പ്രവാസി അധ്യാപിക അഞ്ജന സനൽകുമാർ അന്തരിച്ചു; 33 വർഷത്തെ സേവനത്തിൻ്റെ സ്മരണയ്ക്കായി സ്കോളർഷിപ്പുമായി GEMS

ദി വെസ്റ്റ്മിൻസ്റ്റർ സ്കൂളിലെ (TWS) അധ്യാപികയായിരുന്നു അഞ്ജന

ദുബായിൽ GEMS എജുക്കേഷനിൽ 33 വർഷം സേവനം ചെയ്ത ഇന്ത്യൻ പ്രവാസി അധ്യാപിക അഞ്ജന സനൽകുമാർ അന്തരിച്ചു. അഞ്ജനയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ GEMS എജുക്കേഷൻ അവരുടെ സ്മരണയ്ക്കായി സ്കോളർഷിപ്പ് ആരംഭിക്കുമെന്നും അറിയിച്ചു.

ദി വെസ്റ്റ്മിൻസ്റ്റർ സ്കൂളിലെ (TWS) അധ്യാപികയായിരുന്ന അഞ്ജന ഏറെ പ്രിയപ്പെട്ട അംഗമായിരുന്നുവെന്ന് സ്ഥാപനം അനുസ്മരിച്ചു. GEMS എജുക്കേഷൻ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡിനോ വർകി GEMS സമൂഹത്തിന് അയച്ച കത്തിലൂടെയാണ് അഞ്ജനയുടെ മരണവിവരം അറിയിച്ചത്. മരണത്തിന്റെ തീയതി, കാരണം, സ്ഥലം എന്നിവ വ്യക്തമാക്കിയിട്ടില്ല.

33 വർഷത്തോളം GEMS എജുക്കേഷനും വിദ്യാഭ്യാസ മേഖലയ്ക്കുമായി അഞ്ജന സേവനം അനുഷ്ഠിച്ചതായി ഡിനോ വർകി പറഞ്ഞു. നിരവധി വിദ്യാർഥികളെ പഠിപ്പിക്കുകയും മാർഗനിർദേശം, പ്രചോദനം എന്നിവ നൽകുകയും ചെയ്ത അവർ സഹപ്രവർത്തകരുമായി നല്ല ബന്ധങ്ങളും സൗഹൃദങ്ങളും സ്ഥാപിച്ചിരുന്നതായും അദ്ദേഹം അനുസ്മരിച്ചു. അഞ്ജനയുടെ 33 വർഷത്തെ സേവനത്തിന് ആദരമായി ദി വെസ്റ്റ്മിൻസ്റ്റർ സ്കൂളിൽ അഞ്ജന സനൽകുമാർ മെമ്മോറിയൽ സ്കോളർഷിപ്പ് സ്ഥാപിക്കുമെന്ന് GEMS അധികൃതർ അറിയിച്ചു. സ്കോളർഷിപ്പിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.

വ്യാഴാഴ്ച (ഒക്ടോബർ 8) നടക്കുന്ന അനുസ്മരണ ചടങ്ങിൽ എത്തിച്ചേരാൻ അഞ്ജനയെ അറിയുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവരോടും അവരുടെ ഓർമകൾ പങ്കുവെക്കാൻ ദി വെസ്റ്റ്മിൻസ്റ്റർ സ്കൂൾ അഭ്യർഥിച്ചു. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്കായി അനുസ്മരണ ചടങ്ങ് വൈകിട്ട് 3 മണിക്ക് ഓൺലൈനായി സംപ്രേഷണം ചെയ്യുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു.

Content Highlights: GEMS Education has announced a scholarship in memory of Indian expatriate teacher Anjana Sanalkumar, who served the institution for 33 years in Dubai.

To advertise here,contact us