കുട്ടികൾക്ക് സൗജന്യമായി ലോകോത്തര സംഗീത പരിശീലനം; അബുദാബിയിൽ 'യൂത്ത് ഓർക്കസ്ട്ര' വരുന്നു

ഉയർന്ന നിലവാരമുള്ള സംഗീത വിദ്യാഭ്യാസം സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്

കുട്ടികൾക്ക് സൗജന്യമായി ലോകോത്തര നിലവാരത്തിലുള്ള സംഗീത പരിശീലനം നൽകുന്നതിനായി അബുദാബിയിൽ പുതിയ സംഗീത ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു. അബുദാബി സംസ്‌കാരിക വിനോദസഞ്ചാര വകുപ്പാണ് 'യൂത്ത് ഓർക്കസ്ട്ര അബുദാബി'യുടെ പുതിയ കേന്ദ്രം തുറക്കുന്നതായി പ്രഖ്യാപിച്ചത്.

മിനാ സായിദ് ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം 2027 ജനുവരിയോടെ പ്രവർത്തനം ആരംഭിക്കും. 600 പേർക്കിരിക്കാവുന്ന ഹോളും 18 റീഹേഴ്‌സൽ മുറികളും ഇവിടെയുണ്ട്. വളർന്നുവരുന്ന യുവ സംഗീതജ്ഞർക്ക് പ്രൊഫഷണൽ നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളാണ് ഇവിടെ ലഭ്യമാക്കുക. ആറിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള ആദ്യ ബാച്ചിലെ 100 വിദ്യാർത്ഥികൾക്കായുള്ള രജിസ്ട്രേഷൻ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. വെസ്റ്റേൺ ക്ലാസിക്കൽ സംഗീതത്തിലും പരമ്പരാഗത അറബിക് സംഗീതത്തിലും ഇവിടെ സൗജന്യ പരിശീലനം നൽകും.

ഉയർന്ന നിലവാരമുള്ള സംഗീത വിദ്യാഭ്യാസം സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംഗീതത്തിൽ താൽപ്പര്യമുള്ള കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ വളർത്തിയെടുക്കാനുള്ള ദീർഘകാല അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഉന്നത തലത്തിലുള്ള വിദ്യാർത്ഥികൾക്കായി കൂടുതൽ പ്രോഗ്രാമുകളും ഒന്നാം വർഷത്തിനുള്ളിൽ തന്നെ ആരംഭിക്കും.

ഈ മുൻകൈ അബുദാബിയുടെ സാംസ്കാരിക ഭാവിയിലേക്കുള്ള മികച്ചൊരു നിക്ഷേപമാണെന്ന് അബുദാബി സംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. കുട്ടികൾക്ക് അവരുടെ കഴിവുകൾ തിരിച്ചറിയാനും വികസിപ്പിക്കാനും സൗജന്യ സംഗീത വിദ്യാഭ്യാസത്തിലൂടെ സാധിക്കുമെന്നും സാങ്കേതിക തികവിനപ്പുറം അച്ചടക്കം, സഹകരണം, സർഗ്ഗാത്മകത, ആത്മവിശ്വാസം എന്നിവ വളർത്താൻ സംഗീതത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാംസ്കാരിക മേഖലയിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടാനുള്ള അബുദാബിയുടെ ശ്രമങ്ങൾക്ക് ഈ ഇൻസ്റ്റിറ്റ്യൂട്ട് വലിയ കരുത്തേകും.

Content Highlights: Abu Dhabi is launching a free music education programme for children aged 6–9 through Youth Orchestra Abu Dhabi, with enrolment open for the first batch of 100 students

To advertise here,contact us