യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ദുബായിലെ സ്വകാര്യ സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു. ഡിസംബർ രണ്ട് ബുധനാഴ്ച മുതൽ ഡിസംബർ നാല് വെള്ളിയാഴ്ച വരെയാണ് അവധി. വാരാന്ത്യ അവധി ദിനങ്ങൾ കൂടി ചേരുന്നതോടെ വിദ്യാർത്ഥികൾക്ക് തുടർച്ചയായി അഞ്ച് ദിവസത്തെ നീണ്ട അവധി ലഭിക്കും. അവധിക്ക് ശേഷം ഡിസംബർ ഏഴ് തിങ്കളാഴ്ച ക്ലാസുകളും മറ്റ് പ്രവർത്തനങ്ങളും പുനരാരംഭിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു.
ദുബായിലെ നഴ്സറികൾക്ക് ഡിസംബർ രണ്ട് ബുധൻ, ഡിസംബർ മൂന്ന് വ്യാഴം ദിവസങ്ങളിലാണ് അവധി. എന്നാൽ, രക്ഷിതാക്കളുടെയും കുട്ടികളുടെയും സൗകര്യം പരിഗണിച്ച് ഡിസംബർ നാല് വെള്ളിയാഴ്ചയും അവധി നൽകുന്നതിൽ സ്ഥാപനങ്ങൾക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. നഴ്സറികളും ഡിസംബർ ഏഴ് തിങ്കളാഴ്ച മുതൽ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും.
ദുബായിലെ സർക്കാർ ജീവനക്കാർക്കും ഡിസംബർ രണ്ട് മുതൽ നാല് വരെ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി ഉൾപ്പെടുന്നതോടെ സർക്കാർ ജീവനക്കാർക്കും അഞ്ച് ദിവസത്തെ അവധി ലഭിക്കും. ഡിസംബർ ഏഴ് തിങ്കളാഴ്ച ഓഫീസുകൾ വീണ്ടും തുറക്കുമെന്ന് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. അതേസമയം, രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ രണ്ട് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
1971-ൽ ഏഴ് എമിറേറ്റുകൾ ഒന്നിച്ച് യുഎഇ രൂപീകൃതമായതിന്റെ ഓർമ്മ പുതുക്കിക്കൊണ്ടാണ് എല്ലാ വർഷവും ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദേശീയ ദിനം ആഘോഷിക്കുന്നത്. 2026 'കുടുംബ വർഷമായി' ആചരിക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ 55 വർഷമായി രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തുപകർന്ന കുടുംബങ്ങൾക്കും സമൂഹത്തിനും ആദരമർപ്പിച്ചുകൊണ്ടുള്ള വിപുലമായ ആഘോഷങ്ങളാണ് ഇത്തവണ ഒരുക്കുന്നത്. ഈ വർഷത്തെ അവസാനത്തെ പൊതുഅവധി കൂടിയാണ് ദേശീയ ദിനത്തോടനുബന്ധിച്ച് ലഭിക്കുന്നത്.
Content Highlights: Dubai has announced a three-day holiday from December 2 to 4, 2026, for government employees to mark the UAE's 55th Eid Al Etihad celebrations. With the regular Saturday-Sunday weekend, employees will get five consecutive days off. Government offices will resume work on Monday, December 7.