യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസുകളിൽ തിരക്കേറിയ സമയങ്ങളിൽ നിരക്ക് വർദ്ധിക്കും. ടിക്കറ്റുകളിൽ 'ഫ്ലെക്സിബിൾ പ്രൈസിങ്' സംവിധാനം നടപ്പാക്കിയതോടെയാണ് പ്രധാന സർവീസുകളുടെ നിരക്കുകളിൽ മാറ്റം വരുന്നത്. യാത്രക്കാരുടെ ഉയർന്ന തിരക്ക്, പീക്ക് ടൈം, സീറ്റുകളുടെ ലഭ്യത, ബുക്ക് ചെയ്യുന്ന സമയം എന്നിവ കണക്കിലെടുത്താണ് പുതിയ നിരക്ക് ഘടന ഏർപ്പെടുത്തിയിരിക്കുന്നത്.
സർവീസ് ആരംഭിച്ചത് മുതൽ ഇത്തിഹാദ് ട്രെയിനുകളിൽ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ സംവിധാനം അനുസരിച്ച് തിരക്കേറിയ സമയങ്ങളിലും വാരാന്ത്യങ്ങളിലും ചില സർവീസുകൾക്ക് നിരക്ക് ഉയരും. സാധാരണയായി കംഫർട്ട് ക്ലാസിൽ 39 ദിർഹത്തിലും പ്രീമിയം ക്ലാസിൽ 109 ദിർഹത്തിലുമാണ് അടിസ്ഥാന നിരക്കുകൾ ആരംഭിക്കുന്നത്. എന്നാൽ തിരക്ക് കൂടിയ സർവീസുകളിൽ കംഫർട്ട് ക്ലാസ് നിരക്ക് 39 ദിർഹത്തിൽ നിന്ന് 59 ദിർഹം വരെയും, പ്രീമിയം ക്ലാസ് നിരക്ക് 109 ദിർഹത്തിൽ നിന്ന് 129 ദിർഹം വരെയും ഉയർന്നേക്കാം.
അതേസമയം, തിരക്ക് കുറഞ്ഞ സമയങ്ങളിലെ 39 ദിർഹം എന്ന പ്രാരംഭ നിരക്കിൽ മാറ്റമുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. ബിസിനസ് യാത്രികർ, വാരാന്ത്യങ്ങളിൽ യാത്ര ചെയ്യുന്നവർ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള യാത്രക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് ടിക്കറ്റ് കാറ്റഗറികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദുബായ് - അബുദാബി റൂട്ടിലും അബുദാബിയിൽ നിന്ന് പുറപ്പെടുന്ന മറ്റ് സർവീസുകളിലും വാരാന്ത്യങ്ങളിൽ വലിയ തിരക്കാണ് നിലവിലുള്ളത്.
യാത്രക്കാർക്ക് മികച്ച നിരക്കുകൾ കാണാനും താരതമ്യം ചെയ്ത് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക ആപ്പ്, വെബ്സൈറ്റ്, സ്റ്റേഷനുകളിലെ ടിക്കറ്റ് വെൻഡിങ് മെഷീനുകൾ എന്നിവ ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.
Content Highlights: Etihad Rail is set to revise its ticket fares, with higher prices for weekend travel. The fare changes may affect passengers planning journeys on the UAE rail network, making it important to check the latest ticket prices before booking.