ദുബായിയെ കൂടുതൽ ഹരിതാഭവും പരിസ്ഥിതി സൗഹൃദവുമായ നഗരമാക്കി മാറ്റാൻ വിപുലമായ വികസന പദ്ധതികളുമായി ദുബായ് മുനിസിപ്പാലിറ്റി. 2040ഓടെ നഗരത്തിൽ ഏകദേശം 35 മില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാനും 187 ചതുരശ്ര കിലോമീറ്റർ ഹരിത മേഖല വികസിപ്പിക്കാനും നഗരത്തിലെ ഹരിത ഇടങ്ങൾ വർധിപ്പിക്കുകയും താമസക്കാർക്ക് കൂടുതൽ മികച്ച പൊതു വിനോദ മേഖലകൾ ഒരുക്കുകയുമാണ് ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു. ദുബായ് മുനിസിപ്പാലിറ്റി അവതരിപ്പിച്ച സമഗ്ര നഗരവികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ് പുതിയ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചത്.
പ്രതിവർഷം 11 ചതുരശ്ര മീറ്റർ ഹരിത മേഖല ഉറപ്പാക്കുക, എമിറേറ്റിലുടനീളമുള്ള പാർക്കുകളിലേക്കും വിനോദ സൗകര്യങ്ങളിലേക്കും 95 മില്യൺ വാർഷിക സന്ദർശനങ്ങൾ ആകർഷിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. മുഹമ്മദ് ബിൻ റാഷിദ് ലീഡർഷിപ്പ് ഫോറത്തിൽ ‘ദുബായ് മുനിസിപ്പാലിറ്റിയും ലൈഫ് ഇൻ ദുബായ് 2033’ എന്ന വിഷയത്തിൽ നടന്ന സെഷനിലാണ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ ബിൻ ഗാലിറ്റ ഭാവി പദ്ധതികൾ വിശദീകരിച്ചത്. മുനിസിപ്പാലിറ്റിയുടെ എഐ അധിഷ്ഠിത വെർച്വൽ മാധ്യമ വക്താവായ സയീദുമായി നടത്തിയ ഓൺലൈൻ സംവാദത്തിലൂടെയായിരുന്നു അവതരണം.
ഭാവിതലമുറയിലെ നേതാക്കളെ ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പരിഗണിച്ച് മർവാൻ ബിൻ ഗാലിറ്റയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് ലീഡർഷിപ്പ് മെഡൽ സമ്മാനിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി നടത്തിയ സേവനങ്ങൾക്കുള്ള അംഗീകാരമായി ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവിക്ക് മുഹമ്മദ് ബിൻ റാഷിദ് സാഷും സമ്മാനിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലെ 1,000 വ്യക്തിത്വങ്ങളും ആഗോള വിദഗ്ധരും അക്കാദമിക് രംഗത്തെ പ്രമുഖരും സെഷനിൽ പങ്കെടുത്തു. ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടി തിരിച്ചറിയാനുള്ള കഴിവാണ് ദുബായിയെ മാതൃകാ നഗരമാക്കി മാറ്റിയതെന്ന് മർവാൻ ബിൻ ഗാലിറ്റ പറഞ്ഞു. വേഗത്തിലുള്ള തീരുമാനമെടുക്കൽ, ഭാവി സാധ്യതകൾ വിലയിരുത്തൽ, ആവശ്യങ്ങളെയും വെല്ലുവിളികളെയും മികച്ച പദ്ധതികളാക്കി മാറ്റൽ എന്നിവയാണ് ദുബായിയുടെ വളർച്ചയ്ക്ക് കരുത്താകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹരിതമേഖലകളുടെ വികസനത്തിനപ്പുറവും 2040ലെ നഗരവികസന പദ്ധതിയിൽ നിരവധി ലക്ഷ്യങ്ങളുമുണ്ട്. പ്രതിവർഷം 577,000 ത്തിലധികം ഭക്ഷ്യവസ്തുക്കളുടെ പരിശോധന ഉറപ്പാക്കുകയും 2033ഓടെ പുതിയ കെട്ടിടങ്ങളിൽ 40 ശതമാനത്തിലും ആധുനികവും സ്മാർട്ടുമായ നിർമാണ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുകയും ചെയ്യും. മാലിന്യസംസ്കരണ മേഖലയിലും വലിയ മാറ്റങ്ങളാണ് ലക്ഷ്യമിടുന്നത്. മാലിന്യത്തിന്റെ 100 ശതമാനവും ലാൻഡ്ഫില്ലുകളിലേക്ക് പോകുന്നത് ഒഴിവാക്കുകയാണ് പദ്ധതി. ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യയും എഐയും ഉപയോഗിച്ച് നഗരാസൂത്രണവും നഗരത്തിന്റെ ദൈനംദിന നടത്തിപ്പും കൂടുതൽ കാര്യക്ഷമമാക്കുമെന്നും അധികൃതർ അറിയിച്ചു. തുടർച്ചയായ ആറാം വർഷവും ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ദുബായ് അംഗീകരിക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. സുസ്ഥിര അടിസ്ഥാന സൗകര്യ വികസനത്തിനും താമസക്കാരുടെ ക്ഷേമത്തിനും എമിറേറ്റ് നൽകുന്ന പ്രാധാന്യമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്.
നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും മുൻഗണനയുണ്ട്. 30 ബില്യൺ ദിർഹത്തിന്റെ ‘തസ്രീഫ്’ (Tasreef) പദ്ധതിയിലൂടെ മഴവെള്ളം ഒഴുക്കിവിടാനുള്ള ശേഷി 700 ശതമാനം വർധിപ്പിക്കും. പദ്ധതി പൂർത്തിയാകുമ്പോൾ പ്രതിദിനം രണ്ട് കോടി ഘനമീറ്ററിലധികം വെള്ളം കൈകാര്യം ചെയ്യാൻ സംവിധാനത്തിന് ശേഷിയുണ്ടാകും. ദുബായിലെ ജനങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് അവ നിറവേറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും താമസിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനും ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായിയെ നിലനിർത്തുകയാണ് ലക്ഷ്യമെന്നും മർവാൻ ബിൻ ഗാലിറ്റ വ്യക്തമാക്കി.
Content Highlights: Dubai plans to plant around 35 million trees and expand green spaces to 187 square kilometres by 2040 under a comprehensive urban development vision announced by Dubai Municipality.