ദുബായിൽ സ്വർണ്ണവിലയിൽ നേരിയ മുന്നേറ്റം. ഇന്നലെ കടുത്ത ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് രാവിലെ ദുബായിലും ആഗോള വിപണിയിലും സ്വർണ്ണവിലയിൽ മുന്നേറ്റമുണ്ടായത്. ബുധനാഴ്ച ഒരു ശതമാനത്തിലധികം ഇടിവ് നേരിട്ട ശേഷമാണ് വിപണിയിൽ വില തിരികെ കയറിയത്. എന്നിരുന്നാലും 24 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 500 ദിർഹത്തിന് താഴെ തന്നെ തുടരുകയാണ്.
ദുബായ് ജ്വല്ലറി ഗ്രൂപ്പിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, വ്യാഴാഴ്ച വിപണി തുറന്നപ്പോൾ 24 കരോട്ട് സ്വർണ്ണത്തിന് ഗ്രാമിന് 499.75 ദിർഹമാണ് വില. ബുധനാഴ്ച വിപണി അടയ്ക്കുമ്പോൾ ഇത് 492.75 ദിർഹമായിരുന്നു. മറ്റ് വിഭാഗങ്ങളിൽ 22 കരോട്ട് സ്വർണ്ണത്തിന് ഗ്രാമിന് 462.75 ദിർഹവും, 21 കരോട്ടിന് 443.50 ദിർഹവും 18 കരോട്ടിന് 380.25 ദിർഹവുമാണ് നിലവിലെ നിരക്ക്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 1.4 ശതമാനം ഉയർന്ന് ഔൺസിന് 4,144 ഡോളറിലെത്തി. സിൽവർ വില 0.4 ശതമാനം വർദ്ധിച്ച് ഔൺസിന് 205.70 ഡോളറായി.
ധൻതേരാസും ദീപാവലിയും അടുത്തിരിക്കെ സ്വർണ്ണവിലയിലുണ്ടായ ഈ താൽക്കാലിക കുറവ് യുഎഇയിലെ പ്രവാസി മലയാളി സമൂഹം ഉൾപ്പെടെയുള്ള ഇന്ത്യൻ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. ഐശ്വര്യത്തിന്റെ പ്രതീകമായി ഉത്സവ സീസണിൽ സ്വർണ്ണ നാണയങ്ങളും ആഭരണങ്ങളും വാങ്ങുന്നത് പതിവായതിനാൽ, നിലവിലെ വിലക്കുറവ് ബജറ്റിൽ ഒതുങ്ങി കൂടുതൽ ആഭരണങ്ങൾ സ്വന്തമാക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
അമേരിക്കയിലെ പണപ്പെരുപ്പ നിരക്കുകൾ പ്രതീക്ഷിച്ചതിലും ഉയർന്നതോടെ യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകളാണ് ബുധനാഴ്ച വില ഇടിയാൻ കാരണമായത്. യുഎസ് ഡോളറിന്റെ ശക്തി, പലിശ നിരക്കുകളെക്കുറിച്ചുള്ള പ്രതീക്ഷകൾ, സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വർണ്ണത്തിന്റെ ആവശ്യകത എന്നിവയാണ് നിലവിൽ വിപണിയെ സ്വാധീനിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Dubai gold prices rebounded on October 15, 2026, with 24-carat gold reaching AED 500 per gram and 22-carat gold rising to AED 463.