ഷാർജയിൽ കൃഷിഭൂമി പാട്ടത്തിന് നൽകുന്നത് നിയമവിരുദ്ധം; ഉടമകൾക്കും പാട്ടക്കാർക്കും മുന്നറിയിപ്പുമായി അധികൃതർ

ഭൂവുടമകളും പാട്ടത്തിനെടുക്കുന്നവരും തമ്മിൽ സ്വകാര്യമായി ഒപ്പിട്ട കരാറുകൾക്കും ഇത് ബാധകമാണ്

കൃഷി ഉൾപ്പെടെയുള്ള ഏതൊരു ആവശ്യത്തിനും കൃഷിഭൂമി പാട്ടത്തിനെടുക്കുന്നതിന് ഷാർജയിൽ പൂർണ്ണ നിരോധനം വീണ്ടും സ്ഥിരീകരിച്ചു. നിയമം ലംഘിക്കുന്ന ഭൂവുടമകൾക്കും പാട്ടത്തിനെടുക്കുന്നവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. എമിറേറ്റിലെ കാർഷിക മേഖലകളിലെ നിയമലംഘനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സമിതിയുടെ ചെയർമാൻ ഖാലിദ് ബിൻ ഫലാഹ് അൽ സുവൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാർജ റേഡിയോ ആൻഡ് ടെലിവിഷനിലെ ഡയറക്ട് ലൈൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷാർജയിലെ കൃഷിഭൂമി സംബന്ധിച്ച ചട്ടങ്ങൾ അനുസരിച്ച് ഇത്തരം ഭൂമി പാട്ടത്തിന് നൽകുന്നത് നിയമലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂവുടമയും ഭൂമി പാട്ടത്തിനെടുത്ത് അവിടെ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയും നിയമപരമായി ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കൃഷിഭൂമി സംബന്ധിച്ച പാട്ടക്കരാറുകൾക്ക് നിയമപരമായ അംഗീകാരമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇരുകക്ഷികളും തമ്മിൽ സ്വകാര്യമായി ഒപ്പിട്ട കരാറുകൾക്കും ഇത് ബാധകമാണ്. ഭൂവുടമയും ഭൂമിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയും നിയമലംഘകരായി കണക്കാക്കപ്പെടും.

നിയമം ലംഘിക്കുന്നവർക്കെതിരെ ഘട്ടംഘട്ടമായാണ് നടപടികൾ സ്വീകരിക്കുക. ആദ്യം ഭൂവുടമയ്ക്ക് മുന്നറിയിപ്പും നിയമലംഘന അറിയിപ്പും നൽകും.

നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ തുടർനടപടികളുടെ ഭാഗമായി വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യസേവനങ്ങൾ വിച്ഛേദിക്കാനും സാധ്യതയുണ്ട്. ഭൂവുടമ നിയമം പാലിക്കാൻ തയ്യാറാകാത്ത പക്ഷം കൃഷിഭൂമി തിരിച്ചെടുക്കുന്നതിനായി വിഷയം സർക്കാരിന് കൈമാറാനും നിയമപ്രകാരം അധികൃതർക്ക് അധികാരമുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Content Highlights: Sharjah authorities have warned that leasing agricultural land for any purpose is prohibited, and both landowners and tenants may face legal action for violations.

To advertise here,contact us