സൈനിക ബഹുമതി തനിക്കുതന്നെ സമ്മാനിക്കുന്ന അസിം മുനീര്‍; യുദ്ധ നായകനാകാനുള്ള പതിനെട്ടാമത്തെ അടവ്

ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ ബഹുമതിക്ക് അര്‍ഹനായത് മുനീര്‍ മാത്രമായിരുന്നില്ല. പാക് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ബഹുമതികളുടെ ഒരു കുത്തൊഴുക്കിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

1 min read|16 Aug 2025, 10:57 am

രാജ്യത്തെ രണ്ടാമത്തെ സൈനിക ബഹുമതിയായ 'ഹിലാല്‍ ഇ ജുറാത്' സ്വയം നല്‍കി ആദരിക്കുക. അതാണിപ്പോള്‍ പാക് പട്ടാളമേധാവി അസിം മുനീര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യ-പാക് സംഘര്‍ഷത്തിലെ സ്തുത്യര്‍ഹമായ സേവനത്തിന് പാകിസ്താന്റെ സ്വാതന്ത്ര്യദിനം കൊണ്ടാടുന്ന ദിവസം സൈനിക ബഹുമതി നല്‍കി അവനവനെ തന്നെ അങ്ങ് ആദരിച്ചുകളഞ്ഞു സൈനിക മേധാവി. വല്ലാത്തൊരു സെല്‍ഫ് ഒബ്‌സെഷന്‍ തന്നെ! ഹിലാല്‍ ഇ ജുറാത് അതായത് ധീരതയുടെ ചന്ദ്രക്കല(Crescent of courage) എന്നര്‍ഥം വരുന്ന ഈ ബഹുമതി ഇന്ത്യയിലെ സൈനിക ബഹുമതിയായ മഹാ വീര്‍ ചക്രയ്ക്ക് സമമാണ്. ഇന്ത്യ-പാക് സംഘര്‍ഷത്തിന് നേതൃത്വം നല്‍കി, ചോദ്യംചെയ്യപ്പെടാനാകാത്ത ധൈര്യവും സൈനികശക്തിയും ഉറച്ച വിശ്വാസവും ഇളക്കംതട്ടാത്ത ദേശസ്‌നേഹം പ്രകടിപ്പിച്ചു..ഹിലാല്‍ ഇ ജുറാത്തിന് മുനീറിനെ യോഗ്യനാക്കിയത് ഇക്കാര്യങ്ങളാണെന്നാണ് ബഹുമതി പ്രഖ്യാപനത്തില്‍ പറയുന്നത്. മറ്റൊരു കൗതുകം കൂടിയുണ്ട്. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ ബഹുമതിക്ക് അര്‍ഹനായത് മുനീര്‍ മാത്രമായിരുന്നില്ല. പാക് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ബഹുമതികളുടെ ഒരു കുത്തൊഴുക്കിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

