കിലും, നിസ്സാരമായ വീഴ്ചകൾക്ക് പോലും വൻതുക പിഴ ഈടാക്കാനും സ്ഥാപനങ്ങളെ വരുതിയിൽ നിർത്താനും ഈ അധികാരം ഉപയോഗിക്കപ്പെട്ടേക്കാം.
'വികസിത് ഭാരത് ശിക്ഷ മാനക് പരിഷത്' എന്ന സമിതിയുടെ പ്രധാന ചുമതലകളിലൊന്ന് ഇന്ത്യൻ വിജ്ഞാന സമ്പ്രദായം, സംസ്കാരം എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക എന്നതാണ്. ഉന്നതവിദ്യാഭ്യാസത്തെ 'തദ്ദേശീയമാക്കുക' എന്ന ലക്ഷ്യം നല്ലതാണെങ്കിലും, ശാസ്ത്രീയ അടിത്തറയില്ലാത്ത വിഷയങ്ങൾ പാഠ്യപദ്ധതിയിലേക്ക് തിരുകിക്കയറ്റാനും വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനുമുള്ള നീക്കമായി ഇതിനെ അക്കാദമിക് സമൂഹം സംശയത്തോടെയാണ് വീക്ഷിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാലഹരണപ്പെട്ടതും സങ്കീർണ്ണവുമായ റെഗുലേറ്ററി സംവിധാനം ലളിതമാക്കണം എന്നതിൽ സംശയമൊന്നുമില്ല. എന്നാൽ വിദ്യാഭ്യാസ രംഗത്തെ ബഹുസ്വരതയും ഫെഡറൽ സംവിധാനവും തകർക്കുന്നതാണ് പുതിയ ബിൽ എന്ന വിമർശനം അവഗണിക്കാനാവില്ല. ഐഐടി പോലുള്ള സ്വയംഭരണ സ്ഥാപനങ്ങളെപ്പോലും ഒരൊറ്റ കമ്മീഷന് കീഴിൽ കൊണ്ടുവരുന്നത് അവയുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ ബാധിച്ചേക്കാം. 'ഇൻസ്പെക്ടർ രാജ്' അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും, ഫണ്ടിംഗ് അധികാരങ്ങൾ മന്ത്രാലയം നേരിട്ട് ഏറ്റെടുക്കുന്നതിലൂടെ 'സെൻട്രലൈസ്ഡ് കൺട്രോൾ രാജ്' വരാനുള്ള സാധ്യതയാണ് വികസിത് ഭാരത് ശിക്ഷ അധിഷ്ഠാൻ ബിൽ തുറന്നിടുന്നത്. സാമ്പത്തികമായ കടിഞ്ഞാൺ മന്ത്രാലയം ഏറ്റെടുക്കുന്നതിലൂടെ അക്കാദമിക് സ്വാതന്ത്ര്യം പണയപ്പെടുത്തപ്പെടുമോ എന്ന കാര്യത്തിൽ ഗൗരവകരമായ ചർച്ചകൾ അനിവാര്യമാണ്. വിദ്യാഭ്യാസത്തിന്റെ അന്തഃസത്ത എന്നത് സ്വതന്ത്രമായ ചിന്തയും ഗവേഷണവുമാണ്. അത് ഭരണകൂടത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ തളച്ചിടപ്പെടാനുള്ളതല്ല.
Content Highlights: Viksit Bharat Shiksha Adhishthan Bill And worries About India's higher education