യുഎഇ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 10 കോടി ദിർഹം (225 കോടിയിലധികം ഇന്ത്യൻ രൂപ) സ്വന്തമാക്കിയ വ്യക്തിയാണ് ഇന്ത്യൻ പ്രവാസിയായ അനിൽകുമാർ ബൊല്ല. ആ മഹാഭാഗ്യം തേടിയെത്തി ഒരു വർഷം പിന്നിടുമ്പോൾ തൻ്റെ ജീവിതത്തിലുണ്ടായ വൻ മാറ്റങ്ങളെക്കുറിച്ച് അനിൽ മനസ്സ് തുറക്കുകയാണ്. പ്രവാസി ജീവിതത്തിനിടയിൽ അപ്രതീക്ഷിതമായാണ് ഈ ഹൈദരാബാദ് സ്വദേശിയെ ഈ വലിയ ഭാഗ്യം തേടിയെത്തിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഭാഗ്യം വിവേകത്തോടെ വിനിയോഗിക്കാനാണ് അനിൽകുമാർ ശ്രദ്ധിച്ചത്. യുഎഇയിലും ഇന്ത്യയിലുമായി വസ്തുവകകൾ വാങ്ങിയ അദ്ദേഹം, തനിക്കും സഹോദരനുമായി പുതിയ കാറുകളും സ്വന്തമാക്കി. സ്വപ്നം കണ്ടിരുന്ന സ്വർണ്ണാഭരണങ്ങൾ വാങ്ങി നൽകി അമ്മയുടെ ആഗ്രഹം പൂർത്തീകരിച്ചപ്പോൾ, ജൈവകൃഷിയോട് താൽപ്പര്യമുള്ള പിതാവിനായി കൃഷിഭൂമിയും സമ്മാനിച്ചു.
ലഭിച്ച തുക അനാവശ്യമായി ധൂർത്തടിക്കാതെ ദീർഘകാല നിക്ഷേപമായി മാറ്റുന്നതിനൊപ്പം, കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം നിരവധി വിദേശരാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തു. ഭാവി ജീവിതവും കരിയറും യുഎഇ കേന്ദ്രീകരിച്ച് കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന അനിൽകുമാർ, പുതിയ ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളിലുമാണിപ്പോൾ.
അതോടൊപ്പം, ഈ മഹാഭാഗ്യം നൽകിയ ഏറ്റവും വലിയ സമ്മാനം മറ്റൊന്നാണ്. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ലഭിക്കുന്ന സമയവും സ്വാതന്ത്ര്യവുമാണ് അതെന്ന് അനിൽകുമാർ പറയുന്നു. ലോട്ടറി അടിച്ചയുടൻ അമ്മയുടെ ആഗ്രഹപ്രകാരം ഒരു സ്വർണ്ണമാലയും വളകളും മോതിരങ്ങളും വാങ്ങി നൽകി. അമ്മയുടെ കണ്ണുകളിൽ കണ്ട ആനന്ദക്കണ്ണീരാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നും അനിൽ കൂട്ടിച്ചേർത്തു.
"എന്റെ സന്തോഷം എപ്പോഴും കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു. എനിക്കായി ചെയ്യുന്നതിനേക്കാൾ ഞാൻ അവർക്കായി ചെയ്യുന്ന കാര്യങ്ങളാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത്," അനിൽകുമാർ പറയുന്നു.
സമ്മാനത്തുക ദീർഘകാല അടിസ്ഥാനത്തിൽ കൃത്യമായി വിനിയോഗിക്കുന്നതിന്റെ ഭാഗമായി യുഎഇയിലും ഇന്ത്യയിലും വസ്തുവകകൾ വാങ്ങിക്കൂട്ടിയ അദ്ദേഹം പുതിയ ബിസിനസ്സ് സാധ്യതകളും പരിശോധിച്ചുവരികയാണ്. തന്റെ ഭാവി പദ്ധതികളുടെ കേന്ദ്രം യുഎഇ തന്നെയാണെന്നും എന്നാൽ ഇന്ത്യയുമായുള്ള ബന്ധം എന്നും നിലനിർത്തുമെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ 12 മാസത്തിനിടെ സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം വിവിധ രാജ്യങ്ങൾ സന്ദർശിച്ച് പുതിയ അനുഭവങ്ങൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചു.
യുഎഇ ലോട്ടറിയിൽ വലിയ സമ്മാനങ്ങൾ നേടുന്നവരോട് അനിലിന് നൽകാനുള്ള ഉപദേശം ഇതാണ്: "കോടീശ്വരന്മാരുടെ ക്ലബ്ബിലേക്ക് സ്വാഗതം. എപ്പോഴും എളിമയുള്ളവരായിരിക്കുക, പണം കൃത്യമായും അച്ചടക്കത്തോടെയും ബുദ്ധിപൂർവ്വവും കൈകാര്യം ചെയ്യുക."
Content Highlights: One year after winning Dh100 million in the UAE Lottery, Indian expat Anilkumar Bolla shares how the jackpot transformed his life through family support, property investments, travel and new business ambitions.