യുഎഇയിൽ പുതിയ അധ്യയന വർഷം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ദുബായിലെ വിദ്യാർത്ഥികളെ തേടി ആവേശകരമായ വാർത്തയെത്തിയിരിക്കുകയാണ്. തുടർച്ചയായ ഒമ്പത് ദിവസത്തെ അവധി ദിവസങ്ങളാണ് കുട്ടികളെ കാത്തിരിക്കുന്നത്. മുൻ വർഷങ്ങളിൽ ഒക്ടോബറിൽ മൂന്നാം വാരത്തിൽ നൽകിയിരുന്ന അവധി ഇത്തവണ ഒരാഴ്ച മുമ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതുക്കിയ കലണ്ടർ അനുസരിച്ച്, ഒക്ടോബർ 12 തിങ്കൾ മുതൽ ഒക്ടോബർ 16 വെള്ളി വരെയാണ് സ്കൂളുകൾക്ക് ഔദ്യോഗികമായി ഹാഫ്-ടേം അവധി ലഭിക്കുക. ഇതിനൊപ്പം രണ്ട് ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുന്നതോടെ ആകെ അവധി ഒമ്പത് ആകും. അതായത് ഒക്ടോബർ 10 ശനിയാഴ്ച മുതൽ ഒക്ടോബർ 18 ഞായറാഴ്ച വരെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഉണ്ടായിരിക്കില്ല. തുടർന്ന് ഒക്ടോബർ 19 തിങ്കളാഴ്ചയായിരിക്കും സ്കൂളുകൾ വീണ്ടും തുറക്കുക.
ദുബായ് ബ്രിട്ടീഷ് സ്കൂൾ, സഫാ ബ്രിട്ടീഷ് സ്കൂൾ, അറബ് യൂണിറ്റി സ്കൂൾ തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി തീയതികളിലെ മാറ്റം വ്യക്തമാക്കി രക്ഷിതാക്കൾക്ക് അറിയിപ്പ് അയച്ചിട്ടുണ്ട്. മുമ്പ് ഒക്ടോബർ 19 മുതൽ 23 വരെ അവധി തീരുമാനിച്ചിരുന്ന സ്കൂളുകളാണ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ നിർദ്ദേശപ്രകാരം പുതിയ തീയതികൾ പ്രാബല്യത്തിൽ വരുത്തിയത്.
തുടർച്ചയായി ഒമ്പത് ദിവസത്തെ അവധി ലഭിക്കുന്നത് കുടുംബങ്ങൾക്ക് ചെറുയാത്രകൾ പ്ലാൻ ചെയ്യാനും വിശ്രമിക്കാനും മികച്ച അവസരമാണ് ഒരുക്കുന്നത്. എന്നാൽ എല്ലാ സിലബസ് സ്കൂളുകൾക്കും ഈ തീയതികൾ ഒരുപോലെ ബാധകമല്ല. ഇന്ത്യൻ സിലബസ് ഉൾപ്പെടെയുള്ള ഏഷ്യൻ സ്കൂളുകൾക്കും മറ്റ് എമിറേറ്റുകളിലെ സ്ഥാപനങ്ങൾക്കും സ്വന്തമായ കലണ്ടറുകൾ ഉണ്ടാകാം. അതിനാൽ യാത്രകളോ മറ്റ് പരിപാടികളോ പ്ലാൻ ചെയ്യുന്നതിന് മുമ്പായി രക്ഷിതാക്കൾ കുട്ടികളുടെ സ്കൂളിൽ നിന്നുള്ള ഔദ്യോഗിക കലണ്ടർ പരിശോധിച്ച് അവധി ദിവസങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്.
Content Highlights: Dubai students are set to enjoy a nine-day consecutive school holiday. The extended break will give students and families more time to celebrate, relax, travel and spend quality time together.