എയര്‍ ചീഫ് മാര്‍ഷല്‍ ബാബര്‍ സിദ്ധുസ നേവല്‍ ചീഫ് അഡ്മിറല്‍ നവീദ് അഷ്‌റഫ് എന്നിവര്‍ക്ക് നിഷാന്‍ ഇ ഇംതിയാസും ഉള്‍പ്പെടെ പാക് പട്ടാളത്തിന്റെ തന്ത്രപ്രധാന റോളുകള്‍ വഹിക്കുന്നവര്‍ക്കെല്ലാം ബഹുമതികളുണ്ട്. പക്ഷെ എല്ലാവരും നെറ്റിചുളിച്ചത് രാഷ്ട്രീയ നേതാക്കള്‍ക്ക് ലഭിച്ച ബഹുമതികളിലായിരുന്നു.പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനും ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദറിനും പാകിസ്താന്റെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ 'നിഷാന്‍ ഇ ഇംതിയാസ്' നല്‍കി.സംഘര്‍ഷത്തില്‍ പാകിസ്താന് നേതൃത്വം നല്‍കിയതിനാണ് പ്രധാനമന്ത്രിക്ക് ബഹുമതിയെങ്കില്‍ ഇന്ത്യയുടെ നയതന്ത്ര ആക്രമണങ്ങള്‍ തുറന്നുകാണിച്ചതിനും ലോകത്തിന് മുന്നില്‍ പാകിസ്താന്റെ നിലപാട് വ്യക്തമാക്കിയതിനുമായിരുന്നു വിദേശകാര്യമന്ത്രി പുരസ്‌കൃതനായത്. അവിടെയും തീര്‍ന്നില്ല ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റര്‍ അത്താഉല്ല തരാറിന് ഇന്ത്യന്‍ പ്രൊപ്പഗാന്‍ഡ ചെറുത്തതിനും സിവില്‍ മിലിട്ടറി കമ്യൂണിക്കേഷന്‍ ഏകോപിപ്പിച്ചിതിനും, സംഘര്‍ഷത്തിലെ തന്ത്രങ്ങള്‍ മെനഞ്ഞതിന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിനും 'നിഷാന്‍ ഇ ഇംതിയാസ്' നല്‍കി ആദരിച്ചിട്ടുണ്ട്. നിയമമന്ത്രി അസം നസീര്‍ തരാര്‍, ഇന്റീരിയര്‍ മിനിസ്റ്റര്‍ മൊഹ്‌സിന്‍ നഖ്വി, ബിലാവല്‍ ഭൂട്ടോ സര്‍ദാരി എന്നിവരും രാജ്യത്തിന്റെ ആദരവിന് അര്‍ഹരായി. ഡോ. മുസാദിക് മാലിക്, സെനറ്റര്‍ ഷെറി റഹ്‌മാന്‍, ഖുറം ദസ്ത്ഗിര്‍, ഹിന റബ്ബാനി ഖര്‍, സെനറ്റര്‍ ഫൈസല്‍ സബ്‌സ്വാരി, തെഹ്‌മിന ജന്‍ജുവ, ജലീല്‍ അബ്ബാസ് ജിലാനി എന്നിവരുള്‍പ്പെടെ നയതന്ത്ര ദൗത്യത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഹിലാല്‍-ഇ-ഇംതിയാസ് നല്‍കി ആദരിച്ചിട്ടുമുണ്ട്.

അതായത്, ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പാകിസ്താന്റെ ആത്മവീര്യം തകര്‍ത്തെന്നും അവരെ മുട്ടുകുത്തിച്ചെന്നും ഇന്ത്യയുടെ പുതിയ മുഖം പോരാട്ടത്തിലൂടെ ലോകം കണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് പാകിസ്താനില്‍ ആരും അറിഞ്ഞ മട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താന്റെ വീറ് വിളിച്ചോതുന്നതായിരുന്നു, അവരുടെ പ്രതിരോധം ശക്തി തെളിയിക്കുന്നതായിരുന്നു. അങ്ങനെയാണെങ്കിലും അല്ലെങ്കിലും അവര്‍ അങ്ങനെയാണ് വിശ്വസിക്കുന്നതും പാക് ജനതയെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും. അതുകൊണ്ടാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അസിം മുനീറിനെ വിരുന്നിന് ക്ഷണിച്ചതും കരാറുകളിലൂടെ പാകിസ്താന് സാമ്പത്തിക പിന്തുണ നല്‍കുന്നതെന്നുമാണ് പാക് ജനത കരുതുന്നത്. 5-6 ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തു, സൈനിക താവളങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്നെല്ലാമാണ് അന്ന് പാകിസ്താന്‍ അവകാശപ്പെട്ടത്. എന്തിനേറെ അസിം മുനീറുമായി ഒട്ടും രസത്തിലല്ലാത്ത ഇമ്രാന്‍ ഖാന്‍ പോലും സൈനിക നടപടിയെ സോഷ്യല്‍ മീഡിയയില്‍ വാഴ്ത്തി. 'ഇത് എന്റെ രാജ്യമാണ്, എന്റെ സൈന്യമാണ്. പാകിസ്താന്‍ വ്യോമസേനയ്ക്കും എല്ലാ സൈനികര്‍ക്കും അവരുടെ പ്രൊഫഷണലിസത്തിനും മികച്ച പ്രകടനത്തിനും അഭിനന്ദനം.' എന്നായിരുന്നു ഖാന്‍ എഴുതിയത്.

