ദുബായിൽ വിന്റർ ക്യാമ്പിങ് സീസൺ; അൽ റുവയ്യയിൽ 600 ക്യാമ്പുകൾ, രജിസ്ട്രേഷൻ ആരംഭിച്ചു

ആദ്യമായി 50 പ്രത്യേക കാരവാൻ പ്ലോട്ടുകളും ഒരുക്കിയിട്ടുണ്ട് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്

ദുബായിലെ അൽ റുവയ്യയിൽ 2026–2027 വിന്റർ ക്യാമ്പിങ് സീസണിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഇത്തവണ ക്യാമ്പുകളുടെ എണ്ണം ഏകദേശം 120 ശതമാനം വർധിപ്പിച്ച് 600 ആക്കിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2026 നവംബർ ഒന്ന് മുതൽ 2027 ഏപ്രിൽ 30 വരെയാണ് ക്യാമ്പിങ് സീസൺ. യുഎഇ പൗരന്മാർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്ത് ക്യാമ്പിങ് സ്ഥലങ്ങൾ ബുക്ക് ചെയ്യാം. 400 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സാധാരണ പ്ലോട്ടുകൾക്കൊപ്പം 800 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള വലിയ പ്ലോട്ടുകളും ഇത്തവണ ലഭ്യമാണ്.

ആദ്യമായി 50 പ്രത്യേക കാരവാൻ പ്ലോട്ടുകളും ഒരുക്കിയിട്ടുണ്ട് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. കൂടാതെ ആവശ്യമായ സൗകര്യങ്ങളോടെ സജ്ജീകരിച്ച 10 ക്യാംപുകൾ ദിവസവാടകയ്ക്കും ലഭ്യമാകും. സ്വന്തമായി ക്യാമ്പ് ഒരുക്കാതെ മരുഭൂമിയിലെ വിന്റർ അനുഭവം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം എന്ന് അധികൃതർ പറഞ്ഞു. അൽ റുവയ്യയെ കൂടുതൽ സജീവമായ വിന്റർ വിനോദകേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി പ്രത്യേകമായി പത്ത് ഇടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിന്റർ പരിപാടികൾ, കുടുംബസംഗമങ്ങൾ, സാമൂഹിക പരിപാടികൾ, വിനോദ പ്രവർത്തനങ്ങൾ, സീസണൽ മാർക്കറ്റുകൾ എന്നിവയ്ക്കായാണ് ഈ ഇടങ്ങൾ നീക്കിവെച്ചിരിക്കുന്നത്.

ചെറുകിട, ഇടത്തരം സംരംഭകർക്ക് ഭക്ഷണപാനീയ സേവനങ്ങൾ, മരുഭൂമിയിലെ വിനോദ പ്രവർത്തനങ്ങൾ, ക്യാമ്പിൽ പങ്കെടുക്കുന്നവർക്കും സന്ദർശകർക്കുമുള്ള വിവിധ അനുഭവങ്ങൾ എന്നിവ അവതരിപ്പിക്കാനുള്ള നിക്ഷേപ അവസരങ്ങളും ഒരുക്കും. അൽ റുവയ്യയെ സമഗ്രമായ വിന്റർ വിനോദകേന്ദ്രമായി വികസിപ്പിക്കുന്നതിലെ പ്രധാന ചുവടുവയ്പ്പാണ് ഈ സീസണെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഫെസിലിറ്റീസ് ഏജൻസി സിഇഒ ബദർ അൻവാഹി പറഞ്ഞു. കൂടുതൽ വൈവിധ്യമാർന്ന അനുഭവങ്ങൾ ഒരുക്കാനും സമൂഹങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും പുതിയ സൗകര്യങ്ങൾ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇ പൗരന്മാർക്ക് ഒഫിഷ്യൻ വെബ്സെെറ്റായ wintercamp.dm.gov.ae വഴിയേ DubaiNow ആപ്പ് വഴിയോ ക്യാമ്പിങ് പ്ലോട്ടുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

മൂന്ന് മുതൽ ആറുമാസം വരെയുള്ള കാലയളവിലേക്ക് സീസണൽ ബുക്കിങ് ലഭ്യമാണ്. കാരവാൻ പ്ലോട്ടുകൾക്കും ദിവസവാടകയ്ക്ക് ലഭിക്കുന്ന സജ്ജീകരിച്ച ക്യാമ്പുകൾക്കും പ്രത്യേക ബുക്കിങ് സംവിധാനങ്ങളുണ്ട്. ബന്ധപ്പെട്ട നിബന്ധനകൾ പാലിച്ചായിരിക്കണം ബുക്കിങ് നടത്തേണ്ടത്. ആവശ്യമായ പെർമിറ്റുകൾ ലഭിക്കുകയും പ്ലോട്ടുകളുടെ അതിർത്തികൾ നിർണയിക്കുകയും ചെയ്തശേഷം ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ക്യാമ്പുകൾ രൂപകൽപ്പന ചെയ്യാനും സജ്ജീകരിക്കാനും കഴിയും. താൽക്കാലിക വേലികൾ സ്ഥാപിക്കുക, ക്യാമ്പുകൾ കുടുംബാവശ്യങ്ങൾക്കും ക്യാമ്പിങ് പ്രവർത്തനങ്ങൾക്കും മാത്രമായി ഉപയോഗിക്കുക തുടങ്ങിയ അംഗീകൃത നിയമങ്ങളും നിർദേശങ്ങളും പാലിക്കണം. പങ്കെടുക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്കായി സ്വന്തം ക്യാമ്പുകൾ ഒരുക്കുന്നതിനും പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്.

Content Highlights: Dubai Municipality has opened registration for the 2026–2027 winter camping season in Al Ruwayyah, with 600 camps available from November 1, 2026, to April 30, 2027.

To advertise here,contact us