യുഎഇയിലെ ശൈത്യകാലത്തെ പ്രധാന ആഘോഷങ്ങളിലൊന്നായ ലിവ ഫെസ്റ്റിവൽ ഡിസംബർ 11ന് ആരംഭിക്കും. അൽ ദഫ്റയിലെ ലിവ മരുഭൂമിയിൽ തൽ മുറീബിന് സമീപമാണ് ഫെസ്റ്റിവൽ നടക്കുന്നത്. ഡിസംബർ 11 ന് ആരംഭിക്കുന്ന ഫെസ്റ്റിവൽ 2027 ജനുവരി രണ്ട് വരെ നീണ്ടുനിൽക്കും. ഫെസ്റ്റിവലിന്റെ ഔദ്യോഗിക മൊബൈൽ ആപ്പും ഇത്തവണ പുറത്തിറക്കുമെന്ന് അധികൃതർ പറഞ്ഞു.
പരിപാടികളുടെ കലണ്ടർ പരിശോധിക്കാനും പുതിയ അറിയിപ്പുകൾ അറിയാനും ക്യാമ്പിങ് സ്ഥലങ്ങളും ആർവി പാർക്കിങ് ( RV Parking) സൗകര്യങ്ങളും ആപ്പിലൂടെ ബുക്ക് ചെയ്യാൻ സാധിക്കും. കൂടാതെ വാണിജ്യ പങ്കാളിത്തത്തിനുള്ള അവസരങ്ങളും ആപ്പിൽ ലഭ്യമാകും. പുതുമകളോടെ ഒരുക്കുന്ന ലിവ വില്ലേജ്, അന്താരാഷ്ട്ര വിനോദപ്രദർശനം, മോട്ടോർ സ്പോർട്സ് ചാമ്പ്യൻഷിപ്പുകൾ, പൈതൃക അനുഭവങ്ങൾ, കുടുംബങ്ങൾക്കായുള്ള വിനോദപരിപാടികൾ എന്നിവയാണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങൾ. കഴിഞ്ഞ വർഷം 23 ദിവസങ്ങളിലായി ഏഴ് ലക്ഷത്തിലധികം സന്ദർശകരാണ് ഫെസ്റ്റിവലിൽ പങ്കെടുത്തത്.
2026ലെ മിഡിൽ ഈസ്റ്റ് ഇവന്റ്സ് അവാർഡിൽ മികച്ച ഫെസ്റ്റിവലിനുള്ള പുരസ്കാരവും ലിവ ഫെസ്റ്റിവലിന് ലഭിച്ചിരുന്നു. ഈ വർഷത്തെ ഫെസ്റ്റിവലിലെ പകുതിയിലധികം റൈഡുകളും വിനോദ ആകർഷണങ്ങളും പുതിയതോ പുതുക്കിയതോ ആയിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സർക്കസ് സ്വിംഗർ (Circus Swinger), ടഗാഡ (Tagada), സ്പേസ് ടവർ (Space Towe) എന്നിവയ്ക്കൊപ്പം പ്ലേ സ്ട്രൈക്ക് (Play Strike), നിൻജ ചലഞ്ച് (Ninja Challenge), പിക്സൽ റൺ (Pixel Run), ഡെസേർട്ട് ഹീസ്റ്റ് ( Desert Heist), ഡ്രിഫ്റ്റ് ട്രൈക്ക് (Drift Trike), ടാർഗറ്റ് ഷൂട്ടിങ് (Target Shooting), ക്ലൈംബ് ക്വസ്റ്റ് (Climb Quest) തുടങ്ങിയവയും ഒരുക്കും.
കൂടാതെ ബഞ്ചി ജംപും (Bungee Jump) ആദ്യമായി ഫെസ്റ്റിവലിന്റെ ഭാഗമാകും. ഫെറിസ് വീൽ, ബമ്പർ കാറുകൾ, സ്ലിങ്ഷോട്ട്, ബൂസ്റ്റർ, ക്ലാസിക് കാറുകൾ, ഗോ വാട്ടർ കാർട്ട്, മിനി ടാങ്ക് പെയിന്റ്ബോൾ, ഹൗസ് ഓഫ് ഹൊറർ, മെയ്സ് അഡ്വഞ്ചർ, 4x4 ട്രാക്ക് തുടങ്ങിയവയും തിരിച്ചെത്തും. നൈട്രോ സർക്കസ് ഡിസംബർ 19, 20 തീയതികളിൽ ആദ്യമായി ഫെസ്റ്റിവലിൽ അരങ്ങേറും. ഫ്രീസ്റ്റൈൽ മോട്ടോക്രോസ്, ബിഎംഎക്സ്, ആസൂത്രിത പ്രകടനങ്ങൾ, പൈറോടെക്നിക് പ്രദർശനങ്ങൾ എന്നിവയുമായി 15ലധികം താരങ്ങൾ മൂന്ന് ഷോകളിൽ പങ്കെടുക്കും. ലിവ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മോട്ടോർ സ്പോർട്സ്, മരുഭൂമി കായിക മത്സരങ്ങൾ നടക്കും.
