റോഡിൽ ഓടിക്കാം, ആകാശത്ത് പറക്കാം; യുഎഇ നിവാസികൾക്ക് സ്വന്തമാക്കാം പറക്കും കാർ

ആറ് വീലുകളുള്ള റോഡ് വാഹനവും അതിൽ നിന്ന് വേർപെടുത്താൻ സാധിക്കുന്ന രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് വിമാനവും അടങ്ങുന്നതാണ് ഈ വാഹനം.

റോഡിലൂടെ ഓടിക്കാനും വീട്ടിൽ സാധാരണ വാഹനം പോലെ പാർക്ക് ചെയ്യാനും ആവശ്യമുള്ളപ്പോൾ വിമാനമാക്കി മാറ്റി ആകാശത്തിലൂടെ പറക്കാനും കഴിയുന്ന വ്യക്തിഗത പറക്കും കാറുകൾ ഉടൻ യുഎഇ വിപണിയിലെത്തുന്നു. ചൈനീസ് കമ്പനിയായ 'എയറിഡ്ജ്' (Aridge) ആണ് തങ്ങളുടെ ഏറ്റവും പുതിയ പറക്കും വാഹനം വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള എയർ ടാക്സികളിൽ നിന്ന് വ്യത്യസ്തമായി വ്യക്തികൾക്ക് സ്വന്തമായി വാങ്ങി ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് 'ലാൻഡ് എയർക്രാഫ്റ്റ് കാരിയർ' രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആറ് വീലുകളുള്ള റോഡ് വാഹനവും അതിൽ നിന്ന് വേർപെടുത്താൻ സാധിക്കുന്ന രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് വിമാനവും അടങ്ങുന്നതാണ് ഈ വാഹനം.

പ്രത്യേകമായി നിശ്ചയിച്ചിട്ടുള്ള ഫ്ലയിങ് ഏരിയകളിൽ വാഹനം ഓടിച്ചെത്തിച്ച ശേഷം ഒറ്റ ബട്ടൺ അമർത്തുന്നതിലൂടെ വിമാനത്തെ കാറിൽ നിന്ന് വേർപെടുത്താൻ സാധിക്കും. വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്തെ പ്രതലത്തിന് അനുസൃതമായി വിമാന ഭാഗത്തെ സുരക്ഷിതമായി താഴെയിറക്കാൻ സഹായിക്കുന്ന എയർ സസ്പെൻഷൻ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. യാത്രയ്ക്ക് ശേഷം തിരികെയെത്തുമ്പോൾ ഓട്ടോമാറ്റിക് ക്യാമറകളുടെയും സെൻസറുകളുടെയും സഹായത്തോടെ വാഹനം സ്വയം വിമാനത്തിന് സമീപമെത്തുകയും അതിനെ ഉള്ളിലേക്ക് തിരിച്ചെടുക്കുകയും ചെയ്യും. കേവലം നാല് മുതൽ അഞ്ച് മിനിറ്റിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാകും.

എയർപോർട്ടുകളിലോ ഹാങ്ങറുകളിലോ സൂക്ഷിക്കേണ്ട ആവശ്യമില്ലാത്തതിനാൽ സാധാരണ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പോലെ ഉടമകൾക്ക് ഇത് സ്വന്തം വീടുകളിൽ സൂക്ഷിക്കാം. ലോകമെമ്പാടുമായി ഇതിനകം ഏഴായിരത്തോളം പ്രീ-ഓർഡറുകൾ ലഭിച്ചതിൽ അറുനൂറോളം ഓർഡറുകൾ ജിസിസി മേഖലയിൽ നിന്നാണെന്ന് കമ്പനി ഭാരവാഹികൾ വ്യക്തമാക്കി.

എന്നാൽ വാഹനം സ്വന്തമാക്കിയത് കൊണ്ട് മാത്രം ആകാശത്തിലൂടെ ഉടനടി പറക്കാൻ കഴിയില്ല. യുഎഇയിലെ ജനറൽ സിവില്‍ ഏവിയേഷൻ അതോറിറ്റിയുടെയും ചൈനീസ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും നിയമപരമായ അനുമതികളും സർട്ടിഫിക്കറ്റുകളും ലഭിച്ചതിന് ശേഷം മാത്രമേ രാജ്യത്ത് ഇത് പ്രവർത്തിപ്പിക്കാൻ സാധിക്കൂ. നിലവിൽ റാസൽഖൈമയിൽ ഇതിന്റെ പരീക്ഷണങ്ങൾക്കായി പ്രത്യേക കരാറിൽ കമ്പനി ഒപ്പുവെച്ചിട്ടുണ്ട്. എയർ ടാക്സികൾക്കായി ഒരുക്കുന്ന ഹെലിപാഡുകളും വെർട്ടിപോർട്ടുകളും ഉപയോഗിച്ചായിരിക്കും ഭാവിയിൽ ഈ പറക്കും കാറുകളുടെ സേവനം ലഭ്യമാക്കുക.

Content Highlights: Chinese company Aridge plans to bring its Land Aircraft Carrier flying car to the UAE, combining a six-wheeled road vehicle with a detachable two-seat electric aircraft

To advertise here,contact us