ഭരണത്തിലിരിക്കെ സൈനികാധിപത്യത്തിനെതിരെ നടപടികളെടുത്ത നേതാവാണ് ഇമ്രാന്‍ ഖാന്‍. അന്ന് വലിയ വെല്ലുവിളിയാണ് മുനീര്‍ അഭിമുഖീകരിക്കേണ്ടി വന്നത്. ഖാനെ ജയിലിലടച്ചു, അദ്ദേഹത്തിന്റെ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടിയുടെ അനുയായികളെ അടിച്ചമര്‍ത്തി, പൊതുതിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചു തുടങ്ങിയ ആരോപണങ്ങളുടെ പേരില്‍ രൂക്ഷമായ വിമര്‍ശനമാണ് അസിം മുനീറിനെതിരെ ഉയര്‍ന്നിരുന്നത്. ഇന്ത്യ-പാക് സംഘര്‍ഷത്തോടെ അസിം മുനീര്‍ പക്ഷെ ജനകീയനാകുകയായിരുന്നു. 'ജനറല്‍ അസിം മുനീര്‍ നീണാള്‍ വാഴട്ടെ!', 'നിങ്ങള്‍ ഞങ്ങളുടെ രക്ഷകനാണ്' എന്നെല്ലാമെഴുതിയ പ്ലക്കാര്‍ഡുകള്‍ പാക് തെരുവുകളില്‍ നടന്ന റാലികളില്‍ ഉയര്‍ന്നത് അസിം മുനീറിന്റെ ജനസമ്മതിയുടെ ഉദാഹരണമാണ്. സംഘര്‍ഷശേഷം പാകിസ്താനില്‍ നടത്തിയ സര്‍വേയില്‍ 93 ശതമാനം പേരും സൈന്യത്തെക്കുറിച്ചുള്ള അഭിപ്രായം മെച്ചപ്പെട്ടതായി അഭിപ്രായപ്പെടുന്നുമുണ്ട്.

' സംഘര്‍ഷം ജനറലിനെ മുന്‍ ജനറല്‍മാരേക്കാള്‍ ശക്തനാക്കി. അദ്ദേഹം ഇപ്പോള്‍ നായകനാണ്.' പാകിസ്ഥാന്‍ സൈന്യത്തെക്കുറിച്ചുള്ള മിലിട്ടറി ഇന്‍കോര്‍പ്പറേറ്റഡ് എന്ന പുസ്തകത്തിന്റെ രചയിതാവായ ആയിഷ സിദ്ദിഖ പറയുന്നു. അവര്‍ മറ്റൊന്നുകൂടി ചൂണ്ടിക്കാട്ടി അയല്‍ക്കാര്‍ തമ്മിലുള്ള മത്സരം നടക്കുന്നത് രണ്ട് എക്‌സ്ട്രീമിസ്റ്റുകള്‍ തമ്മിലാണ്. ഇന്ത്യയിലെ ഹിന്ദു ദേശീയവാദിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താനിലെ മുസ്ലീം മതഭക്തനായ മുനീറും..' ഇന്ത്യയില്‍ ബിജെപി ഭരണം തന്നെ തുടരണെന്ന് ആഗ്രഹിക്കുന്നത് ഇന്ത്യയിലെ തീവ്രവലതുപക്ഷ ചിന്താഗതിക്കാര്‍ മാത്രമല്ല. പാകിസ്താന്‍ കൂടിയാണ്. എങ്കില്‍ മാത്രമേ മതവര്‍ഗീയതയിലൂടെ പാകിസ്താനില്‍ അവര്‍ക്ക് തീവ്രദേശീയത വളര്‍ത്താനും ജനങ്ങളെ ഒപ്പം നിര്‍ത്താനും സാധിക്കൂ..അതിനുവേണ്ടിയാണ് ഇന്ത്യക്കെതിരായ ഓരോ പരാമര്‍ശത്തിനും ഖുറാനെ അസിം മുനീര്‍ കൂട്ടുപിടിക്കുന്നതും.' എല്ലാ കഴിവുകളും ഉപയോഗിച്ചാലും ഇന്ത്യക്ക് പാകിസ്താനെ ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്ന് ഖുറാനിലെ വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഒരിക്കല്‍ മുനീര്‍ പറഞ്ഞത്. ഇന്ത്യക്കെതിരായ പാക് പ്രത്യാക്രമണത്തെ 'ബനിയന്‍ മര്‍സൂസ്' എന്നാണ് മുനീര്‍ വിശേഷിപ്പിച്ചത്. അത് ആരംഭിക്കുന്നത് മുസ്‌ലിം വിശ്വാസികള്‍ ശുഭകരമായി കരുതുന്ന പ്രഭാത പ്രാര്‍ത്ഥന സമയത്താണ്. ഇതുമാത്രമല്ല, തീവ്രഹിന്ദുവാദത്തിനെതിരായ പോരാട്ടമെന്ന ലേബലുണ്ടെങ്കിലേ ഭീകരതയ്ക്കാവശ്യമായ ഫണ്ട് നിര്‍ലോഭമായി കേന്ദ്രങ്ങളിലേക്ക് ഒഴുകൂ.

