യാത്രാനുഭവം മെച്ചപ്പെടുത്താൻ നൂതന സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ലളിതമായ നടപടിക്രമങ്ങളും പ്രയോജനപ്പെടുത്തുന്ന ദുബായിലെ റെഡ് കാർപെറ്റ് പദ്ധതിക്ക് Dubai-it അവാർഡ്. സർക്കാർ പദ്ധതികളുടെ വിഭാഗത്തിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാരി (Mohammed Ahmed Al Marri) പുരസ്കാര നേട്ടത്തിൽ സന്തോഷം അറിയിച്ചു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന പ്രായോഗിക പദ്ധതികളായി ആശയങ്ങളെ മാറ്റണമെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതിക്ക് ലഭിച്ച അംഗീകാരം പ്രഖ്യാപിച്ചത്. മാറ്റങ്ങളോട് പൊരുത്തപ്പെടുന്നതിൽ മാത്രം ഒതുങ്ങാതെ പരിവർത്തനത്തിന് നേതൃത്വം നൽകുക, പ്രവർത്തനക്ഷമത വർധിപ്പിക്കുക, ആഗോളതലത്തിൽ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്നിവയാണ് എമിറേറ്റിന്റെ ഭരണരീതിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാരി വ്യക്തമാക്കി. സർക്കാർ പ്രവർത്തനങ്ങളിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സവിശേഷമായൊരു കാഴ്ചപ്പാടാണ് മുന്നോട്ടുവച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഭിലാഷങ്ങൾക്ക് അതിരുകളില്ലെന്നും ആശയങ്ങൾ ജനങ്ങളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുന്ന നേട്ടങ്ങളായി മാറുമ്പോഴാണ് അവയുടെ യഥാർഥ മൂല്യം വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ സ്ഥാപനങ്ങളെ ആശയങ്ങൾ വേഗത്തിൽ നടപ്പാക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനും പ്രോത്സാഹിപ്പിക്കുന്നതാണ് Dubai-it സംരംഭമെന്നും ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാരി പറഞ്ഞു. പരമ്പരാഗത രീതികളെ മറികടക്കുന്ന നൂതന പദ്ധതികൾ വികസിപ്പിക്കാൻ സർക്കാർ സംഘങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന ഷെയ്ഖ് ഹംദാന്റെ നിർദേശങ്ങളും ഭരണനേതൃത്വത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Dubai’s Red Carpet Travel Corridor has won the Dubai-it Award in the Government Projects category for streamlining airport procedures and enabling passenger clearance in under five seconds.