യുഎഇയിൽ ഇന്ന് താപനില ഉയർന്ന നിലയിൽ തന്നെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയ്ക്കാണ് സാധ്യത. പ്രത്യേകിച്ച് കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ അന്തരീക്ഷം കൂടുതൽ മേഘാവൃതമായി കാണപ്പെടും. കഴിഞ്ഞ ദിവസങ്ങളിൽ ചിലയിടങ്ങളിൽ മഴ ലഭിച്ചിരുന്നെങ്കിലും വരും ദിവസങ്ങളിൽ പ്രധാനമായും തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
രാജ്യത്തെ പ്രധാന നഗരങ്ങളായ അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ പരമാവധി താപനില 43 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അതേസമയം, ഉൾനാടൻ പ്രദേശങ്ങളിൽ ചൂട് കൂടുതൽ കടുക്കുമെന്നും താപനില 47 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. എന്നാൽ രാത്രിയോടെ ചൂടിന് നേരിയ ശമനമുണ്ടാകും. അബുദാബിയിലും ദുബായിലും രാത്രി താപനില 33 ഡിഗ്രി വരെയും ഷാർജയിൽ 31 ഡിഗ്രി വരെയും താഴാൻ സാധ്യതയുണ്ട്.
കാറ്റിന്റെ ഗതി തെക്കുകിഴക്ക് നിന്ന് വടക്കുകിഴക്ക് ദിശയിലേക്ക് ആയിരിക്കും. മണിക്കൂറിൽ 25 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 35 കിലോമീറ്റർ വരെ ഉയർന്നേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നതിനാൽ കടലിൽ പോകുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളൊന്നുമില്ല.
Content Highlights: Hot weather is expected to continue across the UAE today, with temperatures remaining in the low 40s. Dubai could reach around 42°C, while some parts of the country may experience even higher temperatures.