അബുദാബി ഖസ്ർ ഹൊസ്നിൽ നടന്ന യുഎഇ ദേശീയ പതാകദിന ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് കോട്ടയം ചിങ്ങവനം സ്വദേശിനിയായ അർച്ചന തോമസ് ഷീല. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മഹനീയ സാന്നിധ്യത്തിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടത് വിദേശമണ്ണിൽ തന്നിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായാണ് ഈ 29 വയസ്സുകാരി കാണുന്നത്. ഓർക്കാപ്പുറത്ത് ലഭിച്ച ഈ നിയോഗം ജീവിതത്തിലെ സുവർണ്ണാവസരമായി മാറിയപ്പോൾ, പിറന്ന നാടിന്റെയും വളർന്ന മണ്ണിന്റെയും സ്നേഹം ഒരുപോലെ ഹൃദയത്തിലേറ്റുകയാണ് ഈ മലയാളി യുവതി.
വിവിധ ഘട്ടങ്ങളിൽ യുഎഇയ്ക്ക് നൽകിയ നിസ്വാർത്ഥ സേവനങ്ങളെ മുൻനിർത്തിയാണ് വിവിധ രംഗങ്ങളിൽ മികവു തെളിയിച്ച 55 പ്രമുഖ വ്യക്തികൾക്കൊപ്പം അർച്ചനയെയും അധികൃതർ പതാക ഉയർത്തൽ ചടങ്ങിലേക്ക് തിരഞ്ഞെടുത്തത്. ചടങ്ങിന് മുൻപായി സഹപ്രവർത്തകർക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് രാജ്യത്തിന്റെ ഭരണാധികാരി നേരിട്ടെത്തുന്ന പരിപാടിയാണിതെന്ന് അർച്ചന അറിയുന്നത്. സ്വപ്നങ്ങളിൽ പോലും ചിന്തിക്കാതിരുന്ന ആ നിമിഷത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് നേരിട്ടെത്തി കുശലാന്വേഷണം നടത്തുകയും പ്രശംസിക്കുകയും ചെയ്തപ്പോൾ വികാരഭരിതയായ അർച്ചനയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.
പരിപാടിക്കുശേഷം അർച്ചനയോട് നേരിട്ട് സംസാരിച്ച യുഎഇ പ്രസിഡന്റിന്റെ വാക്കുകൾ ഏറെ ഹൃദയസ്പർശിയായിരുന്നു. "ഈ രാജ്യത്ത് ഇത്തരം മേന്മയുള്ള വ്യക്തികളെ ലഭിച്ചതിൽ ഞങ്ങൾ സന്തോഷിക്കുന്നു; ക്ഷണം സ്വീകരിച്ച് എത്തിയതിനും പങ്കെടുത്തതിനും വളരെ നന്ദി" എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തൃശൂർ അഞ്ഞൂർ സ്വദേശിനി ഷംജ മുജീബിനൊപ്പം ഈ ഉന്നത വേദിയിലേക്ക് ക്ഷണിക്കപ്പെട്ട രണ്ട് ഇന്ത്യക്കാരിൽ ഒരാളാകാൻ കഴിഞ്ഞത് മലയാളി സമൂഹത്തിനാകെ അഭിമാനം പകരുന്ന നേട്ടമായി അർച്ചന വിലയിരുത്തുന്നു.
കഴിഞ്ഞ പതിനഞ്ച് വർഷമായി കുടുംബത്തോടൊപ്പം അബുദാബിയിലാണ് അർച്ചന താമസിക്കുന്നത്. സ്കൂൾ, കോളേജ് പഠനങ്ങൾ പൂർത്തിയാക്കിയ ശേഷം എഞ്ചിനീയറിംഗ് രംഗത്തേക്ക് കടന്ന ഇവർ, നിലവിൽ അബുദാബിയിലെ സെമി ഗവൺമെന്റ് സ്ഥാപനമായ 'ടാക്ക വാട്ടർ ട്രാൻസ്മിഷൻ' കമ്പനിയിൽ സ്ട്രാറ്റജി ആൻഡ് പെർഫോമൻസ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ചു വരികയാണ്. തോമസ് ഏബ്രഹാമിന്റെയും ഷീലാമ്മ തോമസിന്റെയും മകളായ അർച്ചന, കുടുംബത്തിന്റെയും മേലുദ്യോഗസ്ഥരുടെയും പൂർണ്ണ പിന്തുണയും കഠിനാധ്വാനവുമാണ് തന്റെ ഓരോ വിജയങ്ങൾക്കും പിന്നിലെന്ന് വിനയത്തോടെ ഓർക്കുന്നു.
Content Highlights: Malayali expatriate Shamja Mujeeb Mohammed, a native of Chavakkad in Thrissur district, received special recognition from UAE President Sheikh Mohamed bin Zayed Al Nahyan during the country's Flag Day celebrations