ഗതാഗത നിയമലംഘനം; 408 ഇലക്ട്രിക് സ്കൂട്ടറുകളും ഇ-ബൈക്കുകളും പിടിച്ചെടുത്ത് ദുബായ് പൊലീസ്

റോഡ് അപകടങ്ങളും പരിക്കുകളും കുറയ്ക്കുകയും ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ പൊതുജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുകയുമാണ് നടപടിയുടെ ലക്ഷ്യമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി

ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി ഗോൾഡ് സൂഖ് മേഖലയിൽ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ 408 ഇലക്ട്രിക് സ്കൂട്ടറുകളും ഇ-ബൈക്കുകളും സൈക്കിളുകളും ദുബായ് പൊലീസ് പിടിച്ചെടുത്തു.

നൈഫ് പൊലീസ് സ്റ്റേഷനും ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക്കുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് 300 ഇലക്ട്രിക് സ്കൂട്ടറുകൾ, 50 ഇലക്ട്രിക് ബൈക്കുകൾ, 58 സൈക്കിളുകൾ എന്നിവ പിടിച്ചെടുത്തത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനാലാണ് ഇവയുടെ ഉടമകൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.

റോഡ് അപകടങ്ങളും പരിക്കുകളും കുറയ്ക്കുകയും ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ പൊതുജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുകയുമാണ് നടപടിയുടെ ലക്ഷ്യമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. ട്രാഫിക് ബോധവൽക്കരണത്തിന് ദുബായ് പൊലീസ് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്ന് നൈഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഒമർ മൂസ അഷൂർ പറഞ്ഞു. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി വിവിധ ബോധവൽക്കരണ പരിപാടികൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കൂട്ടർ, സൈക്കിൾ ഉപയോക്താക്കളെ ഗതാഗത നിയമങ്ങളെക്കുറിച്ചും നിശ്ചിത പാതകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സുരക്ഷാ ഉപകരണങ്ങൾ ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരിക്കുന്നതിലും ക്യാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൊത്തം 932 പേർക്ക് ബോധവൽക്കരണ പരിപാടികളിലൂടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. മേഖലയിലെ നിരവധി തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു. സ്കൂട്ടറുകളും സൈക്കിളുകളും ഓടിക്കുന്നവർ നിർദ്ദിഷ്ട പാതകൾ മാത്രം ഉപയോഗിക്കുകയും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ധരിക്കുകയും നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

സ്കൂട്ടറുകൾക്കും സൈക്കിളുകൾക്കും അനുവദിക്കാത്ത സ്ഥലങ്ങളിൽ സഞ്ചരിക്കുന്നത് വാഹനമോടിക്കുന്നവരിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും അപകടസാധ്യത വർധിപ്പിക്കാനും ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റോഡ് ഉപഭോക്താക്കളിൽ സുരക്ഷിതമായ പെരുമാറ്റം വളർത്താൻ സമൂഹ-മാധ്യമ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടർന്നും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Dubai Police seized 408 electric scooters, e-bikes and bicycles during a road safety campaign targeting traffic violations and unsafe riding practices in the Gold Souk area.

To advertise here,contact us