ഭീമൻ സ്വർണക്കമ്മലുകളുമായി രണ്ട് ലോക ഗിന്നസ് റെക്കോഡുകൾ നേടി ദുബായിലെ ജോയ് ആലുക്കാസ്. മയൂര സഹസ്ര അഥവാ ആയിരം മയിലുകൾ എന്നാണ് 22 കാരറ്റുള്ള, 16.514 കിലോ ഗ്രാം ഭാരമുള്ള ഭീമൻ കമ്മലിന്റെ പേര്. ഏറ്റവും ഭാരമുള്ള സ്വർണ്ണക്കമ്മലുകൾ, ഏറ്റവും വലിയ സ്വർണ്ണക്കമ്മലുകൾ എന്നീ രണ്ട് ഗിന്നസ് റെക്കോർഡുകളാണ് ലഭിച്ചിരിക്കുന്നത്.
യുഎഇയിലെ എക്കണോമി ആൻഡ് ടൂറിസം മന്ത്രി അബ്ദുള്ള ബിൻ ടൗഖ് അൽ മാരിയാണ് ജോയ് ആലുക്കാസിന്റെ ജുവൽ ഓഫ് ജോയിൽ ഈ ഭീമൻ കമ്മലുകൾ അനാഛാദനം ചെയ്തത്. ജ്വല്ലറി ഇൻഡസ്ട്രിയിലെ പ്രമുഖരും മറ്റ് വിശിഷ്ഠ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമായ ജോയ് ആലുക്കാസിൻ്റെ ജുവൽ ഓഫ് ജോയിയുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഗിന്നസ് കിട്ടിയ കമ്മൽ അനാഛാദനം ചെയ്തത്. നിരവധി മാസങ്ങൾ കൊണ്ട് 55 ജ്വല്ലറി വിദഗ്ധർ ചേർന്ന് 5840 മണിക്കൂർ കൊണ്ടാണ് 1.215 മീറ്റർ നീളവും 0.682 മീറ്റർ വ്യാസവുമുള്ള ഈ ജോഡി നിർമ്മിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായിക്ക് എന്തെങ്കിലും നൽകണമെന്ന ചിന്തയിലാണ് ഈ ഭീമൻ സ്വർണക്കമ്മലുകൾ നിർമിച്ചതെന്ന് ജോയ് ആലുക്കാസിന്റെ സിഇഒ ജോൺ പോൾ പ്രതികരിച്ചു. 'കഴിഞ്ഞ നാൽപ്പത് വർഷമായി ദുബായിലെ ജ്വല്ലറി രംഗത്തുള്ളവരാണ് ഞങ്ങൾ. നിരവധി റെക്കോർഡുകൾ ദുബായിൽ തകർത്തത് കണ്ടിട്ടുണ്ട്. അതിനാൽ തന്നെ ദുബായിക്ക് പുതിയതെന്തെങ്കിലും നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹത്തിൽ നിന്നുമാണ് ഇത്തരമൊരു ചിന്തയിലേക്ക് വന്നത്. ഇന്ത്യൻ സംസ്കാരത്തിൽ നിന്നും പ്രചോദനം കൈക്കൊണ്ടാണ് കമ്മലുകൾക്ക് മയിലുകളുടെ പേര് നൽകിയത്', അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യൻ ജ്വല്ലറിയുടെ പാരമ്പര്യം ഉൾക്കൊണ്ടാണ് കമ്മൽ നിർമിച്ചതെന്നും 'ജുവൽ ഓഫ് ജോയി'യിൽ കമ്മലുകൾ പൊതുജനങ്ങൾക്കായി പ്രദർശനത്തിനായി വെക്കുമെന്നും ജോൺ പോൾ പറഞ്ഞു. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ആഴ്ചയിൽ ഏഴു ദിവസവും സൌജന്യമായി ആളുകൾക്ക് കാണാൻ സാധിക്കുമെന്നും ഇതിലൂടെ വിനോദ സഞ്ചാരികൾക്കും താമസക്കാർക്കും ലോക റെക്കോർഡ് നേടിയ കമ്മലുകളും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും കാണാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Dubai's gold market marks a new milestone with giant earrings achieving two world records, further highlighting the city's reputation as the City of Gold.