അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങൾക്ക് വിലക്ക്; കർശന നിയമങ്ങളുമായി ദുബായ്

പഠന സംബന്ധമായ കാര്യങ്ങൾക്കും മറ്റ് ആശയവിനിമയങ്ങൾക്കും സ്ഥാപനങ്ങൾ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള സംവിധാനങ്ങളും ഉപകരണങ്ങളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ

ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളുമായി വ്യക്തിപരമായ ആശയവിനിമയം നടത്തുന്നത് കർശനമായി നിരോധിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) പുറത്തിറക്കിയ പുതിയ സുരക്ഷാ നയരേഖയിലാണ് ഈ നിർണ്ണായക നിർദ്ദേശങ്ങളുള്ളത്. പുതിയ നിയമപ്രകാരം, അധ്യാപകർക്ക് തങ്ങളുടെ വ്യക്തിഗത ഫോൺ നമ്പറുകളോ സ്വകാര്യ വാട്സ്ആപ്പ്, സോഷ്യൽ മീഡിയ അക്കൗണ്ടുകളോ ഉപയോഗിച്ച് വിദ്യാർത്ഥികളുമായി ബന്ധപ്പെടാൻ അനുവാദമുണ്ടായിരിക്കില്ല.

പഠന സംബന്ധമായ കാര്യങ്ങൾക്കും മറ്റ് ആശയവിനിമയങ്ങൾക്കും സ്ഥാപനങ്ങൾ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള സംവിധാനങ്ങളും ഉപകരണങ്ങളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. വിദ്യാർത്ഥികളുമായി രഹസ്യമായോ വ്യക്തിപരമായോ ഉള്ള ബന്ധങ്ങൾ പുലർത്തുന്നതും അനധികൃതമായി സമ്മാനങ്ങൾ കൈമാറുന്നതും ചില വിദ്യാർത്ഥികൾക്ക് മാത്രമായി പ്രത്യേക പരിഗണന നൽകുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. കൂടാതെ, വിദ്യാർത്ഥികളുമായുള്ള ഇടപെടലുകൾ പരമാവധി തുറന്ന അന്തരീക്ഷത്തിലായിരിക്കണമെന്നും അടച്ചിട്ട മുറികളിൽ വെച്ച് സംസാരിക്കേണ്ട സാഹചര്യമുണ്ടായാൽ കൃത്യമായ മേൽനോട്ടവും രേഖകളും ഉണ്ടായിരിക്കണമെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു.

നഴ്സറികൾ, സ്വകാര്യ സ്കൂളുകൾ, സർവ്വകലാശാലകൾ, പരിശീലന കേന്ദ്രങ്ങൾ തുടങ്ങി കെഎച്ച്ഡിഎ അംഗീകാരമുള്ള എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. സ്ഥിരം അധ്യാപകർക്ക് പുറമെ പരിശീലകർ, വളണ്ടിയർമാർ, താൽക്കാലിക ജീവനക്കാർ എന്നിവരും ഈ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം.

ഓൺലൈൻ ചൂഷണങ്ങൾ, സൈബർ ഭീഷണികൾ, നിർമ്മിത ബുദ്ധിയുടെ (AI) ദുരുപയോഗം എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്നതാണ് ഈ പുതിയ നയത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രത്യേക സുരക്ഷാ ചുമതലക്കാരെ നിയമിക്കണം. പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി നടപ്പിലാക്കുന്നതിനും ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനുമായി 12 മാസത്തെ സാവകാശമാണ് കെ.എച്ച്.ഡി.എ സ്ഥാപനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്.

Content Highlights: Dubai's Knowledge and Human Development Authority (KHDA) has introduced new safeguarding rules prohibiting teachers and other staff at private educational institutions from using personal mobile phones, private WhatsApp accounts or social media profiles to communicate with students.

To advertise here,contact us