ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (RTA) ദുബായ് ഐടി അവാർഡ്. സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. നഗരത്തിലെ ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനും താമസക്കാർക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനുമായി ആർടിഎ നടപ്പാക്കിയ പദ്ധതികളിലെ മികവ് പരിഗണിച്ചാണ് പുരസ്കാരമെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.
റെക്കോർഡ് സമയത്തിനുള്ളിൽ ഉയർന്ന നിലവാരത്തോടെ നേട്ടങ്ങൾ കൈവരിക്കുന്ന സമീപനത്തെയാണ് 'ദുബായ് ഐടി' എന്ന ആശയം പ്രതിനിധീകരിക്കുന്നതെന്നും വലിയ പദ്ധതികൾ മുതൽ ചെറിയ കാര്യങ്ങൾ വരെ ആർടിഎ ഈ രീതി പിന്തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബായിലെ പ്രധാന റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ എന്നിവയുടെ നിർമാണ പദ്ധതികൾ ആഗോള നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടി വേഗത്തിലും കാര്യക്ഷമതയിലും പൂർത്തിയാക്കിയതായി ഷെയ്ഖ് ഹംദാൻ ചൂണ്ടിക്കാട്ടി.
പദ്ധതികളുടെ ഗുണനിലവാരം നിലനിർത്തിക്കൊണ്ടാണ് ഈ നേട്ടങ്ങൾ കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദുബായ് മെട്രോയുടെ സമയക്രമ കൃത്യത 99.7 ശതമാനത്തിലെത്തിയതും മെട്രോ ശൃംഖല തുടർച്ചയായി വികസിപ്പിക്കുന്നതും ആർടിഎയുടെ പ്രധാന നേട്ടങ്ങളായി അദ്ദേഹം എടുത്തു പറഞ്ഞു. ഡ്രൈവറില്ലാ ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലും ദുബായ് മുന്നിലുണ്ട്. യാത്രക്കാർക്ക് സുരക്ഷിതമായും വേഗത്തിലും സൗകര്യപ്രദമായും ലക്ഷ്യസ്ഥാനങ്ങളിലെത്താൻ സഹായിക്കുന്ന സ്വയം നിയന്ത്രിത വാഹന സംവിധാനങ്ങൾ ആർടിഎ വികസിപ്പിച്ചുവരികയാണ്.
നഗരത്തിൽ സൈക്കിൾ പാതകളുടെ ശൃംഖലയും വിപുലീകരിച്ചിട്ടുണ്ട്. കാൽനടയാത്ര കൂടുതൽ സൗകര്യപ്രദമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നടപടികൾ. നഗരത്തിന്റെ ആവശ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കുകയും ജനങ്ങളുടെ സമയം വിലമതിക്കുകയും ദുബായിയുടെ വേഗതയും പ്രവർത്തനനിലവാരവും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.
വ്യക്തികൾ, പദ്ധതികൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവയുടെ നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഈ വർഷം ആദ്യം പ്രഖ്യാപിച്ചതാണ് ദുബായ് ഐടി അവാർഡ്. സർക്കാർ, റിയൽ എസ്റ്റേറ്റ്, സമ്പദ്വ്യവസ്ഥ, ബിസിനസ്, സാങ്കേതികവിദ്യ, ആരോഗ്യം, കായികം, വിദ്യാഭ്യാസം, സമൂഹം, സേവനങ്ങൾ തുടങ്ങിയ മേഖലകളിലാണ് പുരസ്കാരം നൽകുന്നത്. വ്യക്തി, പദ്ധതി, സ്ഥാപനം അല്ലെങ്കിൽ കമ്പനി എന്നിങ്ങനെ ഓരോ മേഖലയിലും മൂന്ന് വിഭാഗങ്ങളുണ്ട്. ദുബായിയുടെ വികസന ലക്ഷ്യങ്ങൾക്കനുസരിച്ച് കാര്യക്ഷമതയും ഉയർന്ന നിലവാരവും കൈവരിക്കുന്ന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പുരസ്കാരത്തിന്റെ ലക്ഷ്യം.
Content Highlights: Dubai’s Roads and Transport Authority (RTA) has won the Dubai IT Award in the government institution category for its achievements in developing the city’s transport system and improving services for residents.