ദുബായ് റണ്ണിൽ വ്യത്യസ്തവും ആകർഷകവുമായ വേഷങ്ങളണിഞ്ഞ് പങ്കെടുക്കുന്നവർക്ക് 10,000 ദിർഹം വീതം സമ്മാനം നേടാൻ അവസരം. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പത്താം പതിപ്പിന്റെ ഭാഗമായി 'Dress Your Run' മത്സരമാണ് സംഘടിപ്പിക്കുന്നത്. പത്ത് വിജയികൾക്ക് 10,000 ദിർഹം വീതം ലഭിക്കും. ആകെ ഒരു ലക്ഷം ദിർഹമാണ് സമ്മാനത്തുക.
നവംബർ 22 ഞായറാഴ്ച ഷെയ്ഖ് സായിദ് റോഡിലാണ് ദുബായ് റൺ നടക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആദ്യം ഔദ്യോഗിക വെബ്സെെറ്റിലൂടെ ദുബായ് റണ്ണിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് ഏറ്റവും ക്രിയേറ്റീവായ വസ്ത്രം ധരിച്ച് ദുബായ് റണ്ണിൽ പങ്കെടുക്കാം. റണ്ണിൽ പങ്കെടുക്കുമ്പോൾ ഔദ്യോഗിക ബിബ് ( official bib) വ്യക്തമായി കാണുന്ന തരത്തിൽ ചിത്രമെടുക്കണം. @dubaifitnesschallenge എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്ത ശേഷം രാവിലെ അഞ്ച് മുതൽ വെെകീട്ട് അഞ്ച് വരെ നേരിട്ടുള്ള സന്ദേശമായി ചിത്രം അയയ്ക്കണം. നവംബർ 29 ന് വിജയികളെ പ്രഖ്യാപിക്കും.
18 വയസ്സിന് മുകളിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. പ്രായപൂർത്തിയാകാത്തവരുടെ എൻട്രികൾ രക്ഷിതാക്കളോ നിയമപരമായ ഗാർഡിയനുകളോ സമർപ്പിച്ചാലും സ്വീകരിക്കും. ഔദ്യോഗിക ബിബ് നിർബന്ധമായും ധരിക്കണം. ഓടുന്നതിനോ നടക്കുന്നതിനോ തടസ്സമാകാത്തതും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തതുമായ വേഷങ്ങൾ തിരഞ്ഞെടുക്കണമെന്നും സംഘാടകർ നിർദേശിച്ചു. ദുബായ് റണ്ണിൽ പങ്കെടുക്കുന്നവർക്ക് രണ്ട് റൂട്ടുകളിലൊന്ന് തിരഞ്ഞെടുക്കാം. കുടുംബങ്ങൾക്കും തുടക്കക്കാർക്കും അനുയോജ്യമായ അഞ്ച് കിലോമീറ്റർ റൂട്ടും ദുബായ് കനാൽ പാലം ( dubai canal bridge) കടന്ന് ഷെയ്ഖ് സായിദ് റോഡിലൂടെ സഞ്ചരിച്ച് ഡിഐഎഫ്സി ഗേറ്റിന് സമീപം അവസാനിക്കുന്ന 10 കിലോമീറ്റർ റൂട്ടുമാണുള്ളത്.
രാവിലെ 6.30നാണ് റൺ ആരംഭിക്കുക. എന്നാൽ രജിസ്റ്റർ ചെയ്ത സമയക്രമമനുസരിച്ച് പുലർച്ചെ നാല് മണി മുതൽ തന്നെ പങ്കെടുക്കുന്നവർ എത്തണം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഓരോ സമയത്തും പങ്കെടുക്കാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടിന് സ്റ്റാർട്ട് ലൈൻ അടയ്ക്കും. .
Content Highlights: Dubai Run invites participants to wear bold and creative outfits for a chance to win Dh10,000 in its Dress Your Run competition.