യുഎഇയിൽ ഡ്രൈവിങ്ങിന് സമയപരിധി വരുന്നു; ഒരു ദിവസം പരമാവധി ഒമ്പത് മണിക്കൂർ വാഹനം ഓടിക്കാം

ഒമ്പത് മണിക്കൂർ പരിധി തികയുന്നതുവരെ ഡ്രൈവ് ചെയ്യണമെന്നല്ല നിയമം കൊണ്ട് അർത്ഥമാക്കുന്നത്

യുഎഇയിൽ പുതുവർഷം മുതൽ ഡ്രൈവിങ്ങിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. 24 മണിക്കൂറിനുള്ളിൽ പരമാവധി ഒമ്പത് മണിക്കൂർ മാത്രമേ ഇനി വാഹനം ഓടിക്കാൻ അനുവാദമുണ്ടായിരിക്കുകയുള്ളൂ. വാഹനമോടിക്കുന്ന എല്ലാവർക്കും ഈ പുതിയ നിർദ്ദേശം ഒരുപോലെ ബാധകമായിരിക്കും.

2026-ലെ കാബിനറ്റ് തീരുമാനം പ്രകാരം പുറത്തിറക്കിയ ഫെഡറൽ ട്രാഫിക് നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനിലാണ് ഈ പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുള്ളത്. നിയമത്തിലെ ആർട്ടിക്കിൾ 7 പ്രകാരമാണ് ഡ്രൈവിങ് സമയത്തിന് കൃത്യമായ പരിധി നിശ്ചയിച്ചിരിക്കുന്നത്. ട്രക്ക് ഡ്രൈവർമാർക്ക് മാത്രമല്ല, ചെറിയ കാറുകൾ ഉൾപ്പെടെ എല്ലാ തരം വാഹനങ്ങൾ ഓടിക്കുന്നവർക്കും ഈ നിയന്ത്രണം ബാധകമാണ്.

ഒമ്പത് മണിക്കൂർ പരിധി തികയുന്നതുവരെ ഡ്രൈവ് ചെയ്യണമെന്നല്ല നിയമം കൊണ്ട് അർത്ഥമാക്കുന്നത്. യാത്രയ്ക്കിടയിൽ ഏതെങ്കിലും ഘട്ടത്തിൽ ക്ഷീണമോ ഉറക്കമോ അനുഭവപ്പെടുകയാണെങ്കിൽ ഒമ്പത് മണിക്കൂർ തികഞ്ഞിട്ടില്ലെങ്കിൽ പോലും വാഹനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി നിർത്തേണ്ടതാണ്. ക്ഷീണത്തോടെ വാഹനം ഓടിക്കുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും.

വാഹനമോടിക്കുമ്പോഴുള്ള ക്ഷീണവും ഉറക്കവും മൂലം രാജ്യത്ത് അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഈ കർശന നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2025-ൽ മാത്രം ഡ്രൈവർമാരുടെ ഉറക്കം കാരണം 20 വലിയ വാഹനാപകടങ്ങളാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിൽ എമിറേറ്റ്സ് റോഡിൽ ട്രക്ക് ഡ്രൈവർ ഉറങ്ങിപ്പോയി അപകടമുണ്ടായ പശ്ചാത്തലത്തിൽ ദുബായ് പൊലീസും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Content Highlights: UAE’s new traffic rules will limit driving to nine hours within 24 hours from January 1, 2027. Driving while dangerously tired will also be prohibited.

To advertise here,contact us