വീണ്ടും പട്ടാള ഭരണത്തിലേക്കോ?

എല്ലാ രാജ്യത്തിനും പട്ടാളമുണ്ടെങ്കില്‍ പാക് പട്ടാളത്തിന് ഒരു രാജ്യമുണ്ടെന്നാണ് പൊതുവെ പറയാറുള്ളത്. സൈനിക മേധാവിയുടെ രാഷ്ട്രീയ നിലപാടിനെ തുറന്നമനസ്സോടെ അംഗീകരിക്കാന്‍ ഒരു മടിയുമില്ലാത്തവരുമാണ് അവിടുത്തെ ജനത. ജൂണില്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഒരു പ്രസ്താവന നടത്തിയിരുന്നു. രാജ്യം ഒരു സിവില്‍-മിലിട്ടറി ഹൈബ്രിഡ് മോഡലിന് കീഴിലാണ്. അതില്‍ സൈന്യവും അധികാരത്തിന്റെ പങ്ക് ആസ്വദിക്കുന്നുണ്ടെന്നായിരുന്നു അതിന്റെ ഉള്ളടക്കം.'ഇതൊരു ഹൈബ്രിഡ് മോഡലാണ്. ഇതൊരു ആദര്‍ശ ജനാധിപത്യ സര്‍ക്കാരല്ല. അതിനാല്‍, ഈ ഹൈബ്രിഡ് ക്രമീകരണം, അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. സാമ്പത്തിക, ഭരണ പ്രശ്നങ്ങളെ സംബന്ധിച്ചിടത്തോളം പാകിസ്താന്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതുവരെ ഈ സംവിധാനം ഒരു പ്രായോഗിക ആവശ്യകതയാണ്.' എന്നാണ് ഖ്വാജ ആസിഫ് പറഞ്ഞത്. അതായത് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും അത് അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്യുന്നുണ്ടെന്ന് അര്‍ഥം. കാരണം രാജ്യം കണ്ട ഏറ്റവും ദുര്‍ബലമായ സഖ്യകക്ഷിയാണ് ഷെഹബാസിന്റേത്. യൂത്തിനെ സ്വാധീനിക്കാന്‍ കെല്‍പുള്ള ഇമ്രാന്‍ തടവിലും.