ഡിസംബർ 11-12, 21-22 തീയതികളിൽ ഫ്രീസ്റ്റൈൽ ഡിസ്പ്ലേ, ഡിസംബർ 13 ന് മോട്ടോർബൈക്ക് ഡ്രാഗ് റേസ്, ഡിസംബർ 14-16 തീയതികളിൽ ഫാൽക്കൺ റേസ്, ഡിസംബർ 18-19, 27- 28 തീയതികളിൽ സാൻഡ് ഫ്രീസ്റ്റൈൽ ഡിസ്പ്ലേ, ഡിസംബർ 20 ന് ലിവ യു.ടി.വി ട്രാക്ക്, ഡിസംബർ 22 -23 തീയതികളിൽ പരമ്പരാഗത പ്രാവ് മത്സരം, ഡിസംബർ 24 ന് ലിവ ബേൺഔട്ട് ചലഞ്ച്, ഡിസംബർ 25- 26 തീയതികളിൽ ലിവ ഡ്രിഫ്റ്റ് എന്നീ മത്സരങ്ങൾ നടക്കും. ഡിസംബർ 30 മുതൽ 2027 ജനുവരി 2 വരെ നടക്കുന്ന തൽ മുറീബ് കാർ ചാമ്പ്യൻഷിപ്പിന്റെ ഫൈനലോടെ മത്സരപരിപാടികൾക്ക് സമാപനമാകും. കൂടാതെ സന്ദർശകർക്കായി വിവിധ കായിക, ഫിറ്റ്നസ് പരിപാടികളും സംഘടിപ്പിക്കും. ഡിസംബർ 19 ന് ലിവ സൈൻ ക്ലൈംബ് ചലഞ്ച്, ഡിസംബർ 21ന് സൈക്ലിങ് മത്സരം, ഡിസംബർ 23 ന് ലിവ ഫെസ്റ്റിവൽ കമ്മ്യൂണിറ്റി റൺ, ഡിസംബർ 24 , 25 തീയതികളിൽ പാഡൽ ടൂർണമെന്റ്, ഡിസംബർ 29 ന് ഫിറ്റ്നസ് ടൂർ എന്നിങ്ങനെയാണ് അവ.
പരമ്പരാഗത എമിറാത്തി അയൽക്കൂട്ടമായ അൽ ഫരീജിന്റെ (Al Fareej) മാതൃകയിലാണ് ഇത്തവണ ഹെറിറ്റേജ് വില്ലേജ് ഒരുക്കുന്നത്. എമിറാത്തി ജീവിത രീതികൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവ നേരിട്ട് പരിചയപ്പെടാനും വിവിധ പരിപാടികളിൽ പങ്കെടുക്കാനും സന്ദർശകർക്ക് അവസരമുണ്ടാകും. ഹൗസ് ഓഫ് പൊയട്രി ആൻഡ് പൊയറ്റ്സ് വഴി നബാത്തി കവിതകളും സമൂഹത്തിന്റെ മൂല്യങ്ങളും അനുഭവങ്ങളും പാരമ്പര്യങ്ങളും പ്രകടിപ്പിക്കുന്നതിൽ കവിതയ്ക്കുള്ള പങ്കും പരിചയപ്പെടുത്തും. പരുന്തുകളെ വളർത്തൽ, പരിശീലിപ്പിക്കൽ, പരിപാലിക്കൽ എന്നിവയുടെ തത്സമയ പ്രദർശനങ്ങളും വിശദീകരണങ്ങളും നടക്കും. പരുന്തുകൾക്കുള്ള പ്രത്യേക ശിരോവസ്ത്രങ്ങളുടെ മാതൃകകൾ നിർമിക്കുന്ന ശിൽപശാലകളിൽ കുട്ടികൾക്കും പങ്കെടുക്കാൻ സാധിക്കും. തീല, കരാബി തുടങ്ങിയ പരമ്പരാഗത കളികൾ, വടംവലി, ഒട്ടകസവാരി, ഈന്തപ്പനയിൽ കയറുന്നതിന്റെ അനുകരണ പ്രവർത്തനം, ഈന്തപ്പനയോല ഉപയോഗിച്ചുള്ള ഉൽപ്പന്ന നിർമാണം, നെയ്ത്ത് ശിൽപശാലകൾ എന്നിവയും ഒരുക്കും.
അതിഥികളെ സ്വീകരിക്കൽ, അഭിവാദ്യം ചെയ്യൽ, ഇരിപ്പിടങ്ങൾ ഒരുക്കൽ, ആതിഥ്യമര്യാദകൾ പാലിക്കൽ തുടങ്ങിയ പരമ്പരാഗത രീതികൾ മജ്ലിസിലൂടെ പരിചയപ്പെടുത്തും. എമിറാത്തി ഗഹ്വ വിളമ്പുന്ന രീതികളും ആതിഥ്യമര്യാദകളും തത്സമയ ശിൽപശാലയിലൂടെ അറിയാം. പ്രധാന ഫെസ്റ്റിവൽ വേദിക്ക് പുറത്ത് അൽ ദഫ്റ മേഖലയിലെ വിവിധ സ്ഥലങ്ങളിൽ പരിപാടികൾ നടക്കും. ലിവ സൈൻ ലാൻഡ് മാർക്ക്, ദഫീർ ഫോർട്ട്, അൽ മീൽ ഫോർട്ട്, അൽ യബാന ഫോർട്ട് എന്നിവിടങ്ങളിൽ വ്യാപാര-ഭക്ഷണശാലാ സൗകര്യങ്ങളും ഖനൂർ ഫോർട്ടിൽ പരമ്പരാഗത എമിറാത്തി കരകൗശല പ്രദർശനങ്ങളും ഒരുക്കും. ലിവയുടെ ചരിത്രവും പൈതൃകവും പരിചയപ്പെടുത്തുന്ന സാംസ്കാരിക പരിപാടികൾ മസൈറ ഫോർട്ടിലും നടക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Liwa International Festival 2027 returns to Al Dhafra from December 11, 2026, to January 2, 2027, featuring desert motorsports, cultural experiences, family entertainment and activities at Liwa Village.