റോഡുകളിലെ വേഗപരിധി മുതൽ ഇത്തിഹാദ് റെയിൽ വരെ; നവംബറിൽ യുഎഇയിൽ വരുന്നത് വൻ മാറ്റങ്ങൾ

ശൈത്യകാലത്തിന്റെ വരവോടെ പുതിയ ആഘോഷങ്ങൾക്കാണ് യുഎഇ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്

നവംബർ മാസത്തോടെ യുഎഇയിലെ പ്രവാസികളെയും സ്വദേശികളെയും കാത്തിരിക്കുന്നത് സുപ്രധാന മാറ്റങ്ങളും പുതിയ വിശേഷങ്ങളുമാണ്. രാജ്യത്തെ പ്രധാന റോഡുകളിലെ വേഗത പരിധിയിലെ മാറ്റങ്ങൾ മുതൽ പുതിയ ഇത്തിഹാദ് റെയിൽ സ്റ്റേഷനുകളുടെ ഉദ്ഘാടനം, വാർഷിക ഫിറ്റ്‌നസ് ചലഞ്ച്, ശൈത്യകാല മരുഭൂമി ക്യാമ്പിങ് എന്നിവ വരെ ഈ മാസം പ്രാബല്യത്തിൽ വരും.

ശൈത്യകാലത്തിന്റെ വരവോടെ പുതിയ ആഘോഷങ്ങൾക്കാണ് യുഎഇ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. നവംബർ ഒന്ന് മുതൽ ദുബായിലെ അഞ്ച് പ്രധാന റോഡുകളിൽ വേഗപരിധി പരിഷ്കരിക്കും. അൽ റെബാത്, ഷെയ്ഖ് സബാഹ് റോഡുകളിൽ വേഗത കുറച്ചപ്പോൾ, അൽ അസായൽ, അൽ മുസ്തഖ്ബൽ, ലത്തീഫ ബിൻത് ഹംദാൻ എന്നീ റോഡുകളിൽ വേഗപരിധി ഉയർത്തുകയാണ് ചെയ്തത്.

അതേസമയം, യുഎഇയുടെ ഗതാഗത വികസനത്തിൽ വലിയ നാഴികക്കല്ലായി അൽ ദഫ്ര മേഖലയിലെ സാഹിദ് സിറ്റി, ലിവ എന്നീ പുതിയ രണ്ട് എത്തിഹാദ് റെയിൽ സ്റ്റേഷനുകൾ നവംബർ 30 മുതൽ യാത്രക്കാർക്കായി തുറന്നുനൽകും. കായിക പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായ് ഫിറ്റ്‌നസ് ചലഞ്ച് ഒക്ടോബർ 31 മുതൽ നവംബർ 29 വരെ നടക്കും. ഇതിന്റെ ഭാഗമായി നവംബർ ഒന്നിന് ദുബായ് റൈഡും നവംബർ 22-ന് പ്രശസ്തമായ ദുബായ് റണ്ണും അരങ്ങേറും.

സാഹസിക പ്രിയർക്കായി അബുദാബി യാസ് ബേയിൽ നവംബർ ഒന്നു മുതൽ ബംഗി ജമ്പിംഗ് ആരംഭിക്കുമ്പോൾ, ദുബായ് അൽ റുവയ്യയിൽ ശൈത്യകാല മരുഭൂമി ക്യാമ്പിംഗിനും നവംബർ ഒന്നു മുതൽ തുടക്കമാകും. കൂടാതെ, അബുദാബി മദർ ഓഫ് ദി നേഷൻ (MOTN) ഫെസ്റ്റിവലിന്റെ പത്താം പതിപ്പ് നവംബർ 28 മുതൽ ജനുവരി മൂന്ന് വരെ നടക്കും. ഇതിനൊപ്പം തന്നെ മൃഗസംരക്ഷണ മേഖലയിൽ സിപ്രോഫ്ലോക്സാസിൻ ആന്റിബയോട്ടിക് ഉപയോഗത്തിനുള്ള നിരോധനവും നവംബർ ഒന്നു മുതൽ രാജ്യത്ത് നിലവിൽ വരും.

Content Highlights: The UAE is set to introduce major changes in November, covering road speed limits, Etihad Rail services and other key updates that could affect residents and commuters.

To advertise here,contact us