എല്ലാ കാലത്തും ഇന്ത്യയുമായുള്ള സംഘര്‍ഷം പാകിസ്താന്റെ ദൗര്‍ബല്യങ്ങള്‍ വെളിച്ചത്തുക്കൊണ്ടുവരുന്ന ഒന്നായാണ് ജനങ്ങള്‍ കണ്ടിരുന്നതെങ്കില്‍, ഇന്ത്യയോടുള്ള അസിം മുനീറിന്റെ നിലപാടും പ്രകോപന പ്രസംഗങ്ങളും ഓപ്പറേഷന്‍ സിന്ദൂറിനോടുള്ള പ്രതികരണവുമെല്ലാം രാജ്യത്തെ രക്ഷിക്കുന്ന സ്ഥാപനമായി സൈന്യത്തെ കാണാന്‍ ജനങ്ങളെ പ്രേരിപ്പിച്ചിരിക്കുകയാണ്. തനിക്കും തന്റെ വിശ്വസ്തര്‍ക്കും രാജ്യത്തെ പരമോന്നത ബഹുമതികള്‍ നല്‍കുക വഴി പൊതുജനസമക്ഷത്തുനിന്നും തോല്‍വിയെന്ന വികാരം മായ്ച്ചുകളയാന്‍ അസിമിന് കഴിയുമായിരിക്കും.(യുദ്ധത്തില്‍ പോരാടിയ സാധാരണ സൈനികന് ഒരു ബഹുമതി പോലുമില്ലെന്നുള്ളതും ശ്രദ്ധേയമാണ്. ഇതവര്‍ക്കിടയില്‍ നീരസമുണ്ടാക്കിയെന്നും, സ്വയം ബഹുമതി നല്‍കുക വഴി ധീരതയിലൂടെ ഈ ബഹുമതി ആര്‍ജിച്ച പട്ടാളക്കാരുടെ അന്തസ്സിനെയാണ്, പാകിസ്താന്‍ സൈനിക ബഹുമതികളുടെ വിശ്വാസ്യതയെയാണ് മുനീര്‍ ചോദ്യം ചെയ്യുന്നതെന്ന്ആരോപിച്ച് ചില പാക്‌സിതാനികള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുന്നയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്)

പട്ടാള ഭരണം പാക്‌സിതാന് പുതുമയൊന്നുമല്ല. മുനീറിന് മുന്‍പ് പാകിസ്താന്‍ കണ്ട ഏക ഫീല്‍ഡ് മാര്‍ഷന്‍ ആയിരുന്ന അയ്യൂബ് ഖാന്‍, സിയ ഉല്‍ ഹഖ്, പര്‍വേസ് മുഷ്‌റഫ് എന്നിവരെല്ലാം പട്ടാള അട്ടിമറി നടത്തി ഭരണം കയ്യാളിയവരാണ്. പക്ഷെ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തിയെങ്കിലും അട്ടിമറിക്ക് അസിം മുനീര്‍ തല്ക്കാലം മുതിര്‍ന്നിട്ടില്ല. ലോകരാജ്യങ്ങളുടെ പിന്തുണ നേടിയതിന് ശേഷം ഭരണത്തിലേക്ക് എന്നതാണോ അസിമിന്റെ നീക്കമെന്നും വ്യക്തമല്ല. 2027 നവംബര്‍ വരെ സൈനിക മേധാവിയായി അസിം മുനീര്‍ തുടരും. അതൊരുപക്ഷെ അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിക്കൂടായ്കയുമില്ല. ഏതായാലും മറ്റൊരു പട്ടാളമേധാവിക്കും കിട്ടാത്ത സ്‌നേഹപ്രവാഹമാണ് അസിം മുനീറിന് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. യുഎസിലേക്ക് മുനീര്‍ നടത്തിയ രണ്ടുതവണത്തെ സന്ദര്‍ശനവും മറ്റ് വിദേശരാജ്യങ്ങളിലേക്കുള്ള പര്യടനവും ഒരു മുന്നറിയിപ്പാണ്, പാക്‌സിതാന്റെ പൊളിറ്റിക്കല്‍ ക്യാപിറ്റലായി അസിം മുനീര്‍ മാറുന്നുവെന്ന മുന്നറിയിപ്പ്.

(Reference - Reuters, Indian Express, Dawn)

Content Highlights: Asim Munir's Dramatic Rise in Pakistan's Military Politics

To advertise here,contact us